തിരുവനന്തപുരം: കെ.എസ്.എഫ്.ഇ. ബ്രാഞ്ചുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ പ്രതികരണവുമായി സി.പി.എം. നേതാവ് ആനത്തലവട്ടം ആനന്ദന്‍. റെയ്ഡ് നടത്തിയത് എന്തിനാണെന്ന് വിജിലന്‍സിനോടു തന്നെ ചോദിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ സുതാര്യമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് കെ.എസ്.എഫ്.ഇ. ചിട്ടിതട്ടിപ്പുകാര്‍, സ്വകാര്യ നിക്ഷേപ തട്ടിപ്പുകാര്‍ തുടങ്ങിയവരില്‍ കുടുങ്ങിയ കേരളത്തിലെ ജനതയെ രക്ഷിക്കാനാണ് കെ.എസ്.എഫ്.ഇ. ഉണ്ടായതു തന്നെ. അന്നു മുതല്‍ നന്നായി പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനമാണ് കെ.എസ്.എഫ്.ഇ. എന്നും ആനത്തലവട്ടം കൂട്ടിച്ചേര്‍ത്തു.
കെ.എസ്.എഫ്.ഇയെ കുറിച്ച് മാധ്യമങ്ങളിൽ നിന്നോ പൊതുജനങ്ങളില്‍നിന്നോ പരാതി വന്നിട്ടില്ല. ആ പശ്ചാത്തലത്തില്‍ പത്ത് നാല്‍പ്പതോളം ബ്രാഞ്ചുകളില്‍ ഒറ്റയടിക്ക് ഒരു സുപ്രഭാതത്തില്‍ റെയ്ഡ് നടത്തി. ആരുടെയെങ്കിലും പരാതി ഉണ്ടെങ്കിലോ ഇല്ലാതെയോ റെയ്ഡ് നടത്താം. പക്ഷെ അവരെ അതിന് പ്രേരിപ്പിച്ച ഘടകമേത്. ആ ഘടകം വിജിലന്‍സാണ് വിശദീകരിക്കേണ്ടത്- അദ്ദേഹം പറഞ്ഞു.
വിജിലന്‍സിന് അന്വേഷിക്കാനും റെയ്ഡ് നടത്താനും അവകാശമില്ലെന്നല്ല താന്‍ പറയുന്നത്. പക്ഷെ എന്തിനാണ് ഈ റെയ്ഡ് എന്ന് പൊതുജനങ്ങള്‍ക്കിടയില്‍ ഒരു സംശയമുണ്ടാകുന്നുവെന്നും ആനത്തലവട്ടം കൂട്ടിച്ചേര്‍ത്തു.
ഇ.ഡിയും വിഷയം പരിശോധിക്കുന്നതായി ഇന്ന് രാവിലെ കേന്ദ്രമന്ത്രി മുരളീധരന്‍ പറഞ്ഞു. എന്തിനാണ് ഇ.ഡി. ഇവിടെ സംസ്ഥാന സര്‍ക്കാരിന്റെ ഒരു ധനകാര്യ സ്ഥാപനത്തെ കുറിച്ച് പരിശോധിക്കാനായി വരുന്നത്. ഇ.ഡി. കേരളത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലം കാണുകയുണ്ടായി. സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളിലാണ് സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാന്‍ വന്ന ഇ.ഡിയുടെ പരിശോധന നടക്കുന്നത്. അങ്ങനെ പരിശോധന നടത്തുന്ന ഇ.ഡി. ഈ വിഷയവും അന്വേഷിക്കാന്‍ വരുമെന്ന് പറയുമ്പോള്‍, എന്താണ് ഈ റെയ്ഡിന്റെ ലക്ഷ്യം എന്ന് ജനങ്ങളുടെ ഇടയില്‍ ഒരു സംശയമുണ്ടാകും- അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പായതിനാല്‍ വിജിലന്‍സിന്റെ റെയ്ഡില്‍ അദ്ദേഹത്തിന് ബാധ്യതയില്ലേ എന്ന ചോദ്യത്തിന്- ഉദ്യോഗസ്ഥന്മാര്‍ അവരുടെ ജോലി ചെയ്യുന്നതിന് മുഖ്യമന്ത്രിക്ക് എന്താണ് ബാധ്യത എന്നായിരുന്നു ആനത്തലവട്ടത്തിന്റെ മറുപടി. ഏല്‍പിച്ച ജോലി അവര്‍ ചെയ്യണം. ഏല്‍പിക്കാത്ത ജോലി ചെയ്താല്‍, ആരെങ്കിലും പരാതി കൊടുത്താല്‍ മുഖ്യമന്ത്രി അത് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
content highlights: anathalavattam anandan on ksfe vigilance raid