'വിറ്റ് കാശാക്കി എന്ന് എല്ലാവരും പറഞ്ഞു'; ഭര്‍ത്താവിന്റെ അവയവദാനത്തിന് അനുമതി നല്‍കിയ സുജാത പറയുന്നു


അമൃത എ.യു.

കർണാടക സ്വദേശി അമരേഷിന് വെച്ചുപിടിപ്പിച്ച ഭർത്താവ് വിനോദിന്റെ കയ്യിൽ ചുംബിച്ചുവിങ്ങിപ്പൊട്ടുന്ന ഭാര്യ സുജാത. സമീപം മകൾ നീതു.

കൊച്ചി: "പത്തിരുപത്തെട്ട് വർഷം ഞങ്ങള്‍ക്കുവേണ്ടി വേല ചെയ്ത കൈകളാണ്...". മരിച്ചുപോയ ഭർത്താവ് വിനോദിന്റെ കരങ്ങള്‍ തഴുകിയും ഉമ്മവെച്ചും പൊട്ടിക്കരയുന്ന സുജാത കണ്ടുനിന്നവര്‍ക്ക് നോവായി മാറിയെങ്കിലും, വിനോദിന്റെ ആ കരങ്ങളിലൂടെ പുതുജീവിതത്തിലേക്ക് കടക്കുകയാണ് അമരേഷ് എന്ന യുവാവ്. മരണാനന്തര അവയവദാനത്തിലൂടെ വിനോദിന്റെ കൈകളുമായി അമരേഷിന് ഇനി പുതുജീവിതത്തിലേക്ക് കടക്കുമ്പോൾ മസ്തിഷ്‌കമരണം സംഭവിച്ച ആലപ്പുഴ സ്വദേശി അമ്പിളിയുടെ കൈകൾ യൂസഫെന്ന മറ്റൊരു യുവാവിനും തുണയാകും.

കർണാടക സ്വദേശിയായ അമരേഷിനും (25) ഇറാഖി പൗരനായ യൂസിഫ് ഹസൻ സയീദ് അൽ സുവൈനിയ്ക്കും (29) കൊച്ചി അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയയിലൂടെ വിജയകരമായി കൈകൾ തുന്നിച്ചേർത്തത്.

ഞാൻ എന്റെ ഭർത്താവിനെ വിറ്റ് കാശാക്കി എന്നാണ് എല്ലാവരും പറഞ്ഞത്. ഭർത്താവിന്റെയും എന്റെയും ബന്ധുക്കളും നാട്ടുകാരുമെല്ലാം അങ്ങനെയാണ് പറഞ്ഞത്. എനിക്ക് ഒന്നും അറിയില്ല. അന്ന് ഡോക്ടർ എന്നോട് ചോദിച്ചു ചേട്ടന്റെ അവയവങ്ങൾ കൊടുക്കാമോ എന്ന്, ഞാൻ അതിന് സമ്മതിക്കുകയായിരുന്നു. മൂന്ന് പേരുടെ വിവരങ്ങളേ എനിക്ക് ഇപ്പോഴും അറിയുകയുള്ളൂ... കരഞ്ഞുകൊണ്ട് സുജാത പറഞ്ഞു.

കർണാടകയിലെ ഗുൽബർഗ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയിൽ (ജെസ്‌കോം) ജൂനിയർ പവർമാൻ ആയ അമരേഷിന് 2017 സെപ്റ്റംബറിലാണ് ഇലക്ട്രിക് ലൈനിൽ ജോലി ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റത്. ഇരുകൈകൾക്കും ഗുരുതരമായി പരിക്കേറ്റ അമരേഷിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കുന്നതിനായി ഡോക്ടർമാർക്ക് ഇരുകൈകളും മുറിച്ചുമാറ്റേണ്ടി വന്നു. തുടർന്ന് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലുള്ള കേരള നെറ്റ് വർക്ക് ഫോർ ഓർഗൻ ഷെയറിങ് (കെഎൻഒഎസ്) വഴി 2018 സെപ്റ്റംബറിൽ രജിസ്റ്റർ ചെയ്ത അമരേഷ് തുടർന്നിങ്ങോട്ട് വർഷങ്ങളായി അനുയോജ്യനായ ഒരു ദാതാവിനായുള്ള കാത്തിരിപ്പിലായിരുന്നു. ഇതിനിടയിലാണ് കൊല്ലം സ്വദേശി വിനോദ് സഞ്ചരിച്ചിരുന്ന ബൈക്ക് സ്വകാര്യബസ്സുമായി കൂട്ടിയിടിച്ച് അപകടമുണ്ടായതും തുടർന്ന് 2022 ജനുവരി 4 ന് മസ്തിഷ്കമരണം സംഭവിച്ചതും.

