നെടുമ്പാശ്ശേരി: തന്റെ മൂലകോശം സ്വീകരിച്ച കുട്ടിയുടെ പുഞ്ചിരി ഇന്റര്‍നെറ്റിലൂടെ കണ്ടപ്പോള്‍ അമീര്‍ സുഹൈല്‍ ഹുസൈന് പറഞ്ഞറിയിക്കാനാകാത്ത സന്തോഷം. ലുക്കീമിയ ബാധിച്ച് മരണം മുന്നില്‍ കണ്ട കുഞ്ഞിനെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്താനായെങ്കിലും ഇതുവരെ അവളെ ഒരു നോക്കുകാണാന്‍ സുഹൈലിന് കഴിഞ്ഞിരുന്നില്ല.
പുണെയിലെ ഒരു കോളേജ് ശനിയാഴ്ച സംഘടിപ്പിച്ച സൂം മീറ്റിങ്ങില്‍ പങ്കെടുത്ത സുഹൈലിന് തന്റെ മൂലകോശം സ്വീകരിച്ച കുഞ്ഞിനെ കാണാന്‍ അവസരം ലഭിച്ചു. അവളുടെ തെളിഞ്ഞ പുഞ്ചിരി സുഹൈലിനു പകര്‍ന്നത് നിറഞ്ഞ അഭിമാനം. നേരില്‍ കാണാന്‍ കഴിയുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് സുഹൈല്‍ ഹുസൈന്‍. 26- കാരനായ സുഹൈല്‍ ഹുസൈന്റെ മൂലകോശം പുണെ സ്വദേശിനിയായ വീഹയാണ് സ്വീകരിച്ചത്. 2019-ലാണ് വീഹയ്ക്ക് രക്താര്‍ബുദം തിരിച്ചറിഞ്ഞത്. പിന്നീട് ചികിത്സയ്ക്കുവേണ്ടി യോജിക്കുന്ന മൂലകോശം കണ്ടെത്താന്‍ അലച്ചിലായിരുന്നു. നിരന്തര ശ്രമത്തിനൊടുവില്‍ യോജിച്ച മൂലകോശമുള്ള ഒരാളെ കണ്ടെത്തിയെങ്കിലും വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അവസാനം അയാള്‍ പിന്മാറി. 2018-ല്‍ ആലുവ സര്‍ക്കാര്‍ ബോയ്സ് സ്‌കൂളില്‍ സംഘടിപ്പിച്ച മൂലകോശ ദാന ക്യാമ്പില്‍ സുഹൈലും ബന്ധുവായ ഫാസിലും രജിസ്ട്രേഷന്‍ നടത്തി സാമ്പിള്‍ നല്‍കിയിരുന്നു. പരിശോധനയില്‍ ഈ മൂലകോശം വീഹയ്ക്ക് സ്വീകാര്യമാകുന്നതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇടപ്പള്ളി അമൃത ആശുപത്രിയില്‍ മൂലകോശം ദാനംചെയ്തു.
സുഹൈലിന് ആദ്യം വീട്ടുകാരില്‍നിന്ന് വലിയ എതിര്‍പ്പാണ് നേരിട്ടത്. എന്നാല്‍ പിന്നീട് വീട്ടുകാര്‍ ഒപ്പം നിന്നു. സെപ്റ്റംബര്‍ 21-നായിരുന്നു ദാനം. ഇതുവരെയും ഒരുവിധ പ്രശ്‌നവുമില്ലെന്ന് സുഹൈല്‍ പറയുന്നു. ഇനിയും വേണ്ടിവന്നാല്‍ ദാനം ചെയ്യാന്‍ സന്നദ്ധനുമാണ്. പാലക്കാട് ബിസിനസ് നടത്തുന്ന സുഹൈല്‍ നെടുമ്പാശ്ശേരി കോട്ടായി മഠത്തില്‍ വീട്ടില്‍ സക്കീര്‍ ഹുസൈന്റെയും സുനിതയുടെയും മകനാണ്. അവിവാഹിതന്‍. അവസരം ലഭിച്ചാല്‍ ഫെബ്രുവരിയില്‍ പുണെയിലെത്തി വീഹയെ നേരില്‍ കാണാനുള്ള തയ്യാറെടുപ്പിലാണ് സുഹൈല്‍.
Content Highlights: Ameer Suhail Hussain stem cell donation