തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ സ്വപ്‌ന സുരേഷ് ചികിത്സയില്‍ കഴിയവേ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയത് അവിടെ മറ്റേതെങ്കിലും പ്രമുഖര്‍ സന്ദര്‍ശനം നടത്തിയിരുന്നോ എന്നറിയാനാണെന്ന് അനില്‍ അക്കര എം.എല്‍.എ. മെഡിക്കല്‍ കോളേജില്‍ വെച്ച് സ്വപ്‌ന ഉന്നതരുമായി ബന്ധപ്പെട്ടെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് എന്‍.ഐ.എ.യ്ക്ക് താന്‍ പരാതി നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. സ്വപ്‌ന സുരേഷ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ അനില്‍ അക്കര ആശുപത്രിയില്‍ എത്തിയതായി കണ്ടെത്തിയിരുന്നു.
ഏഴാം തിയതി രാത്രിയാണ് സ്വപ്‌ന സുരേഷ് മെഡിക്കല്‍ കോളേജില്‍ വന്ന വാര്‍ത്ത അറിയുന്നത്. സ്വപ്‌ന ആശുപത്രിയിലെത്തിയും അതുമായി ബന്ധപ്പെട്ട സുരക്ഷാപ്രശ്‌നങ്ങളും എല്ലാം എന്‍.ഐ.എ.അന്വേഷിക്കണം എന്നാവശ്യപ്പെട്ട് അന്നുരാത്രി തന്നെ ഫെയ്‌സ്ബുക്കില്‍ ലൈവ് നല്‍കിയിരുന്നു. ലൈവിന് ശേഷമാണ് മെഡിക്കല്‍ കോളേജിലെത്തി രണ്ടുഗേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത്. പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തി രാത്രി പതിനൊന്നുമണി കഴിഞ്ഞ ശേഷം എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ക്ക് എഫ്.ബി.ലൈവിന്റെ ലിങ്കും പരാതിയും ഫോണിലൂടെ കൈമാറി. അനില്‍ അക്കര പറഞ്ഞു.
സ്വപ്നക്ക് മെഡിക്കല്‍ കോളേജില്‍ ചര്‍ച്ചക്ക് മന്ത്രി മൊയ്തീന്‍ അവസരമൊരുക്കി എന്ന ആരോപണവും ഫെയ്‌സ്ബുക്കിലൂടെ അനില്‍ അക്കര ഉന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച ചോദ്യത്തിന് രഹസ്യചര്‍ച്ച നടത്തിയത് എന്താണെന്ന് മന്ത്രിയാണ് വ്യക്തമാക്കേണ്ടതെന്നും അനില്‍ അക്കര പറഞ്ഞു.
അഴിമതി കേസില്‍ പ്രതിയായ ഒരാള്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും അതില്‍ ആരോപണവിധേയനായ ഒരാള്‍ മെഡിക്കല്‍ കോളേജില്‍ വരികയും ചെയ്യുന്നു. എന്തിനാണ് അടിയന്തരമായി നോട്ടീസും മറ്റുരേഖകളുമില്ലാതെ മെഡിക്കല്‍ കോളേജില്‍ ഒരു പരിപാടിക്കായി മന്ത്രി എത്തിയത്? പഞ്ചായത്ത് പ്രസിഡന്റും മുനിസിപ്പല്‍ ചെയര്‍പേഴ്‌സണും സ്ഥലം എംഎല്‍എയും എംപിയുമില്ലാതെ രഹസ്യമായി എ.സി.മൊയ്തീന്‍ വരാനുളള സാഹചര്യമെന്താണെന്ന് വ്യക്തമാക്കണമെന്നും അനില്‍ അക്കര പറഞ്ഞു.
സ്വപ്‌ന ചികിത്സ തേടിയ ആറുദിവസം ഇവിടെ എത്തിയവരെ കുറിച്ച് എന്‍.ഐ.എ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് എന്‍.ഐ.എ.ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ കോളേജില്‍ എത്തി വിവരങ്ങള്‍ സ്വീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlights: Anil Akkara's visit to Thrissur medical college while Swapna was admitted