രു ദാരുണ മരണം... ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യാ കുമാരി അലക്‌സിന്റെ മരണം വളരെ വേദനയോടെയാണ് കേരളം കണ്ടത്. ഒരു ട്രാന്‍സ് സ്ത്രീ മാത്രമായിരുന്നില്ല അവര്‍ മലയാളിക്ക്. തന്റെ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും, നിയമസഭാ തിരഞ്ഞെടുപ്പിന് മത്സരിക്കാന്‍ ഒരുങ്ങുകയും ചെയ്ത അനന്യ, ട്രാന്‍സ് സമൂഹത്തിന് ഒരു മാതൃക ആകേണ്ടവളായിരുന്നു.

സെക്‌സ് റീഅസൈന്‍മെന്റ് സര്‍ജറി(SRS) കഴിഞ്ഞതിന് ശേഷം വേദന സഹിക്കാതെ കഴിഞ്ഞതും പിന്നീട് മരണത്തിന് കീഴടങ്ങിയതുമൊക്കെ എല്ലാ വിഭാഗക്കാരെയും വേദനിപ്പിച്ചു. കേരള സര്‍ക്കാര്‍ ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണല്ലോ. ഈ സന്ദര്‍ഭത്തില്‍, transgender (ടി.ജി.) അവകാശങ്ങളെ പറ്റിയും, നിയമത്തില്‍ പറയുന്ന സംരക്ഷണത്തെപ്പറ്റിയും മെഡിക്കല്‍ വശങ്ങളെപ്പറ്റിയും ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.  

ടി.ജിയുടെ സമഗ്രമായ മനുഷ്യാവകാശങ്ങള്‍, തുല്യത, വിവേചനമില്ലായ്മ, നിയമപരമായ അംഗീകാരം, ജീവിക്കാനുള്ള അവകാശം, സ്വകാര്യതയ്ക്കുള്ള അവകാശം, മെഡിക്കല്‍ ദുരുപയോഗത്തില്‍നിന്നുള്ള മോചനം മുതലായ വിഷയങ്ങളെല്ലാം, 'യോഗ്യകര്‍ത്താ തത്വങ്ങള്‍' എന്ന പേരില്‍ അറിയപ്പെടുന്നു.  ഇന്‍ഡൊനീഷ്യയിലെ യോഗ്യകര്‍ത്താ എന്ന സ്ഥലത്തു 2006-ല്‍ ലോകത്തെ പ്രധാന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഒരു കൂട്ടായ്മയിലൂടെയാണ് ഈ തത്വങ്ങള്‍ ഉരുത്തിരിഞ്ഞത്. ഇന്ത്യയുടെ സുപ്രീം കോടതി, 2014-ലെ ഒരു പ്രധാന വിധിയിലൂടെ (NALSA) ഇവയെ, ഇന്ത്യയുടെ നിയമത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്തു.  

ഈ വിധിയിലൂടെ സുപ്രീം കോടതി ടി.ജി. വിഭാഗത്തിന് സ്വയം ലിംഗനിര്‍വചനത്തിനുള്ള അവകാശം, SRS (ലിംഗമാറ്റ) ശസ്ത്രക്രിയ ചെയ്തതാണെങ്കിലും അല്ലെങ്കിലും സാമൂഹിക സാമ്പത്തിക പരാധീനതകള്‍ അനുഭവിക്കുന്നവര്‍ക്കുള്ള പഠനത്തിനും തൊഴിലിനും സംവരണത്തിനുള്ള  അവകാശം  മുതലായവ നടപ്പാക്കണമെന്ന് നിര്‍ദേശിച്ചു. ടി.ജി. അനുഭവിക്കുന്ന പേടി, ലജ്ജ, സാമൂഹിക സമ്മര്‍ദം, ഒറ്റപ്പെടുത്തലുകള്‍, സാമൂഹിക മുദ്രകുത്തലുകള്‍, ആത്മഹത്യ പ്രവണത മുതലായ പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഗൗരവമായ നടപടികള്‍ ഉണ്ടാവേണ്ടതും നിര്‍ദേശിച്ചു. ടി.ജികള്‍ക്ക് ആശുപത്രികളില്‍ വേണ്ട പരിചരണം കിട്ടാനും, പ്രത്യേകമായ ശുചിമുറി തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടാക്കുവാനും നിര്‍ദേശിച്ചു. ടി.ജികളുടെ 'മാനുഷികമായ അന്തസ്സ്,' ഒമ്പതംഗ സുപ്രീം കോടതി ബെഞ്ച്, സ്വകാര്യത മൗലികാവകാശമാക്കി പ്രഖ്യാപിച്ച വിധിയില്‍ ഊന്നിപ്പറയുകയും ചെയ്തു.  
  
