കൊച്ചി: അങ്കമാലിയില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. ഓട്ടോ ഡ്രൈവറും ഓട്ടോ യാത്രക്കാരായ മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. രാവിലെ 7.15-ഓടെ അങ്കമാലി ദേശീയപാതയില്‍ ബാങ്ക് ജങ്ഷനിലായിരുന്നു അപകടം. 

ഓട്ടോ ഡ്രൈവര്‍ അങ്കമാലി മങ്ങാട്ടുകര പനങ്ങാട്ടുപറമ്പില്‍ ഔസേഫിന്റെ മകന്‍ ജോസഫ് (58), മാമ്പ്ര കിടങ്ങേന്‍ മത്തായിയുടെ ഭാര്യ മേരി (65), അങ്കമാലി കല്ലുപാലം പാറയ്ക്ക ജോര്‍ജിന്റ ഭാര്യ മേരി (58), മൂക്കന്നൂര്‍ കൈ പ്രസാടന്‍ തോമസിന്റെ ഭാര്യ റോസി (50) എന്നിവരാണ് മരിച്ചത്. അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്കയില്‍ നിന്ന് കുര്‍ബാന കഴിഞ്ഞ് അങ്കമാലി ടൗണിലേക്ക് വരികയായിരുന്ന യാത്രക്കാര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് മൂക്കന്നുരിലേക്ക് പോകുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു.

പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ സമയം ഗതാഗത തടസ്സവുമുണ്ടായി. 

angamaly accident

Content Highlights: angamaly accident, bus auto collision in angamaly town, four killed