'ആരോപണങ്ങള്‍ക്ക് വ്യക്തതയില്ല'; മീഡിയവണ്ണിന് എതിരായ രേഖകള്‍ പരിശോധിച്ച ശേഷം സുപ്രീം കോടതി


ബി. ബാലഗോപാല്‍/മാതൃഭൂമി ന്യൂസ് 

സുപ്രീംകോടതി | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

ന്യൂഡല്‍ഹി: മീഡിയവണ്ണിന് എതിരെ മുദ്രവെച്ച കവറില്‍ ഹാജരാക്കിയ ഫയലിലെ ആരോപണങ്ങള്‍ അവ്യക്തമാണെന്ന് സുപ്രീം കോടതി നിരീക്ഷണം. മുദ്രവെച്ച കവറിലെ പ്രസക്തമായ നാല് പേജുകള്‍ പരിശോധിച്ച ശേഷമാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. അതേസമയം, ചാനലിന്റെ ലൈസെന്‍സ് പുതുക്കുന്ന സമയത്ത് സുരക്ഷാ അനുമതി ആവശ്യമാണെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തോട് സുപ്രീം കോടതി യോജിച്ചു. സംപ്രേക്ഷണ വിലക്കിന് എതിരെ മീഡിയവണ്‍ ഉടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി വിധി പറയാനായി മാറ്റി.

സുരക്ഷാ അനുമതി നിഷേധിക്കുന്നതിന് കാരണമായ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഫയലാണ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് പരിശോധിച്ചത്. ഫയലിലെ 807 - 808 പേജുകളിലെ അഞ്ചാം ഖണ്ഡികയും, 839 -840 പേജുകളിലെ മിനുട്‌സും പരിശോധിച്ച ശേഷമാണ് ആരോപണങ്ങള്‍ അവ്യക്തമാണെന്ന് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് നിരീക്ഷിച്ചത്. കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിലെ രണ്ട് ഖണ്ഡികകളില്‍ ഇക്കാര്യം പരാമർശിച്ചിട്ടുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.



ഈ നാല് പേജുകളും വായിച്ചുനോക്കാന്‍ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ. എം. നാടരാജിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ പേജുകള്‍ പരിശോധിച്ചു. ഫയലിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച് തനിക്ക് അഭിപ്രായം കഴിയില്ലെന്ന് അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. ഫയല്‍ മീഡിയ വണ്ണിന്റെ അഭിഭാഷകര്‍ക്ക് കൈമാറുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇതേത്തുടര്‍ന്നാണ് ജഡ്ജിമാര്‍ മാത്രം ഫയല്‍ പരിശോധിച്ചത്. വിധി എഴുതുന്നതിനായി ഫയല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ബെഞ്ച് വാങ്ങി.

ഇതിനിടെ മീഡിയവണ്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്റെ ഓഹരി ഘടനയെ സംബന്ധിച്ച വിശദാംശങ്ങള്‍ കൈമാറാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. 67000- ഓളം ഓഹരി ഉടമകള്‍ ഉണ്ടെന്ന് ചാനല്‍ കോടതിയെ അറിയിച്ചു. ഇവരുടെ വോട്ടവകാശം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അറിയിക്കാനാണ് സുപ്രീം കോടതി നിര്‍ദേശം. മീഡിയവണ്ണിന് വേണ്ടി സീനിയര്‍ അഭിഭാഷകരായ ദുഷ്യന്ത് ദാവെ, മുകുള്‍ റോത്തഗി, ഹുസേഫാ അഹമദി, അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എന്നിവരാണ് ഹാജരായത്.

സുരക്ഷാ ഭീഷണിയാണെങ്കില്‍ എന്തുകൊണ്ടാണ് മീഡിയ വണ്‍ ചാനലിന് ഡൗണ്‍ ലിങ്കിങ് ലൈസെന്‍സ് പുതുക്കി നല്‍കിയതെന്ന് വാദം കേള്‍ക്കലിനിടയില്‍ സുപ്രീം കോടതി ആരാഞ്ഞു. ഇതിന് പുറമെ ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കാതെ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറലിനെ കൊണ്ട് വാദം എഴുതി നല്‍കിയതിലും സുപ്രീം കോടതി അത്ഭുതം രേഖപ്പെടുത്തി. മുദ്രവെച്ച കവറില്‍ രേഖകള്‍ കൈമാറുന്നതിനോട് തനിക്ക് വിയോജിപ്പാണെങ്കിലും ദേശസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളില്‍ അതില്‍ ഇളവ് നല്‍കേണ്ടിവരുമെന്നും ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.

Content Highlights: 'Allegations lack clarity'; Supreme Court on Media One case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented