Photo: Mathrubhumi
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി. സര്‍വീസിന്റെ കാര്യത്തില്‍ പുതിയ പരിഷ്കാരം വരുന്നു. അങ്കമാലിയെ ട്രാന്‍സിറ്റ് ഹബ്ബാക്കി മാറ്റുന്ന പരിഷ്കാരമാണ് നടപ്പിലാക്കാന്‍ പോകുന്നത്. കെ.എസ്.ആര്.ടി.സി.യില്‍ നടപ്പാക്കുന്ന സിംഗിള്‍ ഡ്യൂട്ടി ദീര്‍ഘദൂര സര്‍വീസുകളിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണിത്. വടക്കന്‍ ജില്ലകളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി അങ്കമാലിയില്‍ ഇറങ്ങി മറ്റൊരു ബസില്‍ യാത്ര തുടരാവുന്ന ട്രാന്‍സിറ്റ് സംവിധാനമാണ് നടപ്പിലാക്കുന്നത്.
തിരുവനന്തപുരത്തുനിന്ന് വടക്കന്‍ ജില്ലകളിലേക്കുള്ള സര്‍വീസുകള്‍ ദേശീയപാത വഴിയും എം.സി. റോഡ് വഴിയുമാണ് നടക്കുന്നത്. ഈ രണ്ട് പാതകളുടെയും സംഗമ സ്ഥാനമായതുകൊണ്ടാണ് അങ്കമാലിയെ ട്രാന്‍സിറ്റ് ഹബ്ബായി നിശ്ചയിച്ചതെന്ന് കെ.എസ്.ആര്.ടി.സി. സി.എം.ഡി. മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. ഇതോടെ ഡ്രൈവര്‍മാരുടെ അമിത ജോലിഭാരം കുറയും. 13 മുതല്‍ 14 മണിക്കൂര്‍ വരെയാണ് നിലവില്‍ തിരുവനന്തപുരത്തുനിന്ന് കോഴിക്കോട് എത്താനുള്ള സമയം.
കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് ഓരോ മണിക്കൂറിലും ദീര്‍ഘദൂര ബസുണ്ടാവുകയും ആ ബസ് അങ്കമാലിയിലെത്തി ക്രൂ ചേഞ്ച് നടത്തുകയോ അല്ലെങ്കില്‍ അവരെ മറ്റൊരു ബസിലേക്ക് മാറ്റി യാത്ര തുടരുന്ന രീതിയോ ആണിത്. ഇങ്ങനെ ബസ് മാറേണ്ടി വരുമ്പോള്‍ യാത്രക്കാര്‍ റിസര്‍വ് ചെയ്ത അതേ സീറ്റ് അടുത്ത ബസിലും ലഭ്യമാക്കും.
പദ്ധതി നടപ്പാകുന്നതോടെ അര്‍ധരാത്രിക്ക് ശേഷം നടക്കുന്ന സര്‍വീസുകളില്‍ തിരുവനന്തപുരത്തുനിന്നുള്ള ദീര്‍ഘദൂര ബസുകള്‍ അങ്കമാലി വരെയാണ് ഒരു ക്രൂവിന്റെ കീഴില്‍ സര്‍വീസ് നടത്തുക. ഇവിടെ നിന്ന് ജീവനക്കാര്‍ മാറിക്കയറുക മാത്രമേ ചെയ്യൂ. യാത്രക്കാരെ മറ്റൊരു ബസിലേക്ക് അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ മാറ്റില്ല. യാത്രക്കാര്‍ കൂടുതലും ഉറങ്ങുന്ന സമയമായതിനാലാണ് ഇങ്ങനെ ചെയ്യുക. തിരുവനന്തപുരത്തും കോഴിക്കോട്ടും നടത്തി വന്നിരുന്ന ക്രൂ ചേഞ്ചാണ് ഈ സമയത്ത് അങ്കമാലിയില്‍ നടപ്പിലാകുക.
ഇങ്ങനെ ട്രാന്‍സിറ്റ് ഹബ്ബാകുന്നതോടെ ആളുകള്‍ക്ക് ചേഞ്ച് ചെയ്യാനും വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യമൊരുക്കും. ഇതിനായുള്ള പണികള്‍ക്ക് കരാര്‍ ആയിക്കഴിഞ്ഞു. അങ്കമാലിയിലെ കെ.എസ്.ആര്.ടി.സി.യുടെ തന്നെ കെട്ടിടത്തില്‍ മൂന്ന് കോടി ചെലവിലാണ് സൗകര്യങ്ങളൊരുക്കുക. നാല് മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാകുമെന്നാണ് കരുതുന്നതെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. ബസ് ജീവനക്കാര്‍ക്ക് വിശ്രമിക്കാനും മറ്റുമായി അങ്കമാലി കെ.എസ്.ആര്.ടി.സി. സമുച്ചയത്തിന്റെ ഒരു നില ഉപയോഗിക്കും.
പുതിയ സംവിധാനം വരുമ്പോള്‍ നിരവധി വണ്ടികള്‍ അങ്കമാലിയില്‍നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന സാഹചര്യം ഒഴിവാകും. മാത്രമല്ല 14 മണിക്കൂറോളം തുടര്‍ച്ചയായി വാഹനമോടിക്കേണ്ടി വരുന്ന പ്രശ്നം ഒഴിവാകുകയും ജോലിഭാരം കുറയുകയും ചെയ്യും. ഇത്രയും നേരം വാഹനം ഓടിയതിനുശേഷം എന്തെങ്കിലും കുഴപ്പങ്ങളുണ്ടോയെന്ന് ഈ സമയത്ത് പരിശോധിക്കാനുള്ള സമയം ലഭിക്കും. ഇത്രയും നേരം തുടര്‍ച്ചയായി യാത്ര ചെയ്യേണ്ടി വരുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളും അസ്വസ്ഥതകളുമൊക്കെ മാറ്റാനും യാത്രക്കാര്‍ക്ക് വിശ്രമിക്കാനും ഇതിലൂടെ സാധിക്കും. 15 മിനിറ്റുമുതല്‍ 30 മിനിറ്റുവരെ ഇത്തരത്തില്‍ വിശ്രമത്തിനുള്ള സമയം ലഭിക്കും. ഈ സമയത്ത് ഭക്ഷണം കഴിക്കുയോ ടോയ്ലറ്റില് പോകുകയോ പുറത്തിറങ്ങി വിശ്രമിക്കുകയോ ചെയ്യാം. ഇങ്ങനെ എല്ലാതരത്തിലും പ്രയോജനം ചെയ്യുന്നതാണ് പദ്ധതിയെന്ന് ബിജു പ്രഭാകര്‍ പറഞ്ഞു.
Content Highlights: angamaly ksrtc stand will be changed into transit hub
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..