പുറത്തെടുക്കുമ്പോള്‍ ഒരാള്‍ക്ക് മാത്രം ജീവന്റെ തുടിപ്പ്‌; മനുവിന്റെ മണമുള്ള ബാഗില്‍ തലോടി അച്ഛന്‍


എം. അഭിലാഷ്

ഒരാളിൽ ജീവന്റെ തുടിപ്പുണ്ടായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് അതുവഴിവന്ന ആംബുലൻസിൽ മൂന്നുപേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു

അപകടത്തിൽ തകർന്ന കാറിൽ നിന്ന് കണ്ടെത്തിയ മനുവിന്റെ ബാഗ് പോസ്റ്റ്‌മോർട്ടം നടക്കുന്ന മോർച്ചറിക്ക് മുമ്പിൽ കൈമാറിയപ്പോൾ അതിൽ പറ്റിപ്പിടിച്ചിരുന്ന പൊടി നീക്കുന്ന അച്ഛൻ മോഹനൻ, ഷിജിൻദാസിന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാൻ ആംബുലൻസിൽ കയറ്റിയപ്പോൾ മൊബൈൽഫോണിലൂടെ ദൃശ്യം വീട്ടുകാരെ കാണിക്കുന്ന അച്ഛൻ യേശുദാസ് | ഫോട്ടോ: സി. ബിജു/ മാതൃഭൂമി

അമ്പലപ്പുഴ: തിങ്കളാഴ്ച പുലർച്ചേ 1.45. കാതടപ്പിക്കുന്ന ശബ്ദംകേട്ടാണു കാക്കാഴത്തുകാർ ദേശീയപാതയിൽ ഓടിയെത്തിയത്. ലോറിക്കുമുന്നിൽ ചതഞ്ഞരഞ്ഞ കാർ. അതിനുള്ളിൽ ചോരയിൽക്കുളിച്ച് അഞ്ചു ജീവനുകൾ. നാട്ടുകാർ ചേർന്ന് പിൻസീറ്റിലുണ്ടായിരുന്ന മൂന്നുപേരെ അതിവേഗം പുറത്തെടുത്തു.

ഒരാളിൽ ജീവന്റെ തുടിപ്പുണ്ടായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് അതുവഴിവന്ന ആംബുലൻസിൽ മൂന്നുപേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.

പാടെ തകർന്ന കാറിന്റെ മുൻസീറ്റിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ അഗ്നിരക്ഷാസേന വേണ്ടിവന്നു. കാർ വെട്ടിപ്പൊളിച്ച് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കാൻ മാത്രമേ ആയുള്ളൂ. ഇതിനിടെ അഞ്ചാമനും മരണത്തിനു കീഴടങ്ങി. മൃതദേഹങ്ങൾ ഒന്നൊന്നായി മോർച്ചറിയിലേക്കു മാറ്റി.

ഷിജിൻദാസിന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാൻ ആംബുലൻസിൽ കയറ്റിയപ്പോൾ ഒപ്പമിരിക്കുന്ന അച്ഛൻ യേശുദാസ്. അപകടത്തിൽ മരിച്ച പ്രസാദിന്റെ മൃതദേഹം ആംബുലൻസിൽ കയറ്റുന്നതും കാണാം | Photo: Mathrubhumi

സൂചനയായി തിരിച്ചറിയൽ കാർഡ്

:ആശുപത്രിയിലെത്തിച്ചശേഷം മരിച്ച അമലിന്റെ കീശയിലുണ്ടായിരുന്ന തിരിച്ചറിയൽ കാർഡാണ് അപകടത്തിൽപ്പെട്ടവരെ തിരിച്ചറിയാൻ സഹായിച്ചത്. തിരിച്ചറിയൽ കാർഡ് പലരു മാറി അമലിന്റെ നാട്ടുകാരനായ കൊല്ലം മൺറോത്തുരുത്ത് പഞ്ചായത്തംഗം എസ്. അനിലിന് അയച്ചുകൊടുത്ത് ആളെ തിരിച്ചറിയുകയായിരുന്നു.