"ചെറിയ പ്രായത്തിൽ തന്നെ കൈകൾ നഷ്ടമായത് എന്നെ വളരെയധികം തളർത്തി. എന്റെ ജീവിതം തന്നെ തകർന്ന അവസ്ഥയായി. പുതിയ കൈകൾ ലഭിക്കുക എന്നത് എനിക്ക് അന്ന് ഒരു സ്വപ്നം മാത്രമായാണ് തോന്നിയിരുന്നത്. എന്നാൽ എന്റെ പ്രാർത്ഥനകൾ ദൈവം കേട്ടു. ഇനി എന്റെ വിരലുകൾ ചലിപ്പിച്ചു തുടങ്ങാൻ കഴിയുന്ന ദിവസത്തിനായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എനിക്ക് പുതിയൊരു ജീവിതവും പുതിയ പ്രതീക്ഷകളും നൽകിയ അമൃത ആശുപത്രിയിലെ ഡോക്ടർമാരോട് ഞാൻ നന്ദി പറയുകയാണ്.- അമരേഷ് പറഞ്ഞു.

ബാ​ഗ്ദാദിൽ നിന്നുള്ള യൂസിഫ് ഹസൻ ഇന്റീരിയർ കൺസ്ട്രക്ഷൻ തൊഴിലാളിയാണ്. ജോലിക്കിടെ ഡ്രില്ലർ അപ്രതീക്ഷിതമായി ഉയർന്ന വോൾട്ടേജിലുള്ള ഇലക്ട്രിക് ലൈനിൽ തട്ടുകയും ഇദ്ദേഹത്തിന് ഷോക്കേൽക്കുകയുമായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ച യൂസിഫിന്റെ പരിക്ക് ഗുരുതരമായിരുന്നതിനാൽ ഇരുകൈകളും കൈമുട്ടിന്റെ ഭാഗത്തുവച്ച് മുറിച്ചു മാറ്റേണ്ടതായി വന്നു. തുടർന്ന് 2021 ജൂലൈയിലാണ് യൂസിഫ് മരണാനന്തര അവയവദാനം വഴി കൈകൾ ലഭിക്കുന്നതിനായി കേരള ഓർഗൻ ഷെയറിങ് രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്തത്. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്‌കമരണം സംഭവിച്ച ആലപ്പുഴ സ്വദേശി അമ്പിളി (39) യുടെ കൈകളാണ് യൂസിഫിന് താങ്ങായെത്തിയത്.

കൊച്ചി അമൃത ആശുപത്രിയിലെ സെന്റർ ഫോർ പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്റ്റീവ് സർജറി വിഭാഗത്തിലെ ഡോക്ടർ സുബ്രഹ്മണ്യ അയ്യരുടെ
നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

2015 ജനുവരിയിൽ മനു എന്ന 30 വയസ്സുകാരന് ഇത്തരത്തിലുള്ള ആദ്യത്തെ കൈമാറ്റ ശസ്ത്രക്രിയ നടത്തി ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിലുള്ള അമൃതയിലെ ശസ്ത്രക്രിയ സംഘമാണ് ഇന്ത്യയിൽ കൈമാറ്റ ശസ്ത്രക്രിയയ്ക്ക് തുടക്കമിട്ടത്. ഇതുവരെ അമൃതയിൽ ആകെ 11 പേർക്ക് കൈ മാറ്റിവയ്ക്കൽ ശസ്തക്രിയ നടത്തിയിട്ടുണ്ട്.

Content Highlights: Amaresh And Yusif, Get New Life, With Transplanted Hands

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented