വാഴക്കുല എന്ന കൃതിയുടെ കവർ, ചിന്ത ജെറോം | ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം കേരള സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ ഗവേഷണ പ്രബന്ധത്തില്‍ കോപ്പിയടിയെന്ന് ആരോപണം. വാഴക്കുല എന്ന കൃതിയുടെ രചയിതാവായി ചങ്ങമ്പുഴയുടെ പേരിനു പകരം വൈലോപ്പിള്ളിയുടെ പേര് തെറ്റായി ചേര്‍ത്തതു സംബന്ധിച്ച വിവാദത്തിനു പിന്നാലെയാണ് കോപ്പിയടി ആരോപണവും ഉയരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി നാളെ കേരള സര്‍വകലാശാലാ വിസിക്ക് പരാതി നല്‍കും.
ബോധി കോമണ്‍സ് എന്ന വെബ്‌സൈറ്റില്‍ 2010-ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ ആശയം ചിന്താ ജെറോം തന്റെ പ്രബന്ധത്തില്‍ അതേപടി ഉപയോഗിച്ചതായാണ് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ആരോപിക്കുന്നത്. ബ്രഹ്‌മപ്രകാശ് എന്നയാളുടെ പേരിലുള്ള ഈ ലേഖനത്തിലും വാഴക്കുലയുടെ രചയിതാവ് 'വൈലോപ്പിള്ളി' എന്നാണ് തെറ്റായി ചേര്‍ത്തിരിക്കുന്നത്. ഈ ഭാഗം അതേപടി ചിന്താ ജെറോം തന്റെ പ്രബന്ധത്തിലും കോപ്പിയടിക്കുകയായിരുന്നെന്നും ലേഖനത്തിലുണ്ടായ തെറ്റും അതോടൊപ്പം പ്രബന്ധത്തിലും ആവര്‍ത്തിക്കുകയായിരുന്നെന്നുമാണ് ആരോപണം.

ചിന്താ ജെറോമിന്റെ പ്രബന്ധത്തിലേതുപോലെതന്നെ പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകളിലെ ജാതി, വര്‍ഗ തലങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനിടെയാണ് ബോധി കോമണ്‍സിലെ ലേഖനത്തിലും വാഴക്കുല എന്ന കൃതിയേപ്പറ്റി പറയുന്നത്. ഇതില്‍ 'ആര്യന്‍' എന്ന ചിത്രത്തിലെ സംഭാഷണത്തെ സൂചിപ്പിക്കുന്ന ഭാഗത്താണ് വാഴക്കുലയുടെ രചയിതാവിനെ 'വൈലോപ്പള്ളി' എന്ന് പരാമര്‍ശിക്കുന്നത്. ഈ ലേഖനത്തില്‍ വൈലോപ്പിള്ളി എന്നതിനു പകരം 'വൈലോപ്പള്ളി' എന്ന് തെറ്റായാണ് എഴുതിയിട്ടുള്ളത്. ഇത് അതേപടി കോപ്പിയടിച്ചതുകൊണ്ടാണ് ചിന്തയുടെ പ്രബന്ധത്തിലും 'വൈലോപ്പള്ളി' എന്ന അക്ഷരത്തെറ്റുപോലും അതേപടി ആവര്‍ത്തിച്ചിരിക്കുന്നതെന്നും സേവ് യൂണിവേഴ്സിറ്റി ഫോറം ചൂണ്ടിക്കാട്ടുന്നു.
ചിന്താ ജെറോമിന്റെ പ്രബന്ധത്തില്‍ കോപ്പിയടിച്ച ഭാഗങ്ങളുണ്ടെന്നും ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേവ്‌സിറ്റി ഫോറം നാളെ വിസിക്ക് കത്ത് നല്‍കുമെന്ന് ഭാരവാഹികള്‍ മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു. ചങ്ങമ്പുഴയുടെ പേരിന് പകരം വൈലോപ്പിള്ളിയുടെ പേര് തെറ്റായി ചേര്‍ത്തത് അടക്കം നിരവധി തെറ്റുകളുണ്ടെന്നും പ്രബന്ധം പുനഃപരിശോധിക്കണമെന്നുമാശ്യപ്പെട്ട് നേരത്തെ വൈസ് ചാന്‍സിലര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
Content Highlights: Allegation of plagiarism on Chintha Jerome's Ph.d thesis; Save University Forum to complain to V.C
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..