അനിൽ ആന്റണി
വിവാദങ്ങളോടെയായിരുന്നു നാല് വര്‍ഷം മുമ്പ് അനില്‍ ആന്റണിയുടെ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പ്. വിവാദം സൃഷ്ടിച്ചുകൊണ്ട് തന്നെ അദ്ദേഹം കോണ്‍ഗ്രസിനോട് സലാം പറഞ്ഞിരിക്കുകയാണിപ്പോള്‍. മക്കള്‍ രാഷ്ട്രീയത്തെ എതിര്‍ത്ത് രംഗത്ത് നിന്നിരുന്ന എ.കെ.ആന്റണിയുടെ മകന് 2019-ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ കോര്‍ഡിനേറ്ററായി നിയമിക്കപ്പെടുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന് അധ്യക്ഷന്‍ ആയിരിക്കെ കെപിസിസിയുടെ മീഡിയ സെല്‍ തലവനായിരുന്ന ശശി തരൂരാണ് അനില്‍ ആന്റണിയെ ഈ ചുമതലയിലേക്ക് കൊണ്ടുവന്നത്. കാര്യമായ രാഷ്ട്രീയ പരിചയമൊന്നും ഇല്ലാതിരുന്ന അനില്‍ ആന്റണിയെ ഈ സ്ഥാനത്തേക്ക് നിയോഗിച്ചത് പാര്‍ട്ടിയില്‍ വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. പല യുവനേതാക്കളും പരസ്യമായി രംഗത്തുവരികയും ചെയ്യുകയുണ്ടായി.
'അച്ഛനോ അമ്മയോ നേതാവാണെന്നത് കൊണ്ട് ആര്‍ക്കും രാഷ്ട്രീയത്തില്‍ മൗലികാവകാശമില്ല എന്നാല്‍ അത് ഒരു അയോഗ്യതയായി കാണേണ്ടതില്ല' വിവാദങ്ങളോട് അനില്‍ ആന്റണി അന്ന് പ്രതികരിച്ചു.
എന്നാല്‍ നാല് വര്‍ഷം മുമ്പ് കെപിസിസി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റായി രാഷ്ട്രീത്തിലേക്ക് രംഗപ്രവേശം നടത്തിയ അനില്‍ ആന്റണിക്ക് അതിന് മുകളിലേക്കുള്ള ഒരു രാഷ്ട്രീയ വളര്‍ച്ച ഉണ്ടായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധത്തിലാക്കുന്ന ബിബിസി ഡോക്യമെന്ററിയെ എതിര്‍ത്തതിനെ തുടര്‍ന്ന് വിവാദത്തിലായ അനില്‍ ആന്റണി കെപിസിസി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററടക്കമുള്ള പാര്‍ട്ടി ചുമതലകളെല്ലാം രാജിവെച്ചിരിക്കുകയാണെന്നാണ് അറിയിച്ചിരിക്കുന്നത്.
എന്നാല്‍ അദ്ദേഹം എന്താണ് ഇതുവരെ ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം ചോദിക്കുമ്പോഴും ഒന്നര വര്‍ഷം മുമ്പേ അദ്ദേഹത്തെ ഈ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തുവെന്നാണ് കെപിസിസി വൃത്തങ്ങള്‍ പറയുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന് കെപിസിസി അധ്യക്ഷ പദവി ഒഴിഞ്ഞ് കെ.സുധാകരന് അധ്യക്ഷകനായതോടെ അനില്‍ ആന്റണി പുറത്തായി. എന്നാല്‍ പകരം മറ്റാരേയും നിയോഗിക്കാത്തത് കൊണ്ട് അനില്‍ ആന്റണി പേരില്‍ കെപിസിസി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററായി തുടര്‍ന്നു. പുനഃസംഘടനയോടെ പുതിയ ആളെ നിയമിക്കുമെന്ന് കെ.സുധാകരന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
പാര്‍ട്ടിയോട് നേരത്തെ അകന്നു
നെഹ്റു കുടുംബത്തിനും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും എ.കെ.ആന്റണി വിശ്വസ്തന് ആയിരുന്നെങ്കിലും മകന് അനില്‍ ആന്റണിക്ക് അതിന്റെ ആനുകൂല്യമൊന്നും ലഭിച്ചിരുന്നില്ല. കെപിസിസി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററാകും മുമ്പ് ഗുജറാത്ത്,രാജസ്ഥാന് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ സംഘത്തില്‍ അംഗമായി പ്രവര്‍ത്തിച്ചതിന്റെ അനുഭവും അനില്‍ ആന്റണിക്കുണ്ട്. രാജസ്ഥാനില്‍ സച്ചിന് പൈലറ്റിനും ഗുജറാത്തില്‍ അഹമ്മദ് പട്ടേലിന്റെ മകന് ഫൈസല്‍ പട്ടേലിനുമൊപ്പമാണ് അനില്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ പിന്നീട് കേരളത്തില്‍ ശശി തരൂര്‍ വഴി ചുമതല ലഭിച്ചെങ്കിലും കോണ്‍ഗ്രസ് നേതൃത്വം അനില്‍ ആന്റണിയില്‍ അത്ര താത്പര്യം കാണിച്ചിരുന്നില്ല. ഇതിനിടെ പാര്‍ട്ടി നേതൃത്വം അവണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഫൈസല്‍ പട്ടേല്‍ രംഗത്തെത്തിയതും അനില്‍ പിന്തുണച്ചെത്തിയതും ശ്രദ്ധേയമായിരുന്നു.
