മൂന്നാർ: മൂന്നാറില്‍ ഗര്‍ഭിണിയായ നായയെ കമ്പികൊണ്ട് തേയിലത്തോട്ടത്തില്‍ കെട്ടിയിട്ടിട്ട് ഉടമ കടന്നു കളഞ്ഞു. കമ്പിയില്‍ കുരുങ്ങി അഞ്ചു കുഞ്ഞുങ്ങളെ പ്രസവിച്ച നായയ്ക്ക് കുഞ്ഞുങ്ങളെ പാലൂട്ടാനാവാതെ കുടുങ്ങിക്കിടക്കുന്ന കാഴ്ച ദയനീയമാണ്.

പഴയ മൂന്നാറിലാണ് സംഭവം. അമ്മയും അഞ്ചു കുഞ്ഞുങ്ങളും ജീവനു വേണ്ടി മനുഷ്യന്റെ സഹായം തേടുകയാണ്. ഗര്‍ഭിണിയായ വളര്‍ത്തുനായയെ തേയിലത്തോട്ടത്തില്‍ ഉപേക്ഷിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അഴിച്ചു വിട്ടാല്‍ യജമാനനെ തേടിയെത്തിയേക്കുമെന്ന് ഭയപ്പെട്ടിട്ടാവണം നായയെ കെട്ടിയിട്ടത്.  

അവിടെക്കിടന്നാണ്  നായ അഞ്ചുകുഞ്ഞുങ്ങളെ പ്രസവിച്ചത്. പട്ടിക്കുഞ്ഞുങ്ങളുടെ കരച്ചില്‍ കേട്ടെത്തിയ അടുത്തവീട്ടിലെ മനുഷ്യരാണ് ഈ ദയനീയ കാഴ്ച കാണുന്നത്. അപ്പോഴേക്കും അമ്മയും കുഞ്ഞും അവശനിലയിലായിരുന്നു.

ഫയര്‍‌സ്റ്റേഷൻകാരെയും പഞ്ചായത്തിനെയും വിവരമറിയിച്ചിട്ടും ആരും സ്ഥലത്തെത്തി ഉടനെ രക്ഷാപ്രവര്‍ത്തനം നടത്തിയില്ല. പരിചയമില്ലാത്തവര്‍ അടുത്തേക്കു വരുമ്പോള്‍ നായ പ്രതിരോധിക്കുകയാണ് അതിനാല്‍ അഴിച്ചുവിടാനോ ഭക്ഷണം നല്‍കാനോ കഴിയുന്നില്ല. 

content highlights: Animal cruelty in munnar