ഇപ്പോഴത്തെ നിയമം

Transgender Persons (Protection of Rights) Act, 2019 (TG Act) എന്നൊരു നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച് പ്രാബല്യത്തില്‍ വന്നത് 2020 ജനുവരി പത്തിനാണ്. അതിലെ നിര്‍വചനമനുസരിച്ച്, ട്രാന്‍സ് പുരുഷനോ, ട്രാന്‍സ് സ്ത്രീയോ, SRS ശസ്ത്രക്രിയ ചെയ്താലും ഇല്ലെങ്കിലും ടി.ജിയുടെ അര്‍ഥത്തില്‍ വരും. പക്ഷെ ടി.ജി. ആണെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അടുത്ത് പോകേണ്ടി വരും. അതെ പോലെ, പിന്നീട് ഒരു എസ്.ആര്‍.എസ്. ചെയ്തുവെന്ന് വിചാരിക്കുക.  അപ്പോള്‍ പിന്നെയും, ജില്ലാ മജിസ്‌ട്രേറ്റിന്റെ അടുത്ത് പോയി ഒരു റിവൈസ്ഡ് സട്ടിഫിക്കറ്റ് വാങ്ങേണ്ടി വരും. ടി.ജി. നിയമത്തിന്റെ ഭരണഘടനാസാധുത, സ്വാതി ബിദാന്‍ ബറുവ എന്ന ട്രാന്‍സ് വ്യക്തി കൊടുത്ത ഹര്‍ജിയില്‍ സുപ്രീം കോടതി പരിഗണനയ്ക്ക് വച്ചിരിക്കുകയാണ്. അതിലെ ഒരു പ്രധാന പരാതി, ടി.ജി. നിയമം സര്‍ക്കാര്‍ ട്രാന്‍സ് വ്യക്തികളെ തിരിച്ചറിയല്‍ നടത്തുന്ന രീതിയില്‍ ആണെന്നാണ്. അതേപോലെ, ഈ നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന ശിക്ഷ വളരെക്കുറവ് ആണെന്നും പരാതി പറയുന്നു.    
  
ഈ നിയമത്തിലെ 15-ാം വകുപ്പില്‍ വളരെ പ്രധാനപ്പെട്ട പല കാര്യങ്ങളും  നിഷ്‌കര്‍ഷിച്ചിരിക്കുന്നു. ഉദാഹരണമായി-

(a) എച്ച്.ഐ.വി.  സെറം നിരീക്ഷണം

(b) ആരോഗ്യ രക്ഷാകാര്യങ്ങളില്‍, പ്രത്യേകിച്ച് എസ്.ആര്‍.എസ്., ഹോര്‍മോണ്‍ ചികിത്സ കാര്യങ്ങളില്‍ സൗകര്യം ഒരുക്കുക

(c) എസ്.ആര്‍.എസ്. ശസ്ത്രക്രിയക്കും ഹോര്‍മോണ്‍ ചികിത്സക്കും മുന്‍പും അതിനു ശേഷവും കൗണ്‍സിലിങ്

