അധ്യാപികയെ സസ്‌പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളും പഞ്ചായത്ത് അധികൃതരും തമ്മിലുണ്ടായ വാക്കേറ്റം | Photo: Special Arrangement
കോഴിക്കോട്: വാര്‍ഷികാഘോഷം സംഘടിപ്പിച്ചതിന്റെ പേരില്‍ ശിശുമന്ദിരം അധ്യാപികയെ കാരശേരി ഗ്രാമപ്പഞ്ചായത്ത് സസ്‌പെന്‍ഡ് ചെയ്തതായി പരാതി. പഞ്ചായത്ത് അധികൃതരുടെ അനുമതി വാങ്ങാതെ വാര്‍ഷികാഘോഷം സംഘടിപ്പിച്ചുവെന്ന് കാണിച്ച് കളരിക്കണ്ടി ശിശുമന്ദിരം അധ്യാപിക സുബൈദയെ സസ്‌പെന്‍ഡ് ചെയ്തെന്നാണ് പരാതി. ഫെബ്രുവരി നാലിനായിരുന്നു വാര്‍ഷികാഘോഷം സംഘടിപ്പിച്ചത്.
സസ്‌പെന്‍ഷന്‍ നടപടിക്കെതിരേ കാരശേരി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ രക്ഷിതാക്കള്‍ പ്രതിഷേധിച്ചു. വര്‍ഷങ്ങളായി കുട്ടികള്‍ക്കുവേണ്ടി ഒരു പരിപാടിയും സംഘടിപ്പിക്കാത്ത സാഹചര്യത്തിലാണ് നാട്ടുകാരുടേയും രക്ഷിതാക്കളുടേയും നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിച്ചതെന്നും അതില്‍ അധ്യാപികയെ പ്രതിസ്ഥാനത്ത് നിര്‍ത്തേണ്ടതില്ലന്നും ഇവര്‍ പറയുന്നു. ഇതിനായി നാട്ടുകാരുടേയും രക്ഷിതാക്കളുടേയും നേതൃത്വത്തില്‍ വാര്‍ഡ് മെമ്പര്‍ കണ്‍വീനറായി സ്വഗതസംഘം രൂപീകരിക്കുകയും ചെയ്തു.
അതേസമയം, ഫെബ്രുവരി ഒന്നിനുതന്നെ കലോത്സവം സംബന്ധിച്ച് ഗ്രാമപഞ്ചായത്തില്‍ രേഖാമൂലം അറിയിപ്പ് നല്‍കിയിരുന്നതായി വാര്‍ഡ് മെമ്പര്‍ ഇ.പി അജിത്ത് പറഞ്ഞു. ആഘോഷപരിപാടികള്‍ക്കായി ഓരോ രക്ഷിതാവും 1,500 രൂപ വീതം നല്‍കാമെന്ന് ആഘോഷക്കമ്മിറ്റിയില്‍ രക്ഷിതാക്കള്‍ തന്നെയാണ് പറഞ്ഞത്. പണപ്പിരിവിനായി കൂപ്പണും അച്ചടിച്ചു. പഞ്ചായത്ത് ഫണ്ടോ പഞ്ചായത്ത് തല പരിപാടിയോ അല്ലാത്തതിനാല്‍ അനുമതിയുടെ ആവശ്യമില്ലെന്നും എന്നിരുന്നാലും രേഖാമൂലം അറിയിച്ചിരുന്നതായും വാര്‍ഡ് മെമ്പര്‍ പറയുന്നു.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിതയായ അധ്യാപികയെ സസ്‌പെന്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമം പാലിക്കാതെയാണ് നടപടിയെന്നും ആക്ഷേപമുണ്ട്. അതേസമയം, കലോത്സവത്തിന്റെ പേരില്‍ പിരിവ് നടത്തുന്നത് ശ്രദ്ധയില്‍ പെട്ട സാഹചര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും അധ്യാപിക ചെവിക്കൊള്ളാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ സത്യന്‍ മുണ്ടയില്‍ പറഞ്ഞു. പഞ്ചായത്ത് ഫണ്ട് നല്‍കാമെന്ന് പറഞ്ഞെങ്കിലും അധ്യാപിക നിരസിച്ചെന്നും ചെയര്‍മാന്‍ പറഞ്ഞു
നടപടിക്കെതിരേ ഇടത് മെമ്പര്‍മാരും പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രഷേധിച്ചു. അടുത്ത തിങ്കളാഴ്ചയ്ക്കകം പ്രശ്‌നം പരിഹരിക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതോടെയാണ് രക്ഷിതാക്കള്‍ പിരിഞ്ഞു പോയത്. സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഇടത് മുന്നണി മെമ്പര്‍മാര്‍ ഭരണ സമിതി യോഗം ബഹിഷ്‌കരിച്ചിരുന്നു.
Content Highlights: Anniversary programme organised; grama panchayath suspends teacher
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..