പരിക്കേറ്റ ജ്യോതിമോൻ, കെ സുരേന്ദ്രൻ | Photo: Mathrubhumi, PP Manoj
റാന്നി : പെരുനാട്ടിൽ ഞായറാഴ്ച ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പങ്കെടുക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിന്റെ അനൗൺസ്മെന്റ് നടത്തിക്കൊണ്ടിരുന്ന ജീപ്പ് ഒരു സംഘം ആൾക്കാർ തടഞ്ഞ് ഓടിച്ചിരുന്ന ഉടമയെ മർദിച്ചു. മിക്സറും ആംപ്ലിഫെയറുമടക്കം സാധനങ്ങൾക്ക് നാശം വരുത്തി. മർദനമേറ്റ സൗണ്ട്സ് ഉടമ ടി.ജ്യോതിമോനെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡി.വൈഎഫ്.ഐ.പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ബി.ജെ.പി. നേതാക്കൾ ആരോപിച്ചു. സി.പി.എം.നേതാവിന്റെ മകന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് ഇവർ പറഞ്ഞു. പെരുനാട്ടിൽ സി.പി.എം-ബി.ജെ.പി. പ്രവർത്തകർ തമ്മിൽ പഞ്ചായത്തിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നടന്നുവരികയാണ്. വ്യക്തിയെ ആക്ഷേപിക്കുന്ന തരത്തിലുള്ള അനൗൺസ്മെന്റ് നടത്തിയതാണ് സംഭവത്തിന് കാരണമെന്നും കൂടുതൽ അന്വേഷിച്ചുവരികയാണെന്നും പെരുനാട് പോലീസ് പറഞ്ഞു.
ശനിയാഴ്ച വൈകീട്ട് നാലുമണിയോടെ പെരുനാട് മുണ്ടൻമലയിലാണ് സംഭവം. വിശദീകരണ യോഗത്തിന്റെ അനൗൺസ്മെന്റ് രാവിലെ 9.30 മുതൽ നടന്നുവരികയായിരുന്നു. ജ്യോതി മാത്രമാണ് ജീപ്പിലുണ്ടായിരുന്നത്. സംഭവത്തെ പറ്റി ജ്യോതി പറയുന്നതിങ്ങനെ. നാലുമണിയോടെ പോലീസ് സ്റ്റേഷനിൽ നിന്നും ഫോണിൽ വിളിച്ചു.
അനൗൺസ്മെന്റിന് അനുവാദം നൽകിയിട്ടില്ലെന്നും നിങ്ങളെ ഉപദ്രവിക്കാൻ ആൾക്കാർ എത്തുന്നുണ്ടെന്നും അറിയിച്ചു. എത്രയുംവേഗം അനൗൺസ്മെന്റ് നിർത്തി ബോക്സും മറ്റും അഴിച്ച് മാറ്റി പോലീസ് സ്റ്റേഷനിലേക്ക് ജീപ്പുമായി എത്താനും നിർദേശിച്ചു. ഉടൻ മൈക്ക് ഓഫ് ചെയ്ത് ജീപ്പ് മുന്നോട്ടെടുത്തപ്പോഴേക്കും ബൈക്കിലെത്തിയ രണ്ടുപേർ വാഹനം തടഞ്ഞുനിർത്തി താക്കോലൂരിയെടുത്തു. ജീപ്പിലുണ്ടായിരുന്ന പെൻഡ്രൈവും കൈവശപ്പെടുത്തി. ഇതിനുള്ളിൽ കുറെ പേർ ബൈക്കിലെത്തി തന്നെ അടിച്ചുവീഴ്ത്തി. ജീപ്പിലുണ്ടായിരുന്ന ആംപ്ലിഫെയറും മിക്സറും പുറത്തേക്ക് എറിഞ്ഞ് നശിപ്പിച്ചു. വീണ്ടും മർദനം തുടർന്നപ്പോൾ സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ എത്തി ബലമായി ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. കൊന്നുകളയുമെന്നും ജീപ്പ് കത്തിക്കുെമന്നും പറഞ്ഞ് വീണ്ടും ഓടിയടുത്തപ്പോഴേക്കും കരഞ്ഞുകൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. എസ്.സി. വിഭാഗത്തിൽപെട്ട തന്നെ ജാതീയമായി അധിക്ഷേപിച്ചു. ഓട്ടോറിക്ഷയിൽ കയറി റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നുവെന്നും ജ്യോതി പറഞ്ഞു.
പെരുനാട് എസ്.എച്ച്.ഒ. രാജീവ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ജീപ്പ്, സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവമറിഞ്ഞ് ബി.ജെ.പി. ജില്ലാ സെക്രട്ടറി ഷൈൻ ജി.കുറുപ്പ്, സംസ്ഥാന കൗൺസിലംഗം പി.വി.അനോജ് കുമാർ, മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാർ, പെരുനാട് ഗ്രാമപ്പഞ്ചായത്തംഗം അരുൺ അനിരുദ്ധൻ തുടങ്ങിയവർ താലൂക്ക് ആശുപത്രിയിലെത്തി. 2018-ൽ പ്രളയമുണ്ടായപ്പോൾ പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് രാത്രി മണിക്കൂറുകൾ ജ്യോതി അനൗൺസ്മെന്റ് നടത്തി നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു ഈ സമയം സ്വന്തം കട വെള്ളത്തിൽ മുങ്ങി 28 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ജ്യോതി പറഞ്ഞു. ഒരുരൂപ പോലും ആരും തന്ന് സഹായിച്ചില്ല -ജ്യോതിമോൻ പറഞ്ഞു.
Content Highlights: announcement of k surendrans meeting driver assaulted
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..