വനംവകുപ്പിന്റെ കൂട്ടിൽ കഴിയുന്ന കടുവ
കോയമ്പത്തൂർ: ബൊമ്മന്റെയും ബെള്ളിയുടെയും ഓമനയായ രഘുവിന്റെ കഥപോലെ ആനമല കടുവസങ്കേതത്തിൽനിന്നൊരു കടുവക്കഥ. രഘുവിനെപ്പോലെയാണ് ഇതിലെ എ.എൻ.എം.ടി.-56 എന്നുപേരിട്ട കുട്ടിക്കടുവ. അമ്മക്കടുവയിൽനിന്ന് പിരിഞ്ഞ് കാട്ടിൽ ഒറ്റപ്പെട്ടുപോയ കുട്ടിക്കടുവയെ സംരക്ഷിച്ച് സ്വന്തം കാലിൽ നിൽക്കാൻ പരിശീലിപ്പിക്കുന്ന ആനമല കടുവസങ്കേതത്തിലെ വനം ജീവനക്കാരാണ് ഇതിലെ കഥാപാത്രങ്ങൾ.
എട്ടുമാസം പ്രായമുള്ളപ്പോൾ മുള്ളൻപന്നിയെ വേട്ടയാടുന്നതിനിടെ പരിക്കേറ്റ് അവശനിലയിലായ കുട്ടിക്കടുവയ്ക്ക് ഇപ്പോൾ രണ്ടുവയസ്സ് കഴിഞ്ഞു. 120 കിലോ തൂക്കവും നല്ല ആരോഗ്യവും. ചെറിയമൃഗങ്ങളെ വേട്ടയാടാൻ പഠിച്ചെങ്കിലും ഇനി നല്ലരീതിയിൽ വേട്ട അഭ്യസിക്കണം.
അതിനായി വലിയ കൂടൊരുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. മാനാമ്പള്ളി റേഞ്ചിലെ മന്ത്രിമട്ടത്ത് 10,000 ചതുരശ്രയടി വലിപ്പമുള്ള തുറന്നകൂട്ടിലാണ് ഇപ്പോൾ കടുവ വളരുന്നത്. ഗുഹയും കിടങ്ങും കുളവും മരങ്ങളുമുണ്ടിവിടെ. എന്നാൽ, ഇനിയുള്ള പരിശീലനത്തിന് ഇതുപോരാ.
കുമാറും വാണിദാസും
രഘുവെന്ന കുട്ടിയാനയെ വളർത്തിയ ബൊമ്മനെയും ബെള്ളിയെയുംപോലെ ഈ കടുവക്കുഞ്ഞിനെ നോക്കുന്നത് കുമാറും വാണിദാസുമാണ്. ബയോളജിസ്റ്റാണ് വാണിദാസ്. കുമാർ വാച്ചറും. ഒന്നരവർഷമായി ഇവരാണ് കടുവക്കുഞ്ഞിന്റെ രക്ഷകർത്താക്കൾ. കൂട് വൃത്തിയാക്കുന്നതും ആരോഗ്യം പരിശോധിക്കുന്നതും ഭക്ഷണം കൊടുക്കുന്നതുമെല്ലാം ഇവരാണ്. കൂട്ടിലേക്ക് കയറുമ്പോൾ ഒന്നരവർഷംമുമ്പ് ഇട്ട അതേ വസ്ത്രങ്ങളിട്ട് കടുവയുടെ മുഖംമൂടിയണിഞ്ഞാണ് പോകുക. ആളെ തിരിച്ചറിയാതെ ആക്രമിക്കാൻ മുതിരുന്നത് തടയാനുള്ള പോംവഴിയാണിത്. ചിക്കൻ, ബീഫ് എന്നിങ്ങനെ ദിവസം എട്ടുകിലോ ഇറച്ചിയാണ് ഭക്ഷണമായി നൽകുന്നത്.
120 കിലോ തൂക്കമുണ്ടെങ്കിലും വേട്ടയാടി ഇരപിടിക്കാൻ കടുവയ്ക്ക് 180 കിലോവരെയെങ്കിലും തൂക്കം വരണമെന്ന് റേഞ്ചോഫീസർ പറഞ്ഞു. കാട്ടുപന്നിയുടെ ചെറിയ കുട്ടികളെയാണ് ഇപ്പോൾ വേട്ടപരിശീലിക്കാനായി നൽകുന്നത്. കാട്ടിനകത്ത് സ്വാഭാവികവേട്ടയാടൽ സാധ്യമാവാൻ ഇനിയും പരിശീലനം വേണം. രണ്ടേക്കർ വിസ്തൃതിയിൽ തുറന്ന കൂടൊരുക്കിയാൽ ഓടിയും ചാടിയും മരങ്ങൾക്കിടയിൽ മറഞ്ഞുനിന്നും വേട്ടയാടാൻ കഴിയും.
വലിയ കൂടൊരുക്കാനുള്ള അനുമതി തേടി കടുവസങ്കേതം ഡെപ്യൂട്ടി ഡയറക്ടർ ഭാർഗവ തേജ സർക്കാരിന് കത്തുനൽകിയിട്ടുണ്ട്. ഇതുവരെ കടുവക്കുട്ടിയുടെ പരിപാലനത്തിനായി 70 ലക്ഷം രൂപ വിനിയോഗിച്ചു. അടുത്തമാസംമുതൽ മാനിനെയും വലിയ പന്നികളെയും വേട്ടയാടാനുള്ള പരിശീലനം നൽകും.
Content Highlights: Anaimalai raghu elephant bomman belli tiger sanctuary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..