താമരശ്ശേരി: അംബുലന്‍സിന് വഴികൊടുക്കാത്തത് ചോദ്യം ചെയ്ത ആംബുലന്‍സ് ഡ്രൈവറെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചു. തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് ഈങ്ങാപ്പുഴയിലാണ് സംഭവം. ആംബുലന്‍സ് ഡ്രൈവര്‍ സിറാജിനാണ് മര്‍ദനമേറ്റത്. 

താമരശ്ശേരിയില്‍ നിന്ന് ഒരു രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോേളജ് ആശുപത്രിയില്‍ എത്തിക്കണമെന്ന് ഡ്രൈവര്‍ സിറാജിന് അറിയിപ്പ് കിട്ടി. ഇതേ തുടര്‍ന്ന് താമരശ്ശേരിയിലേക്ക് പോകുമ്പോള്‍ പിന്നാലെ എത്തിയ ടൂറിസ്റ്റ് ബസ് ഹോണടിച്ച് മുന്നില്‍ കടക്കാന്‍ ശ്രമം നടത്തികൊണ്ടേയിരുന്നു. പിന്നീട് ബസ് മുന്നില്‍ കയറി ആംബുലന്‍സിന് സൈഡ് കൊടുക്കാതെ വലച്ചു. ഈങ്ങാപ്പുഴയില്‍ വെച്ച് വഴി നല്‍കാത്തത് ചോദിച്ചപ്പോള്‍ ബസ് ജീവനക്കാര്‍ ഇറങ്ങി സിറാജിനെ മര്‍ദ്ദിക്കുകയായിരുന്നു.

നാട്ടുകാര്‍ ബസ് തടഞ്ഞ് പൊലീസില്‍ ഏല്‍പ്പിച്ചു. ബസ് ക്ലീനര്‍ ലിജേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സിറാജിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആംബുലന്‍സിന് വഴികൊടുക്കാത്തത് ശ്രദ്ധയില്‍പ്പെട്ട ബൈക്ക് യാത്രക്കാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

Content Highlights: Ambulance Driver brutally beaten by Tourist bus staffs