തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.  ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ സമാപന വേദിയിലായിരുന്നു ഇത്.

കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പ്രവര്‍ത്തിക്കുന്നത് കേരള മുഖ്യമന്ത്രി പറയുന്നത് കേട്ടു. ഡോളര്‍ കടത്ത്-സ്വര്‍ണക്കടത്ത് കേസുകളിലെ പ്രധാനപ്രതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ അല്ലേ ജോലി ചെയ്തിരുന്നതെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്. നിങ്ങളുടെ സര്‍ക്കാര്‍ പ്രതിമാസം മൂന്നുലക്ഷം രൂപ ശമ്പളമായി നല്‍കിയിരുന്നോ ഇല്ലയോ എന്ന കാര്യം ജനങ്ങളോടു പറയണമെന്നും അമിത് ഷാ പറഞ്ഞു.

വിമാനത്താവളത്തില്‍വെച്ച് കസ്റ്റംസ് അനധികൃത സ്വര്‍ണം കണ്ടെത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദം ഉണ്ടാക്കിയോ ഇല്ലയോ എന്ന് വ്യക്തമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ഇ.ഡി.-കസ്റ്റംസ് ഓഫീസര്‍മാര്‍ ആക്രമിക്കപ്പെട്ടു. ഈ വിഷയത്തില്‍ മുഖ്യമന്ത്രി വിശദമായ അന്വേഷണം നടത്തിയോ എന്നും ഷാ ആരാഞ്ഞു.

കോണ്‍ഗ്രസിനു നേര്‍ക്കും അമിത് ഷാ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. കമ്യൂണിസ്റ്റുകളുമായി സഖ്യം ചേര്‍ന്നാണ് പശ്ചിമ ബെംഗാളില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഇവിടെ അവര്‍ പരസ്പരം മത്സരിക്കുകയാണ്. കേരളത്തില്‍ കോണ്‍ഗ്രസ് മുസ്ലിം ലീഗുമായി സഖ്യത്തിലാണ്. പശ്ചിമ ബെംഗാളില്‍ അവര്‍ ഫുര്‍ഫുറ ഷരീഫുമായി സഖ്യം ചേര്‍ന്നിരിക്കുന്നു. മഹാരാഷ്ട്രയില്‍ അവര്‍ ശിവസേനയ്‌ക്കൊപ്പമാണ്. നിങ്ങള്‍ എങ്ങോട്ടേക്കാണ് പോകുന്നത്- ഷാ ചോദിച്ചു.

എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ ആരോഗ്യകരമായ ഒരു മത്സരം നടക്കുകയാണ്. കേരളത്തെ പുരോഗതിയിലേക്ക് നയിക്കാനുള്ളതല്ല, അഴിമതി നടത്താനുള്ള മത്സരം. യു.ഡി.എഫ്. അധികാരത്തിലെത്തുമ്പോള്‍ അവര്‍ സോളാര്‍ അഴിമതി നടത്തും. എല്‍.ഡി.എഫ്. അധികാരത്തില്‍ വരുമ്പോള്‍ ഡോളര്‍ കടത്തും സ്വര്‍ണക്കടത്തും നടത്തും- അമിത് ഷാ വിമര്‍ശിച്ചു.

content highlights: amit shah asks questions to chief minister pinarayi vijayan