കാക്കനാട്: സൈറൺ, ഫ്ളാഷ് ലൈറ്റ്, അമിതവേഗം, ട്രാഫിക് സിഗ്നലിൽപ്പോലും നിർത്താതെ കുതിക്കൽ... ഗുരുതര രോഗികളുമായി പോകുമ്പോൾ മാത്രം ഉപയോഗിക്കാനുള്ള സൗകര്യങ്ങളെല്ലാം എടുത്ത് കോവിഡ് രോഗിയുടെ മൃതദേഹവുമായി ആംബുലൻസ് കുതിച്ചത് എറണാകുളം മുതൽ തൂത്തുക്കുടി വരെ. ഒടുവിൽ വെഹിക്കിൾ ഇൻസ്പെക്ടർ നടത്തിയ സിനിമാക്കഥ പോലൊരു ചേസിങിനൊടുവിൽ ഡ്രൈവർ പിടിയിലായി.

അടിയന്തര ഘട്ടങ്ങളിൽ മാത്രം സ്വീകരിക്കേണ്ട ആംബുലൻസ് സൗകര്യങ്ങൾ ദുരുപയോഗം ചെയ്തതിന് അടൂർ സ്വദേശിയായ ജോയ് എന്ന ആംബുലൻസ് ഡ്രൈവർക്കാണ് മോട്ടോർ വാഹനവകുപ്പ് പിഴ ചുമത്തിയത്.

എറണാകുളം ആർ.ടി. ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആർ. ചന്തു ഒറ്റയ്ക്ക് മണിക്കൂറുകൾ പിന്തുടർന്നാണ് നിയമലംഘനം കണ്ടെത്തിയത്.

കഴിഞ്ഞദിവസം എറണാകുളത്തുനിന്ന് പുറപ്പെട്ട ആംബുലൻസ്, തിരുവനന്തപുരത്തെ വീട്ടിലേക്ക് കാറിൽ പോവുകയായിരുന്ന ചന്തുവിന്റെ മുന്നിലെത്തിയത് അരൂരിൽവെച്ച്. അത്യാസന്ന നിലയിലുള്ള രോഗികളുമായി കുതിക്കുന്ന മട്ടിൽ സൈറണും ലൈറ്റുമെല്ലാം ഇട്ട്, അമിതവേഗത്തിലായിരുന്നു ആംബുലൻസ്. പിറകിൽ രണ്ടു കാറുകളിലായി ബന്ധുക്കളുമുണ്ടായിരുന്നു. ആംബുലൻസിന്റെ പിറകിൽ മൃതദേഹം സൂക്ഷിക്കുന്നതിനുള്ള ഫ്രീസറിനുവേണ്ടി ഘടിപ്പിച്ച ജനറേറ്റർ കണ്ട് സംശയംതോന്നിയാണ് ചന്തു പിന്തുടർന്ന് നിരീക്ഷിച്ചത്. എങ്കിലും കർട്ടനിട്ട് മറച്ചതിനാൽ ഉൾവശം കാണാനായില്ല.

രോഗിയാണോയെന്ന് സംശയമുള്ളതിനാൽ തടഞ്ഞുനിർത്തി പരിശോധിക്കാനുമാവില്ല.

ഇതേത്തുടർന്ന് എ.എം.വി.ഐ. ചന്തു കൂടുതൽ ദൂരം പിന്തുടർന്ന് ദൃശ്യങ്ങൾ പകർത്തി. തിരുവനന്തപുരം വരെ നീണ്ട ഈ ചേസിങിൽ 15-ഓളം ട്രാഫിക് ജങ്‌ഷനുകളിൽ ചുവപ്പു സിഗ്നൽ തെറ്റിച്ച് യാത്രചെയ്തതായും കണ്ടെത്തി. വാഹനങ്ങളും പോലീസുമെല്ലാം ആംബുലൻസിന് വഴിയൊരുക്കുന്നുമുണ്ടായിരുന്നു.

പിന്നീട്, ചന്തു ഡ്യൂട്ടിയിൽ തിരികെയെത്തിയ ശേഷം ആംബുലൻസിെന്റ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഡ്രൈവറെ കണ്ടെത്തുകയും രോഗിയുമായല്ല, മൃതദേഹവുമായാണ് പോയതെന്ന് ഇയാൾ സമ്മതിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് ഡ്രൈവർക്ക് പിഴ ചുമത്തിയത്.

ദുരുപയോഗം ചെയ്യരുത് സംവിധാനങ്ങൾ

: അടിയന്തരമായി രോഗിയുടെ ജീവൻ രക്ഷിക്കേണ്ട സാഹചര്യങ്ങളിൽ മാത്രമേ സൈറണും ലൈറ്റുകളും ഉപയോഗിക്കാനും അതിവേഗത്തിൽ പോകാനും ആംബുലൻസുകൾക്ക്‌ അനുമതിയുള്ളു. ഈ അവസരത്തിൽ ചുവപ്പു സിഗ്നൽ ലംഘിക്കാനും അപകടമുണ്ടാക്കാത്ത തരത്തിൽ വൺവേയിലൂടെ ഇരു ദിശകളിലേക്കും പോകാനും അനുമതിയുണ്ട്.

എന്നാൽ, മൃതദേഹവുമായി പോകുന്ന ആംബുലൻസ് ഈ സൗകര്യങ്ങൾ ഉപയോഗിക്കരുതെന്നും സാധാരണ വാഹനങ്ങൾപോലെ ഓടിക്കണമെന്നുമാണ് നിയമം.

അത്യാവശ്യ ഘട്ടങ്ങളില്ലാതെ ആംബുലൻസുകൾ ഫ്ളാഷ് ലൈറ്റുകൾ പ്രവർത്തിപ്പിച്ച്, സൈറൺ മുഴക്കി ചീറിപ്പാഞ്ഞാൽ ശക്തമായ നടപടിയെടുക്കുമെന്ന് എറണാകുളം ആർ.ടി.ഒ പി.എം. ഷെബീർ വ്യക്തമാക്കി.