മനുവിന്റെ സഞ്ചി; മൊബൈൽഫോൺ

:പോസ്റ്റ്മോർട്ടത്തിനുശേഷം മനുവിന്റെ മൃതദേഹം പുറത്തേക്കെടുക്കും മുൻപ് പോലീസുകാർ ഒരു ബാഗ് മനുവിന്റെ അച്ഛൻ മോഹനനു കൈമാറി. ജോലിസ്ഥലത്തേക്കു മനു കൊണ്ടുപോയ അതിൽ വസ്ത്രങ്ങളും മറ്റു സാധനങ്ങളുമായിരുന്നു. അപകടത്തിൽപ്പെട്ട കാറിൽനിന്നു കിട്ടിയതായിരുന്നു ബാഗ്. മകന്റെ മണമുള്ള വസ്ത്രങ്ങളടങ്ങിയ സഞ്ചിയിൽ തലോടി നിറകണ്ണുകളോടെ നിസ്സഹായനായി നിന്ന മോഹനൻ കരളലിയിപ്പിക്കുന്ന കാഴ്ചയായി.

ബന്ധുവായ നിക്സൺ, മനുവിന്റെ മൊബൈൽഫോൺ മോഹനനു നൽകി. ബാഗിലെ പൊടി തട്ടിക്കുടഞ്ഞ് മോഹനൻ വാഹനത്തിലേക്കു വെച്ചു. ഇതിനിടെ, പോസ്റ്റ്മോർട്ടത്തിനുശേഷം മനുവിന്റെ മൃതദേഹം പുറത്തെ മുറിയിൽ കൊണ്ടുവന്നെന്നറിഞ്ഞ് മോഹനൻ അവിടേക്കെത്തി. മോർച്ചറി ജീവനക്കാർ മനുവിന്റെ ചേതനയറ്റ മുഖം തുറന്നുകാട്ടി. പിന്നെ നിശ്ശബ്ദനായി മോഹനൻ ആംബുലൻസിൽ മകന്റെ മൃതദേഹത്തിനരികിലിരുന്നു.

ആദ്യം സുമോദ്; പിന്നെ അമൽ, ഒടുവിൽ മൂവർസംഘം

തിങ്കളാഴ്ച രാവിലെ പതിനൊന്നരയ്ക്കാണ് പോസ്റ്റ്മോർട്ടം തുടങ്ങിയത്. അമ്പലപ്പുഴ എസ്.ഐ. ടോൾസൺ പി. ജോസഫിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടി വളരെവേഗം പൂർത്തിയാക്കിയിരുന്നു.

പന്ത്രണ്ടരയ്ക്ക് സുമോദിന്റെ പോസ്റ്റ്മോർട്ടമാണ് ആദ്യം പൂർത്തിയായത്. മൃതദേഹം ബന്ധുക്കൾ കോട്ടയത്തേക്കു കൊണ്ടുപോയി. തൊട്ടുപിന്നാലെ അമലിന്റെ പോസ്റ്റ്മോർട്ടവും കഴിഞ്ഞു.

മൃതദേഹവുമായി ആംബുലൻസ് കൊല്ലത്തേക്കു നീങ്ങി. ഉച്ചകഴിഞ്ഞ് രണ്ടിനും 2.24-നും 2.37-നുമായി മനു, ഷിജിൻ, പ്രസാദ് എന്നിവരുടെയും പോസ്റ്റ്മോർട്ടം കഴിഞ്ഞു.

മൂവരും ഒരേ നാട്ടുകാരായതിനാൽ ഒരുമിച്ചുകൊണ്ടുപോകാനായിരുന്നു തീരുമാനം.

