ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നു സര്‍വകക്ഷി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ സംഘത്തില്‍ ഉള്‍പ്പെടുത്താതിരുന്ന കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണാന്താനത്തെ പ്രധാനമന്ത്രി വിളിച്ച് വരുത്തി. 

എന്ത് കൊണ്ട് സര്‍വകക്ഷി സംഘത്തില്‍ ഇല്ലായിരുന്നുവെന്ന് പ്രധാനമന്ത്രി തിരക്കിയതായും മോദിയെ കണ്ടതിന് ശേഷം അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. വിളിക്കാതിരുന്നത് തെറ്റോ ശരിയോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ നിന്നുള്ള സംഘത്തില്‍ കണ്ണന്താനത്തെ ഉള്‍പ്പെടുത്താതിരുന്നതില്‍ പ്രധാനമന്ത്രി നേരത്തെ മുഖ്യമന്ത്രിയോടടക്കം അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ നേരിട്ട് വിളിപ്പിച്ചത്. 

കേരളത്തിലെ മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ അയക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു കേരളം സന്ദര്‍ശിക്കുമെന്നും കണ്ണന്താനം അറിയിച്ചു. കഞ്ചിക്കോട് ഫാക്ടറി തുടങ്ങണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. 2012-ല്‍ പ്രഖ്യാപിച്ച പദ്ധതി എന്തുകൊണ്ട് ഇതുവരെ തുടങ്ങിയില്ലെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിന്റെ ആവശ്യങ്ങള്‍ അനുഭാവത്തോടെ പരിഗണിച്ചെന്നും കണ്ണന്താനം വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചു.

അതേസമയം കഞ്ചിക്കോട് കോച്ച് ഫാക്ടറി അടക്കമുള്ള കേരളം ഉന്നയിച്ച ആവശ്യങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രി കൃത്യമായ ഒരു ഉറപ്പും നല്‍കിയിട്ടില്ലായിരുന്നു.