ആനന്ദ് അംബാനിയും രാധികാ മർച്ചന്റും ഗുരുവായൂർ ക്ഷേത്രത്തിലെത്തിയപ്പോൾ
തൃശ്ശൂര്‍: വിവാഹത്തിനു മുന്നോടിയായി ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയമകന്‍ ആനന്ദും പ്രതിശ്രുത വധു രാധികാ മര്‍ച്ചന്റും ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ആനന്ദും രാധികയും അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ഗുരുവായൂരില്‍ എത്തിയത്.
ശ്രീവല്‍സം അതിഥിമന്ദിരത്തില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ എന്നിവര്‍ ചേര്‍ന്ന് ഇരുവരെയും സ്വീകരിച്ചു. ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ പൊന്നാടയണിയിച്ചു. തുടര്‍ന്ന് ദേവസ്വം ഭരണസാരഥികള്‍ക്കൊപ്പം ആനന്ദും രാധികയും ക്ഷേത്രത്തിലെത്തി. സോപാനത്തിന് മുന്നില്‍നിന്ന് ഗുരുവായൂരപ്പനെ തൊഴുതു. ആനന്ദ് ഭണ്ഡാരത്തില്‍ കാണിക്കയുമര്‍പ്പിച്ചു. പിന്നീട് കൊടിമരച്ചുവട്ടില്‍ വെച്ച് ഭഗവാന്റെ പ്രസാദ കിറ്റ് ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍, ആനന്ദിനും രാധികയ്ക്കും നല്‍കി. ദേവസ്വം ഉപഹാരമായി മ്യൂറല്‍ പെയിന്റിങ്ങും ഇരുവര്‍ക്കുമായി സമ്മാനിച്ചു.
തുടര്‍ന്ന് ഗുരുവായൂരപ്പന്റെ ഗജവീരന്‍മാരുടെ താവളമായ പുന്നത്തൂര്‍ ആനക്കോട്ടയും സംഘം സന്ദര്‍ശിച്ചു. കൊമ്പന്‍ ഇന്ദ്രസെന്നിന് ആനന്ദും രാധികാ മര്‍ച്ചന്റും പഴം നല്‍കി. ഏതാനം മിനിട്ട് ആനക്കോട്ടയില്‍ ചെലവഴിച്ച ശേഷമാണ് അവര്‍ മടങ്ങിയത്. ജനുവരി 19 വ്യാഴാഴ്ച മുംബെയിലായിരുന്നു ആനന്ദിന്റെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹനിശ്ചയം നടന്നത്. രാധിക കഴിഞ്ഞ സെപ്റ്റംബറില്‍ മുകേഷ് അംബാനിക്കൊപ്പം ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഉച്ചയ്ക്ക് ഒരു മണിയോടെ ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ ശേഷം റോഡ് മാര്‍ഗമാണ് സംഘം ശ്രീവല്‍സത്തിലെത്തിയത്.
Content Highlights: anant ambani and radhika merchant visits guruvayur temple
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..