2.45-ന് മൃതദേഹം വഹിച്ചുള്ള മൂന്ന് ആംബുലൻസുകൾ ഒന്നൊന്നായി പുറപ്പെട്ടു. ഗവ. ടി.ഡി. മെഡിക്കൽ കോളേജ് ഫൊറൻസിക് മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. നിതിൻ സാം മാത്യു, ഡോ. ദീപ്തി സുധാകരൻ, ഡോ. അക്ഷയ് എന്നിവരുടെ നേതൃത്വത്തിൽ ഒരേസമയം മൂന്നു ടേബിളുകളിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്.

കാറോടിച്ചയാൾ ഉറങ്ങിയതാകാമെന്ന് മോട്ടോർ വാഹനവകുപ്പ്

അമ്പലപ്പുഴ: അമ്പലപ്പുഴയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിനുകാരണം കാറോടിച്ചയാൾ ഉറങ്ങിപ്പോയതാകാമെന്ന് മോട്ടോർ വാഹനവകുപ്പിന്റെ പ്രാഥമികനിഗമനം.

അപകടത്തിൽപ്പെട്ട കാറും ലോറിയും പരിശോധിച്ച അധികൃതർ ഇരുവാഹനങ്ങൾക്കും തകരാറുകളില്ലെന്ന് ഉറപ്പാക്കി. അപകടസ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങളാണ് നിർണായകതെളിവായത്. കാക്കാഴം റെയിൽവേമേൽപ്പാലത്തിൽ ശരിയായ ദിശയിൽ ഇടതുവശത്തുകൂടിയാണ് കാർവരുന്നത്. എന്നാൽ, പാലമിറങ്ങിക്കഴിഞ്ഞപ്പോൾ കാർ റോഡിന്റെ വലതുവശത്തേക്കു മാറി. പാലമിറങ്ങുമ്പോൾ റോഡിനു ചെറിയ വളവുമുണ്ട്. എതിരേവന്ന ലോറി കാറിന്റെ വരവുകണ്ട് ഒരുതവണ ബ്രേക്ക് ചെയ്തിരുന്നു. തൊട്ടുപിന്നാലെ കാർ ലോറിക്കുമുന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറി വലതുഭാഗത്തേക്കു തിരിഞ്ഞു. കാറുമായി നാലഞ്ചുമീറ്റർ നിരങ്ങിയാണുനിന്നത്. അരികയറ്റിയ ലോറിക്കു 45 ടണ്ണിനുമേൽ ഭാരമുണ്ടായിരുന്നു. ഇത് ഇടിയുടെ ആഘാതം കൂട്ടി. കാറോടിച്ച പ്രസാദും അപ്പോൾത്തന്നെ മരിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ്. സുനിലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

പോലീസ് പരിശോധന തുടരുന്നു

അപകടകാരണത്തെപ്പറ്റി അമ്പലപ്പുഴ പോലീസ് പരിശോധന തുടരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളും അപകടസ്ഥത്തുനിന്നുള്ള തെളിവുകളും പോലീസ് ശേഖരിച്ചു. ശാസ്ത്രീയപരിശോധനയും നടത്തി.

കൂടുതൽ പരിശോധനയ്ക്കുശേഷം തുടർനടപടികൾ സ്വീകരിക്കാനാണു തീരുമാനം. കാറിലുണ്ടായിരുന്നവരെല്ലാം മരിച്ചതിനാൽ ആ വഴിക്കു വിവരം ലഭിക്കില്ല. ലോറി ഡ്രൈവറിൽനിന്നും പോലീസ് വിവരം ശേഖരിച്ചിട്ടുണ്ട്.

അമ്പലപ്പുഴയിൽ കാറുമായി കൂട്ടിയിടിച്ച ചരക്കുലോറി | Photo: Mathrubhumi

മുഖ്യമന്ത്രി അനുശോചിച്ചു

ആലപ്പുഴ: അമ്പലപ്പുഴയിൽ വാഹനാപകടത്തിൽ അഞ്ചു യുവാക്കൾ മരിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു.

Content Highlights: ambalappuzha road accident kakkazham manu mortuary out side scenes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023

Most Commented