കണ്ണൂര്‍: ആന്തൂരില്‍ പ്രവാസിവ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയെ വിമര്‍ശിച്ച് സി.പി.എം. നേതാവ് പി. ജയരാജന്‍. ജനപ്രതിനിധികള്‍ക്ക് നഗരസഭ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനായില്ലെന്നും പാറയില്‍ സാജന്റെ ഭാര്യ ബീനയുടെ പരാതിയില്‍ നടപടി സ്വീകരിക്കുമെന്നും ജയരാജന്‍ പറഞ്ഞു. ധര്‍മ്മശാലയില്‍ സി.പി.എം. സംഘടിപ്പിച്ച വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കാണ് പൂര്‍ണഅധികാരം. ജനപ്രതിനിധികള്‍ക്ക് അക്കാര്യത്തില്‍ ഒരു ഇടപെടലും നടത്താനാകില്ല. എന്നാല്‍ ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ പറയുന്നത് കേട്ട് നടക്കുകയല്ല വേണ്ടത്- പി. ജയരാജന്‍ പറഞ്ഞു. ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ. ശ്യാമള വേദിയിലിരിക്കെയായിരുന്നു ജയരാജന്റെ വിമര്‍ശനം. 

ആന്തൂരിലെ പ്രവാസിവ്യവസായി പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി.പി.എമ്മിനെതിരേ രൂക്ഷവിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് സി.പി.എം വിശദീകരണയോഗം സംഘടിപ്പിച്ചത്. പി.കെ. ശ്യാമളക്കെതിരെ പാര്‍ട്ടിക്കുള്ളില്‍നിന്നുപോലും എതിര്‍പ്പ് ശക്തമായതും നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു. 

Content Highlights: Anthoor Municipality Controversy; p jayarajan against pk shyamala