കൊച്ചി: മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത അലന്റെയും താഹയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി 14-ാം തിയതിയിലേക്ക് മാറ്റി. ഹര്‍ജി പരിഗണിക്കുന്ന അന്ന് പോലീസും സര്‍ക്കാരും വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മാവോവാദി ബന്ധം തെളിയിക്കുന്ന ഒരു രേഖയും പോലീസിന്റെ പക്കലില്ലെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞു. നിയമ വിദ്യാര്‍ഥിയാണെന്നും തനിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും അലന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു. തന്റെ വീട്ടില്‍ നിന്ന് ഒരു ഫോണ്‍ മാത്രമാണ് പോലീസ് കണ്ടെടുത്തത്. അത് മാവോവാദി ബന്ധം തെളിയിക്കാനുള്ള ഒരു രേഖയല്ലെന്നും അലന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു.
പിടിയിലാകുമ്പോള്‍ തന്നെക്കൊണ്ട് പോലീസ് മുദ്രാവാക്യം വിളിപ്പിച്ചുവെന്ന കാര്യമാണ് താഹയുടെ ജാമ്യാപേക്ഷയില്‍ പറയുന്നത്. മുദ്രാവാക്യം വിളിക്കുന്നത് ഏതെങ്കിലും തരത്തില്‍ ഒരു ക്രിമിനല്‍ കുറ്റമല്ലെന്നും അപേക്ഷയില്‍ പറയുന്നു. മാത്രമല്ല കീഴ്‌ക്കോടതി തങ്ങള്‍ക്കെതിരെ എന്തെങ്കിലും കുറ്റമുണ്ടെന്ന് പറഞ്ഞിട്ടില്ല. ജേര്‍ണലിസം വിദ്യാര്‍ഥിയാണ്. ഏതെങ്കിലും തരത്തിലുള്ള പുസ്തകങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെങ്കിലും അത് സിപിഐ ( മാവോയിസ്റ്റ്) സംഘടനയില്‍ അംഗമാണെന്ന് പറയാന്‍ കഴിയില്ല തുടങ്ങിയ കാര്യങ്ങളാണ് താഹയുടെ ജാമ്യഹര്‍ജിയില്‍ പറയുന്നത്.
രണ്ട് ജാമ്യ ഹര്‍ജിയും ഇന്നുതന്നെ പരിഗണിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാരില്‍ നിന്നും പോലിസില്‍ നിന്നും വിശദീകരണം ചോദിച്ച കോടതി 14-ാം തിയതിയിലേക്ക് ഹര്‍ജി പരിഗിക്കുന്നത് മാറ്റിവെക്കുകയായിരുന്നു.
പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതടക്കമുള്ള നടപടികളിലേക്കാണ് പോലീസ് നീങ്ങുന്നത്. കേസിന്റെ അന്വേഷണം കൂടുതല്‍ നടക്കേണ്ടതുണ്ടെന്നാണ് പോലീസിന്റെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി അപേക്ഷ നല്‍കാന്‍ പോലീസ് തീരുമാനിച്ചത്.
Content Highlights: The High Court has directed the police and the government to give an explanation on 14th november