എ.സി.മൊയ്തീൻ, അനിൽ അക്കര |ഫോട്ടോ:മാതൃഭൂമി
തൃശ്ശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് സംഭവത്തില്‍ എ.സി. മൊയ്തീന്‍ എം.എല്‍.എ. നല്‍കിയ ഒരു കോടിയുടെ മാനനഷ്ടക്കേസ് പത്തു ലക്ഷമാക്കി കുറയ്ക്കാനായി കോടതിയില്‍ അപേക്ഷ നല്‍കിയതിലൂടെ തന്നെ അപമാനിക്കുകയാണെന്ന് മുന്‍ എം.എല്‍.എ. അനില്‍ അക്കര. കേസില്‍ ഒന്നാം പ്രതിയായ തനിക്ക് പറയത്തക്ക സ്വത്തുക്കളോ മുതലുകളോ ഇല്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നാണ് മൊയ്തീന്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. പ്രതിയില്‍നിന്ന് നഷ്ടപരിഹാരസംഖ്യ വസൂലാക്കി എടുക്കാന്‍ സ്വത്തുക്കളോ വസ്തുക്കളോ ഒന്നുംതന്നെ ഇല്ലാത്തതിനാല്‍ വളരെ ബുദ്ധിമുട്ടാണെന്നുമുണ്ട്. ഇത് എന്നെ അപമാനിക്കുന്നതിന് തുല്യമാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം എന്റെ ആസ്തി ഒരു േകാടിയിലേറെയാണ്. കമ്പോളവില പ്രകാരം എന്റെ മാത്രം അധീനതയിലുള്ള 35 സെന്റ് പറന്പിനു മാത്രം രണ്ടേകാല്‍ കോടിയിലേറെ വില വരും. അതിലൊരു പുതിയ വീടുമുണ്ട്. മൂന്നേക്കര്‍ കോള്‍പ്പാടവുമുണ്ട്. ഭാര്യയ്ക്ക് വേറെ സ്ഥലമുണ്ട്. വായ്പയുടെ അടവ് തീര്‍ന്ന വാഹനവുമുണ്ട്. ഇത്രയുമുള്ള എന്റെ പേരില്‍ പറയത്തക്ക സ്വത്തുക്കളോ മുതലുകളോ ഇല്ലെന്ന് കോടതിയില്‍ അറിയിച്ച മൊയ്തീന്‍ വീണ്ടും സര്‍ക്കാരിനെയും ജനങ്ങളെയും വഞ്ചിക്കുകയാണ്.
രാഷ്ട്രീയനേട്ടത്തിനുവേണ്ടിയാണ് അന്ന് മൊയ്തീന്‍ ഒരു കോടിയുടെ മാനനഷ്ടക്കേസ് നല്‍കിയത്. സത്യസന്ധനെന്ന് കാണിക്കാന്‍വേണ്ടി. ഇപ്പോള്‍ കേസന്വേഷണം ദ്രുതഗതിയില്‍ നടക്കുന്നു. േകസില്‍ ശിവശങ്കരന്‍ വീണ്ടും അറസ്റ്റിലായി. മുഖ്യമന്ത്രി മൗനം പാലിക്കുന്നു. ഈ അവസരത്തിലാണ് മൊയ്തീന് വീണ്ടുവിചാരമുണ്ടായത്. ഒരു കോടി നഷ്ടപരിഹാരം കിട്ടണമെങ്കില്‍ കോടതിയില്‍ പത്തുലക്ഷം കെട്ടിവെക്കണം. കേസ് തോല്‍ക്കുമെന്നും പണം പോകുമെന്നും മൊയ്തീന് ഉറപ്പായി. അപ്പോഴാണ് ഒന്‍പതു ലക്ഷമെങ്കിലും നഷ്ടപ്പെടാതിരിക്കാന്‍ നഷ്ടപരിഹാരം പത്തുലക്ഷമാക്കിക്കുറച്ചത്. ഏതുവിധേനയും തടിതപ്പാനായി മൊയ്തീന്‍ എന്റെ ദാരിദ്ര്യം ഉപയോഗിച്ചത് ശരിയായില്ല. ഇതിനെതിരേയുള്ള നിയമനടപടി ആലോചിക്കുന്നുണ്ട്.
എനിക്കു മാത്രം മാസം ലക്ഷത്തിലേറെ വരുമാനമുണ്ട്. വീട്ടില്‍ നാലു പശുക്കളെ വളര്‍ത്തി ദിവസം 1,800 രൂപയുടെ പാല്‍ വില്‍ക്കുന്നുണ്ട്. 20,000 രൂപ പെന്‍ഷനുണ്ട്. രണ്ടു ലക്ഷത്തിന്റെ നെല്ല് വില്‍ക്കുന്നുണ്ട്. 1,000 ഞാലിപ്പൂവന്‍ വാഴ കൃഷിയിറക്കിയിട്ടുണ്ട്. മാസം 5,000 ലിറ്റര്‍ വെളിച്ചെണ്ണ വില്‍ക്കുന്നുണ്ട്. ഓര്‍ഗാനിക് സ്ഥാപനം നടത്തുന്നുമുണ്ട്. ഭാര്യ കെ.എസ്.ഇ.ബി. എന്‍ജിനിയറാണ്. എ.സി. മൊയ്തീന്‍ എം.എല്‍.എ.യുടെ അറിവിലേക്കാണിത് പറയുന്നതെന്നും അനില്‍ അക്കര പ്രതികരിച്ചു.
Content Highlights: anil akkara-ac moideen-Defamation case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..