(d) വേള്‍ഡ് പ്രൊഫഷണല്‍ അസോസിയേഷന്‍ ഫോര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ഹെല്‍ത്തിന്റെ മാര്‍ഗ നിര്‍ദേശ രീതിയിലുള്ള ഒരു ഹെല്‍ത്ത് മാന്വല്‍ കൊണ്ട് വരിക

(e) ടി.ജിയുടെ പ്രശ്‌നങ്ങള്‍ക്കു അനുസൃതമായി, മെഡിക്കല്‍ പാഠ്യപദ്ധതിയില്‍ വേണ്ട മാറ്റം കൊണ്ട് വരിക

(f) ടി.ജിക്ക് ആശുപത്രികളിലും മറ്റ് ആരോഗ്യകേന്ദ്രങ്ങളിലും സുഗമമായി കയറിയിറങ്ങാനുള്ള അവസരം സൃഷ്ടിക്കുക

(g) ടി.ജിക്ക്  എസ്.ആര്‍.എസ്. ശസ്ത്രക്രിയയോ മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളോ കവര്‍ ചെയ്യുന്ന രീതിയിലുള്ള ഇന്‍ഷുറന്‍സ് ഏര്‍പ്പാടാക്കുക മുതലായവ. 
   
16-ാം വകുപ്പ് ടി.ജിക്ക് വേണ്ടി ഒരു നാഷണല്‍ കൗണ്‍സില്‍ ഉണ്ടാവണമെന്ന് നിഷ്‌കര്‍ഷിക്കുന്നു.

ഇങ്ങനെയുള്ള വാഗ്ദാനങ്ങള്‍ നിയമത്തില്‍ ഉണ്ടെങ്കിലും, നടപ്പാക്കല്‍ വളരെ പതുക്കെയാണ്.  

മെല്ലെപ്പോക്ക്

ടി.ജിക്ക് വേണ്ടി സമഗ്രമായുള്ള കേന്ദ്ര പദ്ധതിയില്‍, എല്ലാ സംസ്ഥാനത്തും കുറഞ്ഞത് ഒരു സര്‍ക്കാര്‍ ആശുപത്രി എങ്കിലും, സൗജന്യമായി എസ്.ആര്‍.എസ്. ശസ്ത്രക്രിയ, കൗണ്‍സിലിങ് ഇവ നടത്തുമെന്ന് വാര്‍ത്ത ഉണ്ടായിരുന്നു. പക്ഷെ, ഇന്നും ഇത് യാഥാര്‍ഥ്യം ആയിട്ടില്ല. ടി.ജിക്ക് വേണ്ടിയുള്ള നാഷണല്‍ കൗണ്‍സില്‍ 21.08.2020 മുതല്‍ പ്രാബല്യത്തില്‍ വന്നു. കേന്ദ്ര സാമൂഹികനീതി വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലാണ് ഇത്. കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളിലും പദ്ധതി നടത്തിപ്പിലും ഉപദേശിക്കുക എന്ന പ്രധാന ചുമതല ഈ നാഷണല്‍ കൗണ്‍സിലിനുണ്ട്. പക്ഷെ, 15 -ാം വകുപ്പ് പറയുമ്പോലെയുള്ള പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമെന്ന നിലയില്‍ ഒരു ദേശീയനയം ഇത് വരെ നിഷ്‌കർഷിച്ചിട്ടില്ല. 
 
