ആലപ്പുഴ: ചേര്‍ത്തലയില്‍ പ്ലസ് ടു വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയില്‍ നാളെ എല്‍ഡിഎഫ് ഹര്‍ത്താല്‍. പട്ടണക്കാട് സ്വദേശി അനന്തു അശോകനാണ് (17) സഹപാഠികളുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി മരിച്ചത്.

എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. നേരത്തെ ചേര്‍ത്തല താലൂക്കില്‍ മാത്രം ഹർത്താൽ നടത്താനായിരുന്നു തീരുമാനം. പിന്നീട്  ജില്ല മുഴുവൻ നടത്താൻ തീരുമാനിക്കുകയായിരുന്നു.കാര്‍ത്യായനി ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനാല്‍ ചേര്‍ത്തല ടൗണിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കൊലപാതകവുമായി ബന്ധപ്പെട്ട് അനന്തുവിന്റെ സഹപാഠികളടക്കം 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരില്‍ അഞ്ചുപേര്‍ക്ക് സംഭവവുമായി നേരിട്ടു ബന്ധമുണ്ടെന്നാണ് വിവരം. അനന്തുവുമായി ഇവർക്ക്  നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും തുടര്‍ന്ന് ക്ഷേത്ര പരിസരത്ത് വെച്ച് പക പോക്കുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. അറസ്റ്റിലായവരെല്ലാം ബിജെപി,ആർഎസ്എസ് പ്രവർത്തകരാണ്.