പ്രതീകാത്മക ചിത്രം | Mathrubhumi archives
തിരുവനന്തപുരം: കൊല്ലം അഞ്ചൽ ഏരൂരിലെ ഐ.എൻ.ടി.യു.സി. സെക്രട്ടറിയും കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമായ രാമഭദ്രനെ കൊലപ്പെടുത്തിയ പ്രതികളോട് ഒന്നും ഭയക്കാനില്ലെന്നും കേസ് പാർട്ടി നോക്കുമെന്നും സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ജയ്മോഹൻ ഉറപ്പുനൽകിയിരുന്നതായി മാപ്പുസാക്ഷി. അഞ്ചൽ കോളച്ചിറ സി.പി.എം. മുൻ ബ്രാഞ്ച് സെക്രട്ടറിയും കേസിലെ മാപ്പുസാക്ഷിയുമായ രാജീവാണ് കോടതിയിൽ മൊഴിനൽകിയത്.
പ്രത്യേക സി.ബി.ഐ. കോടതിയിലാണ് രാമഭദ്രൻ വധക്കേസിന്റെ വിചാരണ. ഇതിനിടെ സാക്ഷി പറയുന്നത് വ്യക്തമല്ലെന്ന പ്രതിഭാഗം അഭിഭാഷകരുടെ പരാതി നിരവധിതവണ ഉയർന്നപ്പോൾ സാക്ഷിയെ ഭീഷണിപ്പെടുത്തുന്ന പ്രവൃത്തികൾ ഉണ്ടായാൽ നടപടി സ്വീകരിക്കേണ്ടിവരുമെന്ന് ജഡ്ജി കെ.സനിൽകുമാർ മുന്നറിയിപ്പ് നൽകി.
കേസിലെ ഒന്നാം പ്രതി ഗിരീഷ് കുമാറിനെ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ച വിരോധത്തിലാണ് അവർക്കു കൂട്ടുനിന്ന രാമഭദ്രനെ വകവരുത്താൻ പാർട്ടി തീരുമാനിച്ചത്. ഇതിനായി ഏരിയാ കമ്മിറ്റി സെക്രട്ടറിയായിരുന്ന ബാബു പണിക്കരുടെ നേതൃത്വത്തിൽ പ്രാദേശിക നേതാക്കളും പ്രവർത്തകരും കമ്മിറ്റി കൂടിയതായി രാജീവ് പറഞ്ഞു. കേസിലെ അഞ്ചാം പ്രതിയായ രാജീവിനെ സി.ബി.ഐ. സംഘം മാപ്പുസാക്ഷിയാക്കുകയായിരുന്നു.
കൊലയാളിസംഘത്തിൽ രാജീവ് ഉണ്ടായിരുന്നില്ല. കൊലയാളി സംഘത്തിന് ആവശ്യമായ വാഹനങ്ങളും ആയുധവും ഒക്കെ ഒരുക്കിക്കൊടുത്ത പാർട്ടിനേതാക്കളുടെ ഒപ്പം അന്ന് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന രാജീവും ഉണ്ടായിരുന്നു. തന്നെ ആക്രമിച്ചവരെയും അതിനു കൂട്ടുനിന്ന രാമഭദ്രനെയും തിരിച്ചടിക്കണമെന്ന് ഗിരീഷ് നിരന്തരം ആവശ്യപ്പെട്ടിരുന്നതായി സാക്ഷി കോടതിയെ അറിയിച്ചു. എല്ലാ കാര്യങ്ങൾക്കും ബാബു പണിക്കർ, ലോക്കൽ സെക്രട്ടറി പദ്മൻ ജെ., പ്രാദേശികനേതാവ് സുമൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കശുവണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാനുമായ ജയ്മോഹൻ എന്നിവരുടെ സാന്നിധ്യവും മേൽനോട്ടവും ഉണ്ടായിരുന്നു.
പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരെ കാണാൻ രാമഭദ്രൻ വരുമെന്ന പ്രതീക്ഷയിൽ ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു രാത്രി മുഴുവൻ കാത്തുനിന്നതായി രാജീവ് മൊഴിനൽകി. രാമഭദ്രനെ ആക്രമിക്കാൻ പാർട്ടി തീരുമാനിച്ച കാര്യവും ആസൂത്രണത്തെ സംബന്ധിച്ച വിവരങ്ങളും ഗിരീഷിനെ യഥാസമയം അറിയിച്ചിരുന്നു. നടപടികൾ വൈകുന്നതിലെ അതൃപ്തി ഗിരീഷ് നേതാക്കളെ അറിയിച്ചിരുന്നതായും സാക്ഷി മൊഴിനൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..