കോഴിക്കോട്:  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞദിവസം പരാമര്‍ശിച്ച ദുരൂഹമരണത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഒരു ദുരൂഹമരണത്തെക്കുറിച്ച് അന്വേഷണം നടത്തിയോ എന്ന അമിത് ഷായുടെ ചോദ്യമാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ഇതിനിടെ, അമിത് ഷാ പരാമര്‍ശിച്ച ദുരൂഹമരണം കൊടുവള്ളി എം.എല്‍.എ. കാരാട്ട് റസാഖിന്റെ സഹോദരന്റെ അപകടമരണമാണെന്ന് സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരണമുണ്ടായി. എന്നാല്‍ സഹോദരന്റെ അപകടമരണത്തില്‍ യാതൊരു സംശയമോ ദുരൂഹതയോ ഇല്ലെന്ന് കാരാട്ട് റസാഖ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 

'സഹോദരന്റെ മരണത്തെക്കുറിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന പലതും എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അപകടമരണം നടന്നിട്ട് രണ്ടരവര്‍ഷമായി. അന്ന് എഫ്.ഐ.ആര്‍ ഇടാന്‍ അല്പം വൈകി എന്നതൊഴിച്ചാല്‍ മറ്റൊന്നുമില്ല. ഇനി അമിത് ഷാ പറഞ്ഞത് എന്റെ സഹോദരന്റെ മരണത്തെ ഉദ്ദേശിച്ചാണെങ്കില്‍ അത് അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരേണ്ടതും അവരാണ്. ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ആളാണല്ലോ ഇങ്ങനെ പറഞ്ഞത്. അതിനാല്‍ ദുരൂഹതയുണ്ടെങ്കില്‍ അന്വേഷിക്കട്ടെ. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു'- കാരാട്ട് റസാഖ് പറഞ്ഞു. 

2018 ഒക്ടോബറിലാണ് കാരാട്ട് റസാഖിന്റെ സഹോദരന്‍ അബ്ദുള്‍ ഗഫൂര്‍ താമരശ്ശേരി ചുങ്കം ജങ്ഷനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന രണ്ട് കൊടുവള്ളി സ്വദേശികള്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. അബ്ദുള്‍ ഗഫൂറും സംഘവും സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കഴിഞ്ഞദിവസം അമിത്ഷാ നടത്തിയ പരാമര്‍ശത്തോടെയാണ് ഈ അപകടമരണം വീണ്ടും ചര്‍ച്ചയാകുന്നത്. 

ഞായറാഴ്ച നടന്ന വിജയയാത്ര സമാപന വേദിയില്‍വെച്ചാണ് അമിത് ഷാ ദുരൂഹമരണ പരാമര്‍ശം നടത്തിയത്. ഡോളര്‍-സ്വര്‍ണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോടായി അമിത് ഷാ എട്ട് ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. 'ഇതുമായി ബന്ധപ്പെട്ട് സംശയാസ്പദമായ ഒരു മരണത്തെ കുറിച്ച് അന്വേഷണം നടത്തിയോ' എന്നായിരുന്നു ഷായുടെ ഒരു ചോദ്യം. എന്നാല്‍ അമിത് ഷാ പരാമര്‍ശിച്ച ദുരൂഹമരണത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതികരിച്ചു. പറഞ്ഞത് ആഭ്യന്തരമന്ത്രി അമിത് ഷായാണ്. അദ്ദേഹം തന്നെ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: amit shah said about a suspicious death karat razak mla response about his brothers accident death