തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ എന്‍ആര്‍ഐ സീറ്റുകളില്‍ ഒത്തുകളി നടത്തിയെന്ന മാനെജ്‌മെന്റുകളുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് എന്‍ട്രന്‍സ് കമ്മീഷണര്‍. ഒഴിവരുന്ന എന്‍ആര്‍ഐ സീറ്റുകള്‍ മെറിറ്റ് സീറ്റുകളാക്കി മാറ്റുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. 

നിയമപ്രകാരം തന്നെയാണ് എന്‍ആര്‍ഐ സീറ്റുകളെ മെറിറ്റ് സീറ്റുകളാക്കി മാറ്റിയത്. ഇത്തരത്തില്‍ പ്രവേശനം നടത്തുമെന്ന് നേരത്തെ തന്നെ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും അറിയിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി എന്‍ട്രന്‍സ് കമ്മീഷണറുടെ ഓഫീസില്‍ നിന്ന വിശദീകരണ കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. എന്‍ആര്‍ഐ സീറ്റുകള്‍ മിച്ചം വന്നത് ഏത് കോഴ്‌സിലേക്കാണോ അതേ കോഴ്‌സിലേക്ക് തന്നെ മൈറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്താവുന്നതാണെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു. 

111 സീറ്റുകളാണ് എന്‍ആര്‍ഐ ക്വാട്ടയില്‍ ഒഴിവുവന്നത്. ഇവയിലേക്കാണ് ഇന്ന രാവിലെ മെറിറ്റ് ലിസ്റ്റില്‍ നിന്ന് പ്രവേശനം നടത്തുന്നത്. ആദ്യം സംവരണ അടിസ്ഥാനത്തിലാണ് പ്രവേശനം നല്‍കിയത്.  അത് പൂര്‍ത്തിയായതിന് ശേഷം ഇപ്പോള്‍ പൊതുവിഭാഗത്തിലേക്കാണ് പ്രവേശനം നടക്കുന്നത്. ഏതാണ്ട് 50 സീറ്റുകള്‍ മാത്രമാണ് ഇനി ശേഷിക്കുന്നതെന്നാണ് വിവരം.