പൂട്ടിയിടുന്നത് നഷ്ടം, വില കൂട്ടാന്‍ ഇന്ധനം പൂഴ്ത്തിവയ്ക്കുന്നുവെന്ന ആരോപണം തെറ്റാണെന്ന് പമ്പുടമകള്‍


By ഇ. ജിതേഷ്‌

2 min read
Read later
Print
Share

ട്രക്കുകള്‍ ലഭ്യമല്ലാത്തതിനാലാണ് ഇന്ധന വിതരണം വൈകുന്നതെന്നാണ് എണ്ണ കമ്പനികള്‍ പറയുന്നത്‌

പ്രതീകാത്മക ചിത്രം

കോഴിക്കോട്: കൂടുതല്‍ ലാഭമുണ്ടാക്കാന്‍ പമ്പുകള്‍ ഇന്ധനം പൂഴ്ത്തിവയ്ക്കുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് പമ്പുടമകളുടെ സംഘടനായ ഓള്‍ കേരള പെട്രോളിയം ഫെഡറേഷന്‍ അസോസിയേഷന്‍. സംസ്ഥാനത്ത് ഇന്ധന ലഭ്യത കുറഞ്ഞതില്‍ പമ്പുടമകളെ കുറ്റക്കാരാക്കിയുള്ള പ്രചാരണം തെറ്റാണെന്നും എണ്ണ കമ്പനികളില്‍ നിന്ന് ഇന്ധനം ലഭിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും ഓള്‍ കേരള പെട്രോളിയം ഫെഡറേഷന്‍ അസോസിയേഷന്‍ ഭാരവാഹി ഫിറോസ് സെബാസ്റ്റിന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

നിലവില്‍ പെട്രോളിന് മൂന്ന് രൂപയും ഡീസലിന് രണ്ട് രൂപയുമാണ് പമ്പുകള്‍ക്ക് കമ്മീഷന്‍ ലഭിക്കുന്നത്. ഇന്ധന വില ദിവസവും 85 പൈസ വരെയാണ് പരമാവധി കൂടുന്നത്. പമ്പുകള്‍ക്ക് ലഭിക്കുന്ന മാര്‍ജിനെക്കാള്‍ കുറഞ്ഞ സഖ്യയാണ് ദിനംപ്രതി കൂടുന്നതെന്ന് ചുരുക്കം. അതിനാല്‍ തന്നെ ദിവസവും വില്‍പ്പന നടക്കുന്നതാണ് പമ്പുകള്‍ക്ക് ലാഭകരമെന്നും പൂട്ടിയിട്ട് വില്‍പ്പന നടന്നില്ലെങ്കില്‍ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസത്തെ ദേശീയ പണിമുടക്കിന് ശേഷമാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായത്. കമ്പനികളില്‍ നിന്ന് ലോഡ് ലഭിക്കാതായതോടെ നിരവധി പമ്പുകള്‍ പൂട്ടിയിടേണ്ടി വന്നു. ഇന്ധനം ലഭിക്കാതിരിക്കാനുള്ള വ്യക്തമായ കാരണം എണ്ണ കമ്പനികള്‍ അറിയിച്ചിട്ടുമില്ല. ഇന്ധന വിതരണത്തിന് ട്രക്കുകള്‍ ലഭ്യമല്ലെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഡിപ്പോയിലെത്തിയിട്ടും ലോഡ് ലഭിക്കുന്നില്ലെന്നും ഇന്ധന ഫില്ലിങ് കമ്പനികള്‍ നേരത്തതന്നെ അവസാനിപ്പിക്കുകയാണെന്നുമാണ് ട്രക്കുകാര്‍ തങ്ങളോട് പറയുന്നതെന്നും ഫിറോസ് വ്യക്തമാക്കി.

എണ്ണ കമ്പനികള്‍ ക്രെഡിറ്റില്‍ ഇന്ധനം നല്‍കുന്ന സൗകര്യം നിര്‍ത്തിയെന്നാണ് സിവില്‍ സപ്ലൈസുമായി ബന്ധപ്പെട്ടപ്പോള്‍ അറിഞ്ഞത്. എന്നാല്‍ പണം മുന്‍കൂര്‍ നല്‍കിയവര്‍ക്കും ഇന്ധനം ലഭിക്കാത്ത സാഹചര്യമുണ്ട്. വിതരണം ഒരുദിവസം നിലച്ചാല്‍ തന്നെ പമ്പുകളുടെ പ്രവര്‍ത്തനം താളംതെറ്റും. ഒരു പമ്പില്‍ ഇന്ധനം തീര്‍ന്നാല്‍ ജനങ്ങള്‍ പേടിച്ച് കൂട്ടത്തോടെ ഇന്ധനം അടിക്കാന്‍ എത്തുന്നതോടെ മൊത്തത്തില്‍ സാഹചര്യം വഷളാകും. ശ്രീലങ്കയിലെ പോലെ സാഹചര്യം ഇവിടെ ഉണ്ടാവുമോയെന്നും ജനങ്ങള്‍ക്ക് പേടിയുണ്ട്.

ഇന്ധന ലഭ്യതയില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിലാണ് കൂടുതല്‍ പ്രശ്‌നമുള്ളത്. സ്വകാര്യ പമ്പുകാര്‍ക്ക് നേരത്തെ തന്നെ പ്രശ്‌നമുണ്ട്. പൊതുമേഖല പമ്പുകളെക്കാള്‍ രണ്ട് രൂപയോളം വില കൂട്ടിയാണ് അവരെല്ലാം വില്‍പ്പന നടത്തുന്നത്. ഇന്നുമുതല്‍ പലയിടത്തും ഇന്ധനം ലഭ്യമായി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ വരുംദിവസങ്ങളിലും ഇന്ധന ലഭ്യത കുറഞ്ഞേക്കാമെന്നാണ് കമ്പനികള്‍ പറയുന്നത്.

ഇരുമ്പനത്തുനിന്നാണ് ഇപ്പോള്‍ ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും ഇന്ധനം എത്തുന്നത്. എച്ച്.പി.സി.എല്ലിന്റെ എലത്തൂര്‍ ഡിപ്പോ അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ടിട്ട് രണ്ട് മൂന്ന് വര്‍ഷമായി. അവിടെനിന്നും വിതരണം പുനരാരംഭിച്ചാല്‍ മലബാര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ അവസാനിക്കും. വരും ദിവസങ്ങളില്‍ വയനാട് പോലുള്ള ദൂരസ്ഥലങ്ങളിലേക്ക് എണ്ണ കമ്പനികള്‍ ഇന്ധന ലഭ്യത ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുന്നുണ്ട്. അതിനാല്‍ ഇന്ധന വില കുറയാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: allegation of hoarding fuel is false says pump owners association

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


marriage wedding

2 min

5 ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കാനെത്തി സീരിയല്‍നടി; 6-ാംദിവസം യുവാവ് വാക്കുമാറി;രക്ഷിച്ചത് പോലീസ്

Apr 1, 2023

Most Commented