തിരുവനന്തപുരം: പ്രളയബാധിത മേഖലകളിലുള്ളവര്‍ക്കായി സൗരോര്‍ജ്ജ റാന്തലുകള്‍ വിതരണം ചെയ്യാനൊരുങ്ങി അനെര്‍ട്ട്. മലപ്പുറം ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടതു പ്രകാരമാണ് അനെര്‍ട്ട് സൗരോര്‍ജ്ജ റാന്തലുകള്‍ സൗജന്യമായി നല്‍കുന്നത്.

മലപ്പുറത്തെ പ്രളയബാധിത മേഖലകളില്‍ ഇപ്പോഴും പൂര്‍ണമായും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിലാണ് സൗരോര്‍ജ്ജ റാന്തലുകള്‍ വിതരണം ചെയ്യാനൊരുങ്ങുന്നത്.

സൗരോര്‍ജ്ജ റാന്തലുകളുമായുള്ള ആദ്യലോഡ് വാഹനം തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടു. തിരുവനന്തപുരത്തെ അനെര്‍ട്ട് ഓഫീസില്‍ നിന്നും പുറപ്പെപ്പെട്ട വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മം അനെര്‍ട്ട് ഡയറക്ടര്‍ അമിത് മീണ ഐ.എ.എസ്. നിര്‍വഹിച്ചു.

സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന 100 റാന്തലുകളാണ് ആദ്യഘട്ടത്തില്‍ ജില്ലാ ഭരണകൂടത്തിന് കൈമാറുക. തുടര്‍ന്ന് ആവശ്യമനുസരിച്ച് കൂടുതല്‍ മേഖലകളില്‍ സൗരറാന്തല്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകുമെന്നും ഡയറക്ടര്‍ അമിത് മീണ പറഞ്ഞു.

10 വാട്ട് സോളാര്‍ പാനലും അഞ്ച് വാട്ട് എല്‍.ഇ.ഡി. ലൈറ്റും ഉള്‍പ്പെടെ 2200 രൂപയാണ് ഒരു സോളാര്‍ റാന്തലിന്റെ വില. ഒരു ദിവസം മുഴുവനും സൂര്യപ്രകാശം ലഭിച്ചാല്‍ 4 മണിക്കൂര്‍ വരെ പ്രകാശിപ്പിക്കാന്‍ കഴിയും. സോളാര്‍ പാനല്‍ ഉള്‍പ്പെടെയുള്ള ലൈറ്റ് യൂണിറ്റിന് അഞ്ച് വര്‍ഷം വാറണ്ടിയും ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ബാറ്ററിക്ക് രണ്ട് വര്‍ഷം വാറണ്ടിയും ഉണ്ട്.

എവിടേക്ക് വേണമെങ്കിലും മാറ്റിവെച്ച് ഉപയോഗിക്കാവുന്ന ഉപകരണമാണ് വിതരണം ചെയ്യുന്നത്. അനെര്‍ട്ട് ജനറല്‍ മാനേജര്‍ പി. ചന്ദ്രശേഖരന്‍, ടെക്‌നിക്കല്‍ ഡയറക്ടര്‍ പി. വല്‍സരാജ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Content Highlights: anert gives solar lights to flood area in malappuram