വീടിന്റെ ഭിത്തിൽ ഉടമസ്ഥാവകാശം എഴുതിയ നിലയിൽ | Photo: Screengrab from Mathrubhumi News
കൊല്ലം: ചവറയില്‍ വായ്പ തിരിച്ചടവ് മുടങ്ങിയ വീടുകള്‍ക്ക് മുന്നില്‍ ഉടമസ്ഥാവകാശം എഴുതിപ്പിടിപ്പിച്ച് സ്വകാര്യ പണമിടപട് സ്ഥാപനത്തിന്റെ പ്രാകൃത നടപടി. ചോളഹോം ഫിനാന്‍സ് ലിമിറ്റഡിന്റെ പേരിലാണ് നടപടി. സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് വായ്പ എടുത്ത് തിരിച്ചടവ് മുടങ്ങിയ ആളുകളുടെ വീട്ടിലാണ് ഇത്തരത്തില്‍ സ്പ്രേ പെയിന്റുകൊണ്ട് വലിയ അക്ഷരത്തില്‍ ഉടമസ്ഥാവകാശം എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. സ്ഥാപനത്തിലെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തുന്നതായും പരാതിക്കാര്‍ ആരോപിച്ചു.
വായ്പ എടുത്തശേഷം ഒരു മാസം തിരിച്ചടവ് മുടങ്ങിയാല്‍ ആദ്യം മഞ്ഞനിറത്തിലുള്ള സ്റ്റിക്കര്‍ പതിപ്പിക്കുന്നതാണ് രീതി. രണ്ടാമത് പച്ച നിറത്തിലുള്ള സ്റ്റിക്കല്‍ പതിക്കും. തുടര്‍ന്നാണ് സ്പ്രേ പെയിന്റ് കൊണ്ട് ഈവസ്തു തങ്ങളുടെതാണെന്ന രീതിയില്‍ ഉടമസ്ഥാവകാശം എഴുതുന്നതെന്നാണ് പരാതിക്കാര്‍ പറയുന്നത്. ചവറ ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളില്‍നിന്ന് ഇത്തരത്തില്‍ പരാതി ഉയരുന്നുണ്ട്. നാല് പേരാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ പ്രതികരണം സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
ചോളമണ്ഡലത്തില്‍ നിന്ന് എടുത്ത ലോണിന്റെ തിരിച്ചടവ് ഒരു വട്ടം മുടങ്ങിയപ്പോള്‍ ഭിത്തിയില്‍ സ്റ്റിക്കര്‍ ഒട്ടിച്ചുവെന്ന് പരാതിക്കാരി പ്രഭ പറഞ്ഞു. തങ്ങളുടെ നിയമം ഇങ്ങനെയാണെന്നും ചെയ്യാനുള്ള അധികാരമുണ്ടെന്നുമാണ് ജീവനക്കാര്‍ പ്രതികരിച്ചത്. ഈമാസം ഗേറ്റില്‍ വലിയ സ്റ്റിക്കര്‍ പതിച്ചു. ഏതുവിധേനയും പണം അടക്കണമെന്നും അല്ലെങ്കില്‍ ജയിലില്‍ അടക്കുമെന്നും കളക്ഷന്‍ മാനേജര്‍ ഭീഷണിപ്പെടുത്തി. ആത്മഹത്യ ചെയ്തുകൂടേയെന്നും അത്മഹത്യ ചെയ്താല്‍ ഇന്ഷുറന്സുകാര് പണം തരുമെന്നുമെല്ലാം ഇവർ പറഞ്ഞതായും പരാതിക്കാർ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..