നേരും നെറിയുമുള്ള രാഷ്ട്രീയത്തിന് ചേര്‍ന്നതല്ല ആ വിളി; യെച്ചൂരിക്ക് അനില്‍ അക്കരയുടെ അമ്മയുടെ കത്ത്


ലില്ലി ആന്റണി Photo: facebook|Lilly Antony, യെച്ചൂരി Photo: മാതൃഭൂമി|സാബു സ്‌കറിയ

തൃശൂര്‍: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അനില്‍ അക്കര എംഎല്‍എയുടെ അമ്മയുടെ തുറന്ന കത്ത്. മകനെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണ്‍ സാത്താന്റെ സന്തതിയെന്ന്‌ വിളിച്ചതില്‍ ദുഃഖം രേഖപ്പെടുത്തികൊണ്ടാണ് അനില്‍ അക്കരയുടെ അമ്മ ലില്ലി ആന്റണി കത്തെഴുതിയിരിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെ അവര്‍ കത്ത് പങ്കുവെച്ചു. അദ്ദേഹത്തിന്റെ പരാമര്‍ശം മാനസികമായി വിഷമിപ്പിച്ചു. ഒരു രാഷ്ട്രീയക്കാരും മക്കളെ ഇങ്ങനെ പറയാന്‍ പാടില്ലെന്നും അവര്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.

'അമ്മ എന്ന നിലയില്‍ ഒരു മകനെക്കുറിച്ച് ഒരിക്കലും കേള്‍ക്കാനാഗ്രഹിക്കാത്ത പദപ്രയോഗമാണ് ബേബി ജോണ്‍ മാഷ് ഇന്ന് നടത്തിയത്. നേരും നെറിയുമുള്ള രാഷ്ട്രീയപ്രവര്‍ത്തനത്തിന് ചേര്‍ന്നതല്ല ആ വിളി. താങ്കളുടെ പാര്‍ട്ടിക്കാര്‍ എങ്ങിനെയൊക്കെ അടിച്ചമര്‍ത്താന്‍ നോക്കിയാലും ഇതുവരെയുള്ള പൊതുപ്രവര്‍ത്തനശൈലി എന്റെ മകന്‍ തുടരും. അതിനെ ഇല്ലാതാക്കാന്‍ താങ്കളുടെ പാര്‍ട്ടിയുടെ നേതാക്കളെല്ലാവരും ചേര്‍ന്ന് അപഖ്യാതി പറഞ്ഞുനടന്നാലും കഴിയില്ല. മര്യാദയുടെ പാഠങ്ങള്‍ പഠിപ്പിക്കാന്‍ ഇനിയെങ്കിലും അങ്ങ് തയ്യാറാകണമെന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ' ലില്ലി ആന്റണി കത്തില്‍ കറിച്ചു...

ലില്ലി ആന്റണി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കത്തിന്റെ പൂര്‍ണ്ണ രൂപം...

ബഹുമാനപ്പെട്ട സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി അറിയുവാന്‍

ഞാന്‍ വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കരയുടെ അമ്മയാണ്. താങ്കളെപ്പോലെ ഒരു ഉന്നതനായ നേതാവിന് ഇങ്ങിനെയൊരു കത്ത് എഴുതാമോ എന്നറിയില്ല. പക്ഷേ ഒരു അമ്മ എന്ന നിലയില്‍ ചില കാര്യങ്ങള്‍ താങ്കളെ അറിയിക്കാതിരിക്കാനാവുന്നില്ല. 2004ല്‍ അവന്റെ അപ്പച്ചന്‍ മരിക്കുമ്പോള്‍ 56 വയസ്സാണ്. എനിക്ക് 52 വയസ്സും. ഭര്‍ത്താവ് എന്നെ വിട്ടു പോയിട്ട് 16 കൊല്ലം. അപ്പച്ചന്‍ കോയമ്പത്തൂരില്‍ വെച്ച് മരിക്കുമ്പോള്‍ അനില്‍ അടാട്ട് പഞ്ചായത്ത് പ്രസിഡന്റാണ്. അന്ന് 32 ആണ് അവന്റെ പ്രായം.

പാരമ്പര്യമായി കൃഷിക്കാരാണ് ഞങ്ങള്‍. എങ്കിലും കുറേക്കാലം അവന്റെ അപ്പച്ചന്‍ ദുബായില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്നു. 1998ല്‍ നാട്ടില്‍ തിരിച്ചെത്തി വീണ്ടും കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടു. 2004ല്‍ കൃഷി ചെയ്യാന്‍ പാട്ടത്തിനെടുത്ത പാടവും കൃഷിയും മുങ്ങിപ്പോയതിനെത്തുടര്‍ന്നാണ് അപ്പച്ചന്‍ കോയമ്പത്തൂരില്‍ വെച്ച് മരിക്കുന്നത്.

