തിരുവനന്തപുരം: കുണ്ടറയിലെ പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ ഇടപെട്ടുവെന്ന ആരോപണത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാം ചീറ്റിപ്പോയില്ലേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശശീന്ദ്രനെതിരേ ഉയര്‍ന്ന ആരോപണത്തെ കുറിച്ചുളള മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

'അതെല്ലാം ചീറ്റിപ്പോയില്ലേ. അസംബ്ലിയിലെ കാര്യങ്ങള്‍ നിങ്ങള്‍ എല്ലാവരും കേട്ടതല്ലേ. എല്ലാം ചീറ്റിപ്പോയില്ലേ.', മുഖ്യമന്ത്രി ചോദിച്ചു.  

പാര്‍ട്ടിക്കാര്‍ തമ്മിലുളള പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രി ഇടപെട്ടുവെന്നായിരുന്നു ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട്. 

മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം ക്ലിഫ്ഹൗസിലെത്തിയിരുന്നു.  മറ്റൊരുതരത്തിലും യുവതി നല്‍കിയ പരാതിയില്‍ ഇടപെട്ടിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ശശീന്ദ്രന്‍ ഇടപെട്ടത് പെണ്‍കുട്ടിയെ അപമാനിച്ചുവെന്ന പരാതിയിലല്ല പാര്‍ട്ടി പ്രശ്‌നങ്ങളിലാണെന്ന വാദമാണ് എന്‍സിപി ഉയര്‍ത്തിയിരുന്നത്.