കൊല്ലം: തോറ്റ വിദ്യാര്‍ഥിയെ ജയിപ്പിക്കാന്‍ സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. ടി ജലീല്‍ ഇടപെട്ടതായി ആരോപണം. ബിടെക് വിദ്യാര്‍ഥിയുടെ തോറ്റ പരീക്ഷയുടെ മൂല്യനിര്‍ണയത്തിനായി മന്ത്രിയുടെ നിര്‍ദേശപ്രകാരം പ്രത്യേക സമിതിയെ നിയോഗിച്ചതിന്റെ രേഖകള്‍ പുറത്ത്. പുനര്‍മൂല്യനിര്‍ണയത്തിലും ജയിക്കാത്ത പേപ്പറിനാണ് പ്രത്യേക സമിതി ജയിക്കാനുള്ള മാര്‍ക്ക് നല്‍കിയത്. 

കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥിയുടെ ആറാം സെമസ്റ്ററിലെ ഡയനാമിക് പേപ്പറിന് ആദ്യം ലഭിച്ചത് 29 മാര്‍ക്കാണ്. ജയിക്കാന്‍ 45 മാര്‍ക്കാണ് വേണ്ടിയിരുന്നത്. വിദ്യാര്‍ഥിയുടെ അപേക്ഷ പ്രകാരം പുനഃപ്പരിശോധന നടത്തിയിട്ടും ജയിക്കാനുള്ള മാര്‍ക്ക് ലഭിച്ചിരുന്നില്ല. വീണ്ടും അപേക്ഷ സമര്‍പ്പിച്ചെങ്കിലും ആദ്യ പുനഃപ്പരിശോധനയില്‍ 15 ശതമാനം മാര്‍ക്ക് കൂടുതല്‍ ലഭിക്കാത്തതിനാല്‍ സര്‍വകലാശാല ഇത് നിരസിച്ചു. തുടര്‍ന്നാണ് മന്ത്രി ഇടപെട്ടതെന്നാണ് റിപ്പോര്‍ട്ട്. 

സാങ്കേതിക സര്‍വലകലാശാലയുടെ ഫയല്‍ അദാലത്തില്‍ മന്ത്രി വിദ്യാര്‍ഥിയുടെ അപേക്ഷ പരിഗണിച്ചു. ഇത് പ്രത്യേക അപേക്ഷയായി പരിഗണിച്ച് ഒരു അധ്യാപകനെക്കൊണ്ട് ഒരാഴ്ചയ്ക്കുള്ളില്‍ പുനര്‍മൂല്യനിര്‍ണയം നടത്താന്‍ നിര്‍ദേശം നല്‍കി. പിന്നീട് മന്ത്രിയുടെ നിര്‍ദേശപ്രകാരം രണ്ട് അധ്യാപകരുടെ സമിതിയെ പുനര്‍മൂല്യനിര്‍ണയത്തിനായി നിയോഗിച്ചു. ഈ സമിതി വിദ്യാര്‍ഥിയുടെ തോറ്റ പേപ്പറിന് 48 മാര്‍ക്ക് നല്‍കി വിജയിപ്പിച്ചു.

ഇത്തരത്തില്‍ മൂല്യനിര്‍ണയത്തിനോ പുനര്‍മൂല്യനിര്‍ണയത്തിനോ ചട്ടമില്ലെന്നിരിക്കെയാണ് മന്ത്രിയുടെ ഈ നടപടി. കൂടാതെ, ഫയല്‍ അദാലത്തില്‍ കെട്ടിക്കിടക്കുന്ന ഫയലുകളില്‍ തീര്‍പ്പുകല്‍പിക്കാന്‍ മാത്രമാണ് അധികാരം. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍ നിയമവിരുദ്ധമാണെന്ന ആരോപണമുയരുന്നത്. ഇതുസംബന്ധിച്ച് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി, ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പരാതി നല്‍കി.

Content Highlights: allegation against higher education minister k t jaleel