എന്റെ മകന്റെ രാഷ്ട്രീയവും അവന്റെ അപ്പച്ചന്റെ രാഷ്ട്രീയവും രണ്ടായിരുന്നു. അടാട്ടെ പഴയ സഖാക്കളോട് ചോദിച്ചാല്‍ താങ്കള്‍ക്ക് അക്കാര്യം അറിയാന്‍ കഴിയും. 16 വര്‍ഷം മുന്‍പ് എന്നേയും കുടുംബത്തേയും കണ്ണീരിലാഴ്ത്തി കടന്നുപോയ ഒരു മനുഷ്യനെയാണ് താങ്കളുടെ പാര്‍ട്ടിയുടെ ഉന്നത നേതാവ് ഒരു പൊതുയോഗത്തില്‍ ഇന്ന് സാത്താന്‍ എന്ന് വിളിച്ചത്. പഠിക്കാന്‍ മിടുക്കനായിരുന്ന എന്റെ മകന്‍ മര്യാദയ്ക്ക് പഠിച്ചിരുന്നുവെങ്കില്‍ ഈ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകുമായിരുന്നില്ല. പക്ഷേ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് താങ്ങായി നിന്ന അവന്റെ അപ്പാപ്പന്‍ വര്‍ക്കിയുടെ വഴിയാണ് അവന്‍ തെരഞ്ഞെടുത്തത്.

അപ്പാപ്പന്റെ തീരുമാനത്തിന് താങ്ങായി നിന്ന അവന്റെ അമ്മാമ്മയുടെ വഴി തന്നെയാണ് ഞാനും പിന്തുടര്‍ന്നത്. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ പേരില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കില്‍ ആ രീതിയില്‍ വിമര്‍ശിക്കാം. പക്ഷേ സാത്താന്റെ സന്തതിയെന്ന് വിളിച്ചത് നേരും നെറിയുമുള്ള രാഷ്ട്രീയപ്രവര്‍ത്തനത്തിന് ചേര്‍ന്നതല്ല.

ഭര്‍ത്താവ് മരിച്ചതിന് ശേഷം എന്നും ഈ കൊറോണക്കാലം വരെ നടന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ആമ്പക്കാട്ടെ പള്ളിയില്‍ പോകുന്ന ഞാന്‍ മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് പ്രാര്‍ത്ഥിക്കാറുള്ളത്. സാത്താന്റെ പ്രലോഭനങ്ങളില്‍ നിന്നും എന്റെ മക്കളെ രക്ഷിക്കണേ എന്നാണ് ഞാനെന്റെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്താറുള്ളത്. ഞാനെന്നും ഭയപ്പെടുന്ന ഒരു വാക്ക് താങ്കളുടെ പാര്‍ട്ടിയിലെ ഒരു നേതാവായ ബേബി ജോണ്‍ മാഷ് ഉപയോഗിക്കുമ്പോള്‍ എനിക്ക് വേദനയുണ്ട്.

എന്റെ മകന്‍ സഖാവ് ബേബി ജോണിനെക്കുറിച്ച് ബേബി ജോണ്‍ മാഷ് എന്നാണ് എന്നോട് എപ്പോഴും പറയാറുള്ളത്. തിരുവനന്തപുരത്ത് നിന്നും വീട്ടിലേയ്ക്കുള്ള യാത്രയില്‍ ഇടയ്ക്കൊക്കെ ഒപ്പമുണ്ടാകാറുള്ള ബേബി ജോണ്‍ മാഷിനെക്കുറിച്ച് അവന്‍ പറയാറുണ്ട്. അങ്ങിനെയുള്ള ഒരാളുടെ വായില്‍ നിന്നാണ് ഇന്ന് എന്റെ മകനെ സാത്താന്റെ സന്തതിയെന്ന് വിശേഷണമുണ്ടായത്. മാഷെപ്പോലെ അവന്‍ എന്നും ബഹുമാനത്തോടെ പറയാറുള്ള ഒരാളില്‍ നിന്നും അത്തരമൊരു വാക്ക് കേള്‍ക്കുമ്പോള്‍ ഒരു സ്ത്രീ എന്ന നിലയില്‍ ഞാനെങ്ങിനെ അത് ഉള്‍ക്കൊള്ളുമെന്ന് താങ്കളുടെ പാര്‍ട്ടി ചിന്തിച്ചില്ലെങ്കിലും താങ്കള്‍ അത് ആലോചിക്കണം. അമ്മ എന്ന നിലയില്‍ ഒരു മകനെക്കുറിച്ച് ഒരിക്കലും കേള്‍ക്കാനാഗ്രഹിക്കാത്ത പദപ്രയോഗമാണ് മാഷ് ഇന്ന് നടത്തിയത്. മാഷെക്കുറിച്ച് എന്റെ മകന്‍ അത്തരത്തില്‍ പറഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ കുടുംബം എങ്ങിനെ താങ്ങുമായിരുന്നു എന്നാണ് ഞാനിപ്പോള്‍ ആലോചിക്കുന്നത്.

