തിരുവനന്തപുരം: കോവിഡ് രോഗിയായിരുന്ന ആനാട് സ്വദേശി ആത്മഹത്യ ചെയ്തതിനു പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വീണ്ടും ആത്മഹത്യ. കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന നെടുമങ്ങാട് സ്വദേശി മുരുകേശനാണ് (38) മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം.

കോവിഡ് ബാധ സംശയിച്ച് ചൊവ്വാഴ്ചയാണ് മുരുകേശനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച വൈകിട്ട് ഐസൊലേഷന്‍ മുറിയില്‍ ഉടുമുണ്ട് ഫാനില്‍ കെട്ടി തൂങ്ങിയ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

രാവിലെ മരിച്ച ആനാട് സ്വദേശിയേപ്പോലെതന്നെ ഇയാളും മദ്യാപാനാസക്തിയുള്ള ആളായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട മാനസിക, ശാരീരിക അസ്വസ്ഥതകള്‍ ഇയാള്‍ക്കുണ്ടായിരുന്നു എന്നാണ് സൂചന. 

ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആനാട് സ്വദേശി ഉണ്ണി (33) തൂങ്ങിമരിച്ചത്. ഐസൊലേഷന്‍ മുറിയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയ ഇയാളെ ഗുരുതര നിലയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു.

കോവിഡ്-19 രോഗത്തിന് ചികിത്സയിലായിരുന്ന ഉണ്ണി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഇന്നലെ മുങ്ങിയിരുന്നു. ആശുപത്രി വേഷത്തില്‍ത്തന്നെ ഓട്ടോയിലും ബസിലും കയറി വീടിന് അടുത്തെത്തിയ ഇയാളെ നാട്ടുകാര്‍ തടഞ്ഞുവച്ചു. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനു ശേഷം ആരോഗ്യപ്രവര്‍ത്തകരെത്തി ദിശയുടെ വാഹനത്തില്‍ ഇയാളെ വീണ്ടും മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോകുകയായിരുന്നു. 

Content Highlights: Another suicide in Thiruvananthapuram  Medical College