ആശുപത്രികളിലാവട്ടെ, എസ്.ആര്‍.എസുമായി ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ Queer Affirmative കൗണ്‍സിലിങ് പരിശീലനം എടുക്കേണ്ടതുണ്ട്.  ഇതാവട്ടെ, സര്‍ജന്മാര്‍ മാത്രമല്ല, ഇതുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഗൈനക്കോളജി, യൂറോളജി, സൈക്കോളജി, എന്‍ഡോക്രൈനോളജി മുതലായ എല്ലാ സ്‌പെഷ്യലിറ്റിയിലെയും ഡോക്ടര്‍മാരും നഴ്‌സുമാര്‍ പോലും പരിശീലിക്കേണ്ടതാണ്. നേരത്തെ ഹെട്രോ സെക്ഷ്വാലിറ്റിയുടെ കണ്ണാടിയിലൂടെ, ടി.ജിയെ കണ്ടിരുന്നവര്‍, അതെല്ലാം മാറ്റി തികച്ചും പുതിയ ഒരു കാഴ്ച്ചപ്പാട് വളര്‍ത്തിയെടുക്കേണ്ടതുണ്ട്. 15-ാം വകുപ്പ് പറയുന്ന വേള്‍ഡ് പ്രൊഫഷണല്‍ അസോസിയേഷന്‍ ഫോര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ഹെല്‍ത്ത് അതിനു പറ്റിയ ഒരു പരിശീലന കേന്ദ്രമാകാം.   

ഉടനെ എന്തുവേണം?

ടി.ജിക്ക് വേണ്ടിയുള്ള നാഷണല്‍ കൗണ്‍സില്‍ സമഗ്രമായ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസിജിയര്‍ (SOP -അഥവാ വ്യക്തമായ മാനദണ്ഡങ്ങള്‍ ) പ്രഖ്യാപിച്ചു നടപ്പില്‍ വരുത്തുന്നത് വരെ ഓരോ സംസ്ഥാനവും അവരുടേതായ മാനദണ്ഡങ്ങള്‍-എസ്.ഒ.പി. നടപ്പിലാക്കേണ്ടതുണ്ട്.  ആശുപത്രികളോട് വ്യക്തിയുടെ അറിഞ്ഞുകൊണ്ടുള്ള സമ്മതപത്രം (informed consent) നിര്‍ബന്ധമായും വാങ്ങാന്‍ നിഷ്‌കര്‍ഷിക്കേണ്ടിയിരിക്കുന്നു.  
എന്തൊക്കെ എന്ന് മുഴുവനായി പറയാനാവില്ലെങ്കിലും, അത് താഴെ പറയുന്ന കാര്യങ്ങളെ ഉള്‍കൊള്ളുന്നതാവണം. 

എസ്.ആര്‍.എസിനുള്ള വ്യക്തിയുടെ ശാരീരിക ക്ഷമത, മാനസിക തയ്യാറെടുപ്പ് ഇവ ഉറപ്പു വരുത്തുക. വ്യക്തിക്ക് പിന്നീട് ആവശ്യമായി വന്നേക്കാവുന്ന തുടര്‍ ചികിത്സയെക്കുറിച്ചുള്ള, വ്യക്തമായ അറിവും, ബോധവും ഉണ്ടാക്കുക. അതിന്റെ എല്ലാ റിസ്‌കുകളും വിശദീകരിക്കുക,  മറ്റെന്തെങ്കിലും മാര്‍ഗം ഉണ്ടെങ്കില്‍ അതിനെ പറ്റി വ്യക്തിക്ക് വ്യക്തമായ അറിവ് കൊടുക്കുക.  ഇത് മെഡിക്കല്‍ റെക്കോര്‍ഡിന്റെ ഭാഗമായിരിക്കണം. ചെയ്യാതിരുന്നാല്‍ കുറ്റവും.    
കുറച്ചു ശ്രദ്ധയോടും, ശ്രമത്തോടും നടത്തേണ്ട ഒരു പദ്ധതി തന്നെയാണെന്നതില്‍ സംശയമില്ല. പക്ഷെ, അങ്ങനെ ചെയ്താല്‍, നമുക്ക്, ഇനിയും അനന്യമാരുടെ ജീവന്‍ പോകാതെ രക്ഷിച്ചേക്കാന്‍ കഴിഞ്ഞേക്കും.   

(സുപ്രീം കോടതിയില്‍ അഭിഭാഷകനാണ് ലേഖകന്‍)

content highlights: ananyah kumari alex death: transgender rights, legal protection