പ്രമോഷ് സാംഗ്മ ചങ്ങനാശ്ശേരി സെൻട്രൽ ജംഗ്ഷനിലെ ശരവണാസ് ഹോട്ടലിപെ പാചകപ്പുരയിൽ
ചങ്ങനാശ്ശേരി: 'കരളില്‍ വിളങ്ങിനില്‍ക്കും ഒരു സൂര്യകാരുണ്യം... സായാഹ്നമായി താലോലമായി...' ഈ വരികള്‍ ഹോട്ടലിലെ ശീതീകരിച്ച മുറിയിലിരുന്ന് ശ്രുതിയും താളവും തെറ്റാതെ പാടിയത് പ്രമോഷ് സാംഗ്മ. ഇദ്ദേഹം ജനിച്ചത് ആസാമില്‍, തൊഴില്‍ കേരളത്തില്‍ പാചകം, ഏറെ ഇഷ്ടം പാട്ടുകളോട്.
എട്ടുവര്‍ഷം മുമ്പാണ് ആസാം കര്‍ബിയാകുളം സ്വദേശിയായ പ്രമോഷ് സാങ്മ (28) കേരളത്തിലെത്തിയത്. ചങ്ങനാശ്ശേരി കവലയിലെ ശരവണാസ് ഹോട്ടലില്‍ ശുചീകരണതൊഴിലാളിയായി ജോലിക്കെത്തിയതാണ്. ജോലികളുടെ ഇടവേളകളില്‍ മൊബൈല്‍ഫോണില്‍ പാട്ടുകള്‍ ഇടതടവില്ലാതെ കേട്ടുകൊണ്ടിരുന്നു. പിന്നീട് ഈ പാട്ടുകള്‍ കാണാപ്പാഠമാക്കി ശ്രുതിശുദ്ധമായി പാടിത്തുടങ്ങി.മലയാളം, ഹിന്ദി, തമിഴ് പാട്ടുകള്‍ പ്രമോഷ് സാംഗമയ്ക്ക് വഴങ്ങും.
മലയാളം എഴുതാനോ,വായിക്കാനോ അറിയില്ല.സംസാരിക്കാനും അറിയില്ല.പാട്ടുകള്‍ കേട്ടുമാത്രമാണ് പഠനം.പാട്ടുകള്‍ മലയാളികള്‍ പാടുന്നതുപോലെ തന്നെ. വല്ലപ്പോഴും മാത്രമാണ് നാട്ടിലേയ്ക്ക് പോവുക. ശുചീകരണതൊഴിലാളിയായി ജോലിക്ക് കയറിയ പ്രമോഷ് ഇന്ന് ശരവണാസ് ഹോട്ടലിലെ ചൈനീസ് ഭക്ഷണങ്ങള്‍ തയ്യാറാക്കുന്ന പ്രധാന പാചകക്കാരനാണ്.
നാട്ടില്‍ അമ്മ അസുഖത്തെ തുടര്‍ന്ന് മരിച്ചതോടെയാണ് അനിയത്തിമാരുടെ പഠനച്ചെലവ് കണ്ടെത്താനായി കേരളത്തിലേയ്ക്ക് വണ്ടികയറിയത്. നാട്ടിലേയ്ക്ക് പോയാല്‍ അനിയത്തിമാരുടെ പഠനം മുടങ്ങുമെന്നാണ് പ്രമോഷ് പറയുന്നത്. ഹോട്ടല്‍ മാനേജര്‍ ചിരഞ്ജീവി പ്രമോഷിലെ സംഗീതത്തെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇടവേളകളില്‍ കിട്ടുന്ന സമയത്ത് പാട്ടുകള്‍ കേള്‍ക്കുകയെന്നതാണ് സാംഗ്മയുടെ വിനോദം.
ഒരു പാട്ട് നിരവധി തവണ കേള്‍ക്കും. ഇവ ഹൃദിസ്ഥമാക്കികഴിഞ്ഞാല്‍ മൊബൈലില്‍ കേള്‍ക്കുന്നതിനൊപ്പം പാടും. ഇത്തരത്തിലാണ് എല്ലാപാട്ടുകളും പഠിച്ചെടുത്തത്. കഴിഞ്ഞ ദിവസം നടന്ന പൊതുപണിമുടക്ക് വേദിയില്‍ പ്രമേഷ് പാടിയത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലുമായിരുന്നു.നാട്ടിലേയ്ക്ക് പോയില്ലെങ്കിലും അനിയത്തിമാരായ നന്ദിതയുടെയും റോംഗിനിയുടെയും വിദ്യാഭ്യാസം മുടങ്ങരുതെന്നാണ് പ്രമോഷിന്റെ ആഗ്രഹം.ഒഴിവുവേളകളില്‍ സ്മൂളില്‍ പാട്ടുകള്‍ പാടിയിടുന്നതും ഇദ്ദേഹത്തിന്റെ വിനോദമണ്. ഇത്തരം പാട്ടുകള്‍ക്ക് വരുന്ന ലൈക്കുകള്‍ ഒരുലക്ഷത്തിലധികവുമാണ്. ഇപ്പോള്‍ പക്ഷെ ഹോട്ടലില്‍ തിരക്ക് കൂടിയതോടെ സ്മൂളില്‍ പാട്ടുകള്‍ പാടി ഇടാനാവുന്നില്ലെന്നും ഈ ആസാംകാരന്‍ പറയുന്നത്.
Content Highlights: An Assamese worker goes viral singing Malayalam songs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..