സ്റ്റാന്‍ഡ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് മാനേജ്മെന്റ് ആന്‍ഡ് എഞ്ചിനീയറിങില്‍ മാസ്റ്റര്‍ ബിരുദമുള്ള അനില്‍ ആന്റണിയുടെ ഡിജിറ്റല്‍ രംഗത്തെ മികവാണ് കേരളത്തില്‍ ചുമതല നല്‍കിയതിന് പിന്നിലെന്ന് ശശി തരൂര്‍ അന്ന് പറഞ്ഞിരുന്നു. തരൂരുമായി നേരത്തെയുള്ള ബന്ധവും അനിലിനെ ഈ സ്ഥാനത്തേക്കെത്തിച്ചിട്ടുണ്ട്. തരൂരിനോടുള്ള കടപ്പാട് അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ അനില്‍ ആന്റണി പരസ്യമായി പിന്തുണച്ച് എത്തിയതിലൂടെ വ്യക്തമാകുകയും ചെയ്തതാണ്. തന്റെ രാജിക്കത്തിലും അനില്‍ ശശി തരൂരിനെ പ്രത്യേകമായി പരാമര്‍ശിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
ശശി തരൂരിനെ പരാമര്‍ശിക്കുന്ന നിരന്തര ട്വീറ്റുകളും മറ്റു രാഷ്ട്രീയ ചര്‍ച്ചകളും അനില്‍ ആന്റണിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ സജീവമായിരിക്കുമ്പോഴും രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ കുറിച്ച് ഒരു വരിപോലും എവിടെയും പരാമര്‍ശിക്കപ്പെട്ടിട്ടില്ല എന്നതും എടുത്ത് പറയേണ്ടതാണ്. അതേ സമയം അനില്‍ ആന്റണിയുടെ നിലപാട് അപക്വമാണെന്ന് ചൂണ്ടിക്കാട്ടി ശശി തരൂര്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.
ബിജെപി അജണ്ട സംശയിച്ച് കോണ്‍ഗ്രസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും പ്രതിരോധത്തിലാക്കുന്ന ബിബിസി ഡോക്യുമെന്ററിയെ അനില്‍ ആന്റണി എതിര്‍ക്കുന്നതിന് പിന്നില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുക ലക്ഷ്യമിട്ടാണെന്നാണ് നേതാക്കള്‍ പറയുന്നത്. ഭാരത് ജോഡോ യാത്ര നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യതാത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വരുത്തി തീര്‍ക്കുകയെന്ന ബിജെപിയുടെ അജണ്ടയും ഇതിന് പിന്നിലുണ്ടെന്ന് നേതാക്കള്‍ ആരോപിക്കുന്നു.
ഡോക്യുമെന്ററിയെ എതിര്‍ക്കുന്ന കുറിപ്പിലും രാജിക്കത്തിലും രാജ്യതാത്പര്യമെന്ന് അനില്‍ ആവര്‍ത്തിക്കുന്നത് ഈ അജണ്ടയുടെ പുറത്താണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. അനില്‍ ആന്റണിയെ പിന്തുണച്ച് ബിജെപി രംഗത്തെത്തുകയും ചെയ്തിരുന്നു.
Content Highlights: anil antony BBC documentary-shashi tharoor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..