പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
അങ്കമാലി: കുട്ടികളെ തീകൊളുത്തി കൊന്ന ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അങ്കമാലി തുറവൂര്‍ എളന്തുരുത്തി വീട്ടീലാണ് സംഭവം. രണ്ടു കുഞ്ഞുങ്ങളെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം അമ്മ അഞ്ജു (29) ആത്മഹത്യാശ്രമം നടത്തുകയായിരുന്നു. അഞ്ജു ഗുരുതരാവസ്ഥയിലാണ്. ആതിര (ഏഴ്) അനൂഷ് (മൂന്ന്) എന്നിവരാണ് മരിച്ചത്.
ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. അഞ്ജുവിന്റെ ഭര്‍തൃമാതാവ് അയല്‍പക്കത്തെ വീട്ടില്‍ സംസാരിച്ചിരിക്കുകയായിരുന്നു. തിരികെ വീട്ടിലെത്തിയപ്പോള്‍ ഇവരെ കാണാതാവുകയും വീടിനുള്ളില്‍ നിന്ന് മണ്ണെണ്ണയുടെ രൂക്ഷ ഗന്ധം ഉണ്ടാവുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂവരേയും മുറിക്കുള്ളില്‍ നിന്നും കണ്ടെത്തിയത്. സമീപവാസികളെത്തി മൂവരേയും അങ്കമാലിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മക്കള്‍ രണ്ടു പേരും മരിച്ചിരുന്നു.
അഞ്ജുവിന്റെ നില ഗുരുതരമായ സാഹചര്യത്തില്‍ തുടര്‍ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടികളുടെ മൃതദേഹം അങ്കമാലി എല്‍.എഫ് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്.
ഒന്നര മാസം മുമ്പാണ് അഞ്ജുവിന്റെ ഭര്‍ത്താവ് അനൂപ് മരിച്ചത്. ഹൃദയാഘാതംമൂലമായിരുന്നു മരണം. ഇതുമായി ബന്ധപ്പെട്ട മാനസിക ബുദ്ധിമുട്ടിലായിരുന്നു അഞ്ജുവെന്നാണ് സമീപവാസികള്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..