അമർനാഥും ജോർജും
തൃശ്ശൂര്‍: സ്കൂളിന് അകത്തും പുറത്തും അമര്‍നാഥിന് തുണയായത് സ്മിനി, സുബി തുടങ്ങിയ അധ്യാപികമാരായിരുന്നു. അവരുടെ ഉപദേശങ്ങളും പ്രോത്സാഹനങ്ങളും അവനില്‍ ആത്മവിശ്വാസമുയര്‍ത്തി. ഒന്‍പതാം ക്ലാസില്‍ പുതുതായെത്തിയ ജോര്‍ജ് എന്ന വിദ്യാര്‍ഥി മറ്റൊരു തുണയായി. പഠനത്തില്‍ ഒന്നാമനായ ജോര്‍ജുമായുള്ള ചങ്ങാത്തമാണ് മികച്ച വിജയങ്ങളിലേക്ക് അമര്‍നാഥിന് തുടക്കം നല്‍കിയത്. പത്തില്‍ അമര്‍നാഥ് 96 ശതമാനം മാര്‍ക്ക് നേടി.
പത്തിനുശേഷം ജോര്‍ജും അമര്‍നാഥും മാപ്രാണത്തെ ഹോളി ക്രോസ് സ്കൂളില്‍ ചേര്‍ന്നു. ബയോ മാത്സായിരുന്നു വിഷയം.
പ്ലസ്ടു കഴിഞ്ഞ് ജോര്‍ജ് രാജ്യാന്തര സര്‍വകലാശാലകളിലേക്ക് പ്രവേശനത്തിനായി നടത്തുന്ന എസ്.എ.ടി. പരീക്ഷാപരിശീലനത്തിന് കൊച്ചിയില്‍ പോയി. സാമ്പത്തികപ്രതിസന്ധി കാരണം അമര്‍നാഥിന് പോകാനായില്ല. എസ്.എ.ടി. പരീക്ഷ ജയിച്ച ജോര്‍ജ് അമേരിക്കയിലെ സര്‍വകലാശാലയില്‍ 2.75 കോടിയുടെ സ്കോളര്‍ഷിപ്പ് നേടി.
ജോര്‍ജ് പഠനസാമഗ്രികളെല്ലാം അമര്‍നാഥിന് നല്കി. പരീക്ഷ ജയിക്കാനുള്ള പ്രായോഗിക ഉപദേശങ്ങളും പറഞ്ഞുകൊടുത്തു. അപേക്ഷ അയയ്ക്കാന്‍ സഹായിച്ചു. അമര്‍നാഥ് ഉണര്‍ന്നുപ്രവര്‍ത്തിച്ചു. അത് ഫലം കണ്ടു.
Also Read
കൊച്ചുവാടകവീട്ടിലേക്ക് ഒത്തിരി സന്തോഷമെത്തി. തേപ്പുകാരന്റെ മകനെന്നും പാണ്ടിത്തമിഴനെന്നും കളിയാക്കിയിരുന്നവരെ അമര്‍നാഥ് വലിയ നേട്ടത്തിലൂടെ ഞെട്ടിച്ചു. അമര്നാഥിലൊരു പ്രതിഭയുണ്ടെന്ന് കണ്ടെത്തി പ്രോത്സാഹിപ്പിച്ച അധ്യാപകര്‍ സ്വപ്നം കണ്ടിരുന്ന നേട്ടം. മാതാപിതാക്കളുടെ പ്രാര്‍ഥനയ്ക്ക് കിട്ടിയ പ്രതിഫലം- അമേരിക്കയില്‍ നാലുവര്‍ഷത്തെ എന്‍ജിനീയറിങ് പഠനത്തിന് സര്‍വകലാശാലയുെട ഒന്നരക്കോടി രൂപയുടെ (2.09 ലക്ഷം ഡോളര്‍) സ്കോളര്‍ഷിപ്പാണ് അമര്‍നാഥ് നേടിയെടുത്തത്.
