കൊച്ചി: അങ്കമാലിയില്‍ കോവിഡ് രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. നിയന്ത്രണംവിട്ട ആംബുലന്‍സ് രണ്ട് ബൈക്കുകളിലും ഒരു കാറിലും ഇടിക്കുകയായിരുന്നു.

അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. വൈകിട്ട് ആറരയോടെയാണ് സംഭവം. മഞ്ഞപ്രയില്‍ കോവിഡ്  സ്ഥിരീകരിച്ച രോഗിയുമായി നെടുമ്പാശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സ് അങ്കമാലി ടി.ബി. ജങ്ഷനില്‍വെച്ച് നിയന്ത്രണം വിടുകയായിരുന്നു.

ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്തിരുന്നവര്‍ക്കാണ് പരിക്കേറ്റതെന്നാണ് വിവരം. ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെതുടര്‍ന്ന് മേഖലയില്‍ അരമണിക്കൂറോളം ഗതാഗതക്കുരുക്ക് ഉണ്ടായി.

content highlights: ambulance with covid patient met with accident at ankamali