പൊതുപ്രവര്‍ത്തനം കൊണ്ട് കടങ്ങള്‍ മാത്രമാണ് എന്റെ കുടുംബത്തിന്റെ സമ്പാദ്യം. അത്തരം കാര്യങ്ങളൊന്നും ആരോടും പറയാറില്ല. എന്നിട്ടും ഇത്തരത്തില്‍ ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാക്കുകള്‍ കേള്‍ക്കുമ്പോഴാണ് സങ്കടം. ഞാന്‍ പ്രായമായ ഒരു സ്ത്രീയാണ്. ഇത്തരത്തില്‍ മകനെക്കുറിച്ച് കേള്‍ക്കാനുള്ള മനഃശക്തിയും ആരോഗ്യവും എനിക്കിന്നില്ല. രാഷ്ട്രീയം കൊണ്ട് ഒന്നും ഞങ്ങള്‍ നേടിയിട്ടില്ല. എന്റെ രണ്ടാമത്തെ മകന്‍ ഇപ്പോഴും അമല ആശുപത്രിക്ക് മുന്‍പിലെ ടാക്സി സ്റ്റാന്‍ഡില്‍ ഡ്രൈവറാണ്. നേരത്തെ ഉണ്ണിമോനും വണ്ടി ഓടിച്ച് കുടുംബം പുലര്‍ത്തിയിരുന്നു. ഈ വയസ്സുകാലത്തും ഞാന്‍ പാടത്തുപോയാണ് ഞങ്ങളുടെ കൃഷി നോക്കുന്നത്. അവന്റെ ഭാര്യക്ക് ഒരു ജോലി കിട്ടിയ ശേഷമാണ് അല്‍പ്പമെങ്കിലും ഞങ്ങളുടെ കുടുംബത്തിന് ഒരു ആശ്വാസമായത്.

ഇക്കാര്യങ്ങള്‍ താങ്കളെ അറിയിച്ചത് ബേബി ജോണ്‍ മാഷിന്റെ വാക്കുകള്‍ പിന്‍വലിപ്പിക്കാനോ അദ്ദേഹത്തിനെതിരെ കേസ് കൊടുക്കാനോ അല്ല. എന്റെ ഗതി ഇനി മറ്റാര്‍ക്കും വരരുതെന്ന് കരുതി മാത്രമാണ്. എന്റെ മകന്‍ ഒരു പാട് പ്രതിസന്ധികളിലൂടെ കടന്നുപോയതാണ്. അവന്‍ അവന്റെ ജീവിതവും പൊതുപ്രവര്‍ത്തനവും വാര്‍ത്തെടുത്തത് അത്തരം അനുഭവങ്ങളിലൂടെയാണ്. അതിനൊക്കെ ധൈര്യം കൊടുത്ത അമ്മയാണ് ഞാന്‍. ബേബി ജോണ്‍ മാഷിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ആദ്യമൊന്ന് പകച്ചെങ്കിലും മറ്റുള്ളവരെ കൊല്ലുന്ന പണിക്കൊന്നും എന്റെ മകന്‍ പോയില്ലല്ലോ എന്നാശ്വസിക്കുകയായിരുന്നു. എന്റെ മക്കളെയെല്ലാം ദൈവം സമ്മാനിച്ചതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. താങ്കള്‍ക്കും താങ്കളുടെ പാര്‍ട്ടിക്കും ഇനിയും നല്ലത് വരട്ടെ.

താങ്കളുടെ പാര്‍ട്ടിക്കാര്‍ എങ്ങിനെയൊക്കെ അടിച്ചമര്‍ത്താന്‍ നോക്കിയാലും ഇതുവരെയുള്ള പൊതുപ്രവര്‍ത്തനശൈലി എന്റെ മകന്‍ തുടരും. അതിനെ ഇല്ലാതാക്കാന്‍ താങ്കളുടെ പാര്‍ട്ടിയുടെ നേതാക്കളെല്ലാവരും ചേര്‍ന്ന് അപഖ്യാതി പറഞ്ഞുനടന്നാലും കഴിയില്ല. മര്യാദയുടെ പാഠങ്ങള്‍ പഠിപ്പിക്കാന്‍ ഇനിയെങ്കിലും അങ്ങ് തയ്യാറാകണമെന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. അല്ലെങ്കില്‍ ഇത്തരത്തില്‍ ഒരുപാട് അമ്മമാര്‍ക്ക് ദുഃ ഖിക്കേണ്ടി വരും. സ്ത്രീകളെ ബഹുമാനിക്കുന്ന അങ്ങയുടെ പാര്‍ട്ടി ചെയ്യേണ്ടത് അതാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented