കൊട്ടാരക്കര: കൊട്ടാരക്കരയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കൂട്ടത്തല്ലിനിടെ കുത്തേറ്റയാള്‍ മരിച്ചു. കൊട്ടാരക്കര സ്വദേശി രാഹുലാണ് മരിച്ചത്. കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ബുധനാഴ്ച രാത്രി കൊട്ടാരക്കര വിജയ ആശുപത്രിയില്‍വെച്ചാണ് ഇരുസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ രാഹുലിന് കുത്തേറ്റത്. സഹോദരന്‍മാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കാണ് കുത്തേറ്റത്. 

അക്രമികള്‍ കത്തിയുമായി ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ ഒളിച്ചതും കുത്തേറ്റവരും സംഘവും ആശുപത്രിക്കുള്ളില്‍ ഇവരെ തിരഞ്ഞതും ജീവനക്കാരെയും രോഗികളെയും ഭീതിയിലാഴ്ത്തി. ഒരുമണിക്കൂറോളം അക്രമികള്‍ ആശുപത്രിയിലും പരിസരത്തും അഴിഞ്ഞാടി.

ബുധാനാഴ്ച രാത്രി പത്തരയോടെയുണ്ടായ അക്രമത്തില്‍ കുന്നിക്കോട് വിളക്കുടി ചക്കുപാറ പ്ലാങ്കീഴില്‍ ചരുവിള പുത്തന്‍വീട്ടില്‍ വിഷ്ണു (27), സഹോദരന്‍ വിനീത് (ശിവന്‍-25), കുന്നിക്കോട് സ്വദേശി രാഹുല്‍ (26) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇതിന്‍ രാഹുലാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കഴുത്തിനു കുത്തേറ്റ വിനീതിന്റഎ നില ഗുരുതരമാണ്. ശിവനെയും ചെവിക്കു പിന്നില്‍ കുത്തേറ്റ വിഷ്ണുവിനെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രാഹുലിനെ കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കൊട്ടാരക്കരയിലെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഡ്രൈവര്‍മാരായ കൊട്ടാരക്കര ഫാത്തിമ മന്‍സിലില്‍ സിദ്ദിഖ് (36), സഹോദരന്‍ ഹാരിസ് എന്നിവരെ തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ കഴിഞ്ഞ ദിവസം കുന്നിക്കോട്ടേക്ക് വിളിപ്പിച്ചിരുന്നു. ഇവിടെ വിഷ്ണുവും ശിവനും ഉള്‍പ്പെട്ട സംഘം സിദ്ദിഖിനെ ക്രൂരമായി മര്‍ദിച്ചു. സിദ്ദിഖ് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇരുകൂട്ടരും സംഘംചേര്‍ന്ന് രാത്രിയില്‍ കൊട്ടാരക്കരയില്‍ ആശുപത്രിക്കു മുന്നില്‍ ഏറ്റുമുട്ടിയത്.

മുപ്പതംഗസംഘം ആശുപത്രിവളപ്പിലെ നോ പാര്‍ക്കിങ് ബോര്‍ഡ്, കല്ല് തുടങ്ങി കൈയില്‍ കിട്ടിയതെല്ലാമായി ഏറ്റുമുട്ടി. ഇതിനിടയിലാണ് മൂന്നുപേര്‍ക്ക് കുത്തേറ്റത്. അക്രമികള്‍ കത്തിയുമായി ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററിനുള്ളിലേക്ക് ഓടിക്കയറി. ഇവര്‍ക്കു പിന്നാലെ രക്തമൊലിക്കുന്ന ശരീരവുമായി കുത്തേറ്റവരും സംഘവും ആശുപത്രിക്കുള്ളില്‍ കടന്നു. പ്രസവ വാര്‍ഡില്‍ ഉള്‍പ്പെടെ അക്രമികള്‍ കയറിയിറങ്ങി. ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ ഒളിച്ചവരെ കണ്ടെത്താതിരുന്നതിനാല്‍ തുടര്‍സംഘര്‍ഷം ഒഴിവായി.

സംഭവവുമായി ബന്ധപ്പെട്ട് കരിക്കോട് മുണ്ടോലിമുക്ക് മുണ്ടോലി താഴതില്‍ വീട്ടില്‍ അഖില്‍ (26), മൈലം പള്ളിക്കല്‍ ചെമ്പന്‍പൊയ്ക വിജയഭവനത്തില്‍ എസ്.വിജയകുമാര്‍ (24), പുലമണ്‍ ശ്രേയസ് ഭവനില്‍ ലിജിന്‍ (31), നെടുവത്തൂര്‍ കുറുമ്പാലൂര്‍ സരസ്വതി വിലാസത്തില്‍ സജയകുമാര്‍ (28) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

Content Highlights: Ambulance driver died after being hospitalised after fights between gangs at Kottarakkara hospital