വെമോണ്ടിലെ നോര്‍വിച്ച് സര്‍വകലാശാലയില്‍ നാലുവര്‍ഷത്തെ കംപ്യൂട്ടര്‍ സയന്‍സ് പഠനത്തിനുള്ള സ്കോളര്‍ഷിപ്പാണ് അമര്‍നാഥ് നേടിയത്.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഒന്നാംവര്‍ഷ രസതന്ത്ര ബിരുദവിദ്യാര്‍ഥിയായിരുന്നു അമര്‍നാഥ് അപ്പോള്‍. അമേരിക്കയിലെ ഏഴ് സര്‍വകലാശാലകളിലും ഇറ്റലിയിലെ ഒരു സര്‍വകലാശാലയിലും അമര്‍നാഥിന് സ്കോളര്‍ഷിപ്പ് കിട്ടിയിരുന്നു. അതില്‍ മികച്ചതായ വെമോണ്ടിലെ നോര്‍വിച്ച് സര്‍വകലാശാലയാണ് തിരഞ്ഞെടുത്തത്.
പ്രതിസന്ധി പിന്നെയും
പക്ഷേ, വലിയൊരു പ്രതിസന്ധി അവിടെ ബാക്കിയുണ്ടായിരുന്നു. സ്കോളര്‍ഷിപ്പ് കിട്ടുക രണ്ടാംവര്ഷംമുതലാണ്. ആദ്യവര്‍ഷത്തേക്കുള്ള പണവും യാത്രയ്ക്കുള്ള തുകയും കണ്ടെത്തണം. ഒട്ടും ചെറുതല്ലാത്ത തുക. അമര്‍നാഥിനും കുടുംബത്തിനും ചിന്തിക്കാനാകുന്നതിലും വലുതാണ്. ഉടന്‍ കണ്ടെത്തുകയും വേണം.
2021 ഓഗസ്റ്റില്‍ ക്ലാസ് തുടങ്ങും. അതിനുമുന്നേ അമേരിക്കയിലെത്തണം. പലരും വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. അതില്‍ ചിലത് വാഗ്ദാനമായി അവശേഷിച്ചു. കുറേപ്പേര് സഹായമെത്തിച്ചു. പക്ഷേ, അതുകൊണ്ടൊന്നും തികയില്ല. അമേരിക്കയിലെ പഠനം അനിശ്ചിതത്വത്തിലായി. വീട്ടില്‍ മ്ലാനത പടര്‍ന്നു.
വൈകാതെ അമര്‍നാഥിന്റെ വീട്ടിലേക്ക് ജോര്‍ജ് എത്തി. പഠനത്തിനായി അമേരിക്കയിലേക്ക് പോകുംമുന്നേ യാത്ര പറയാന്‍. ജോര്‍ജിന് വേറെ സര്‍വകലാശാലയിലാണ് പ്രവേശനം കിട്ടിയിരിക്കുന്നത്. അവിടെ മുന്നേ ക്ലാസ് തുടങ്ങുകയാണ്. അമര്‍നാഥിന്റെ പഠനം ആരംഭിക്കാന്‍ സമയമുണ്ട്. അമേരിക്കയില്‍വെച്ച് കാണാമെന്ന് പറഞ്ഞ് ജോര്‍ജ് പിരിഞ്ഞു. കാണാന്‍ സാധ്യതയില്ലെന്ന് അമര്‍നാഥ് മനസ്സില്‍ പറഞ്ഞു. (തുടരും)
ആദ്യ ഭാഗം - 'അച്ഛാ എനിക്ക് പഠിക്കണം, ഇവിടെനിന്നാല്‍ കഴിയില്ല; ഞങ്ങളെ കൂട്ടിക്കൊണ്ട് പോകണം,കഷ്ടപ്പാട് തീര്‍ക്കും'
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..