കൊല്ലം: കോവിഡ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ബന്ധുവായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തെ തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റിലായി. കൊല്ലം ചവറ തെക്കുഭാഗം സജികുട്ടനാണ് അറസ്റ്റിലായത്. 

ജൂണ്‍ മൂന്നാം തീയതി വീട്ടില്‍ ചികിത്സയിലായിരുന്ന കോവിഡ് രോഗിക്ക് പെട്ടെന്ന് അസുഖം മൂര്‍ച്ഛിച്ചു. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി സജികുട്ടന്‍ ആംബുലന്‍സുമായി വന്നു. സജിക്കുട്ടന്‍ ബന്ധുക്കള്‍ ആരെങ്കിലും രോഗിക്കൊപ്പം കൂടെ വരണമെന്ന് ആവശ്യപ്പെട്ടു. 

ഇതോടെ ബന്ധുവായ യുവതിയും ആംബുലന്‍സില്‍ കയറി. രോഗിയെ സമീപത്തെ ഒരു പ്രഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഇവിടെ വെച്ച് സജിക്കുട്ടന്‍ ഗ്ലൗസ് എടുക്കാന്‍ ആശുപത്രിക്ക് അകത്തേക്ക് പോയി. തിരികെ വന്ന് യുവതിയെ കടന്ന് പിടിക്കുകയായിരുന്നുവെന്നാണ് പരാതി. 

യുവതി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് സജികുട്ടനെ കസ്റ്റഡിയിലെടുത്തത്.  ഇയാളെ റിമാന്റ് ചെയ്തിട്ടുണ്ട്.  

Content Highlight: Ambulance driver arrested for rape attempt