അഞ്ജുശ്രീ പാർവതി
കാസര്‍കോട്: ബേനൂര്‍ ബാലവേദിയിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം പുതുവര്‍ഷപ്പിറവിയെ നൃത്തംചെയ്ത് സ്വീകരിച്ച് അഞ്ജുശ്രീ പാര്‍വതി മടങ്ങിയത് മരണത്തിലേക്ക്. ഭഗത്സിങ് ബാലവേദി സി.പി.ഐ. ലോക്കല്‍ കമ്മിറ്റി ഓഫീസായ കൃഷ്ണപ്പിള്ള മന്ദിരത്തില്‍ ഡിസംബര്‍ 31-ന് സംഘടിപ്പിച്ച ആഘോഷത്തില്‍ അഞ്ജുശ്രീ ആദ്യവസാനമുണ്ടായിരുന്നതായി നാട്ടുകാര്‍ കണ്ണീരോടെ ഓര്‍ക്കുന്നു.
രാത്രി ഒന്‍പതോടെയാണ് അമ്മയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം അവള് വീട്ടിലേക്ക് മടങ്ങിയത്. അതിനുശേഷമാണ് ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. ഡിസംബര്‍ 24 മുതല്‍ 30 വരെ മൂഡംബയല്‍ ഹൈസ്കൂളില്‍ നടന്ന നാഷണല്‍ സര്‍വീസ് സ്കീം ക്യാമ്പിലും അഞ്ജുശ്രീ സജീവമായിരുന്നു. അതില്‍ മികച്ച വൊളന്റിയറായും തിരഞ്ഞെടുക്കപ്പെട്ടു.
ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്നു അഞ്ജുശ്രീയുടെ പത്താംതരം വരെയുള്ള പഠനം. പ്ലസ്വണ്ണിന് പരവനടുക്കത്തെ ചെമ്മനാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ചേര്‍ന്നു. പ്രവാസിയായിരുന്ന അച്ഛന് കുമാരന് നായര്‍ 15 വര്‍ഷം മുന്‍പാണ് മരിച്ചത്. അതിനുശേഷം ജീവിതം മുന്നോട്ട് തുഴയുന്നതിന് അമ്മ അംബികയ്ക്കൊപ്പം സദാസമയവും അഞ്ജുശ്രീയും ഉണ്ടാകുമായിരുന്നെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.
മരണവിവരം അറിഞ്ഞ് എം.എല്‍.എ.മാരായ ഇ.ചന്ദ്രശേഖരന്, എന്‍.എ.നെല്ലിക്കുന്ന്, സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്, സി.പി.ഐ. സംസ്ഥാന കമ്മിറ്റിയംഗം ടി.കൃഷ്ണന്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി.രാംദാസ്, ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന, എ.എസ്.പി. നദീമുദ്ദീന്‍, മേല്‍പ്പറമ്പ് ഇന്‍സ്പെക്ടര്‍ വി.ഉത്തംദാസ് തുടങ്ങിയവര്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെത്തിയിരുന്നു.
ഹോട്ടല്‍ പൂട്ടി, മൂന്നുപേര്‍ കസ്റ്റഡിയില്‍
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 31-ന് ഉച്ചയ്ക്ക് ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി, മയോണൈസ്, ഗ്രീന്‍ ചട്ണി, ചിക്കന്‍ 65 എന്നിവ അഞ്ജുശ്രീ, സഹോദരന് ശ്രീകുമാര്‍, അമ്മ അംബിക, പിതൃസഹോദരിയുടെ മക്കളായ അനുശ്രീ, ശ്രീനന്ദന എന്നിവര്‍ കഴിച്ചിരുന്നു. അഞ്ജുശ്രീയും അനുശ്രീയും മാത്രമേ ചട്ണി അധികം കഴിച്ചുള്ളൂ. രണ്ടുപേര്‍ക്കും ഒന്നിന് രാവിലെ ഛര്‍ദിയും പനിയും കടുത്ത ക്ഷീണവും അനുഭവപ്പെട്ടു. അഞ്ജുശ്രീ നാട്ടിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സ തേടി. അസുഖം കുറയാത്തതിനാല്‍ തൊട്ടടുത്ത ദിവസവും അതേ ആസ്പത്രിയില്‍ എത്തി. വീട്ടിലെത്തിയെങ്കിലും വെള്ളിയാഴ്ച രാവിലെ ആരോഗ്യസ്ഥിതി വഷളായി. കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ കാണിച്ച് മംഗളൂരുവിലേക്ക് മാറ്റി. ശരീരം മരുന്നിനോട് പ്രതികരിക്കാതിരുന്നതോടെ ശനിയാഴ്ച പുലര്‍ച്ചെ 5.17-ന് മരിച്ചു.
അടുക്കത്ത്ബയല്‍ അല്‍ റൊമാന്‍സിയ ഹോട്ടലില്‍നിന്നുള്ള ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതരെത്തി സാംപിളുകള്‍ ശേഖരിച്ചു. ഇവരും പോലീസും ചേര്‍ന്ന് ഹോട്ടല്‍ പൂട്ടി. ലൈസന്‍സും സസ്പെന്‍ഡ് ചെയ്തു.
ഹോട്ടല്‍ ഉടമ ഏരിയാല്‍ ബ്ലാര്‍ക്കോട് ഫാത്തിമ ക്വാര്‍ട്ടേഴ്സില്‍ അബ്ദുള്‍ ഖാദര്‍ (58) , പാചകക്കാരന് മലപ്പുറം നാടി പ്രായയിലെ എന്‍.പി. സുരേഷ് (50), സഹായി ഉത്തര്‍പ്രദേശ് ഫൈസാബാദിലെ സോനു (24) എന്നിവരെ കാസര്‍കോട് ടൗണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അസ്വാഭാവിക മരണത്തിന് മേല്‍പ്പറമ്പ് പോലീസ് കേസെടുത്തു.
കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലില്‍നിന്ന് വരുത്തിയ അല്‍ഫാം കഴിച്ച് വിഷബാധയുണ്ടായി കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്സിങ് ഓഫീസര്‍ തിരുവാര്‍പ്പ് കിളിരൂര്‍ പാലത്തറ രശ്മി രാജ്(33) ജനുവരി രണ്ടിന് മരിച്ചിരുന്നു. ഹോട്ടല്‍ ഭക്ഷണത്തിന്റെ ഗുണനിലവാരവും പരിശോധനകളില്ലാത്തതിന്റെ പ്രശ്നവും ചര്‍ച്ചയാവുന്നതിനിടെയാണ് വീണ്ടും മരണം.
Content Highlights: anjusree parvathi food poisoing death case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..