ന്യൂഡല്‍ഹി: ഒളിമ്പ്യന്‍ മയൂഖ ജോണി ഉന്നയിച്ച ആളൂര്‍ പീഡനക്കേസിലെ പ്രതി സി.സി.ജോണ്‍സണ് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് അജയ് അസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

ജാമ്യ വ്യവസ്ഥകള്‍ വിചാരണ കോടതിക്ക് തീരുമാനിക്കാം എന്ന് സുപ്രീം കോടതി വ്യക്തമാക്കി. 2016ല്‍ നടന്നു എന്ന് ആരോപിക്കപ്പെടുന്ന ബലാത്സംഗത്തില്‍ പരാതി നല്‍കിയത് 2021 ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു എങ്കിലും കേസിലെ അന്വേഷണവും വിചാരണയും ഉള്‍പ്പടെയുള്ള മറ്റ് നടപടികള്‍ തുടരാം എന്ന് സുപ്രീം കോടതി വ്യക്തമാക്കി. 

സി.സി.ജോണ്‍സണ് വേണ്ടി മുതിർന്ന അഭിഭാഷകന്‍ ആര്‍.ബസന്ത്, അഭിഭാഷകന്‍ രാകേന്ദ് ബസന്ത് എന്നിവര്‍ ഹാജരായി, ഇരയ്ക്ക് വേണ്ടി സീനിയര്‍ അഭിഭാഷക വൃന്ദ ഗ്രോവറും സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി .പ്രകാശും ഹാജരായി.

Content Highlights: aloor sexual assault case accused got anticipatory bail from supreme court