പ്രതീകാത്മക ചിത്രം | Photo: Mathrubhumi
ആലപ്പുഴ: കളക്ടറേറ്റ് മാർച്ചിനിടെ യൂത്ത് കോൺഗ്രസുകാരും പോലീസും ബാരിക്കേഡിനായി നടത്തിയ ‘വടംവലി’യെച്ചൊല്ലി വീണ്ടും വടംവലി. നന്നാക്കിനൽകാമെന്ന ഉറപ്പിന്മേൽ ഡി.സി.സി. ഓഫീസ് മുറ്റത്തുകൊണ്ടുവെച്ച ബാരിക്കേഡുകൾ അഞ്ചും അന്നു രാത്രിതന്നെ പോലീസ് എ.ആർ. ക്യാമ്പിലേക്കു മാറ്റിയിരുന്നു.
പോലീസിന്‍റെ മുതൽ പാർട്ടിക്കാരുടെ കൈവശം കൊടുത്തുവിട്ടതിനെതിരേ വിമർശനം ഉയർന്നപ്പോഴായിരുന്നു ഇത്. എ.ആർ. ക്യാമ്പിൽവെച്ച് അറ്റകുറ്റപ്പണി നടത്തി പ്രശ്നംപരിഹരിക്കാനാണ് ഇപ്പോഴത്തെ നീക്കം. അറ്റകുറ്റപ്പണി നടക്കുകയാണെന്നു പോലീസ് പറഞ്ഞു.
സമരത്തിൽ ബാരിക്കേഡിനടക്കമുണ്ടായ കേടിനു പരിഹാരമായി 70,000 രൂപയാണ് പോലീസ് കണക്കാക്കിയത്. പൊതുമുതൽ നശിപ്പിക്കുന്നതു തടയൽ(പി.ഡി.പി.പി.) നിയമപ്രകാരം പോലീസ് നടപടിയും തുടങ്ങിയിരുന്നു.
ഉന്നതതല ചർച്ചകൾക്കൊടുവിൽ മുറിച്ചതിനു പകരം അതേയളവിലുള്ള വടം 6,800 രൂപ മുടക്കി സമരക്കാർ വാങ്ങിനൽകി. ബാരിക്കേഡുകൾ നന്നാക്കിക്കൊടുക്കാമെന്ന് ഉറപ്പും കൊടുത്തു.
ഇതോടെയാണ് നേതാക്കളെ സ്റ്റേഷനിൽനിന്നു വിട്ടത്. സംസ്ഥാന ബജറ്റിനെതിരേ യൂത്ത് കോൺഗ്രസ് തിങ്കളാഴ്ച നടത്തിയ കളക്ടറേറ്റ് മാർച്ചിലാണ് ബാരിക്കേഡുകൾ കേടാക്കിയത്. ബാരിക്കേഡ് ഡി.സി.സി. ഓഫീസിനു മുന്നിൽനിന്നു കൊണ്ടുപോയത് പോലീസാണെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ടിജിൻ ജോസഫ് പറഞ്ഞു. നന്നാക്കാനായി 30,000 രൂപയോളം ചെലവുവരും.
ആലപ്പുഴയിൽ പ്രത്യേകനിയമമുണ്ടോയെന്നു യുവമോർച്ച
:പൊതുമുതൽ നശിപ്പിക്കുന്നതു തടയാൻ ആലപ്പുഴയിൽ മാത്രം പ്രത്യേകനിയമം നടപ്പാക്കാൻ പോലീസിനു നിർദേശം നൽകിയത് ആരെന്നു വ്യക്തമാക്കണമെന്നു യുവമോർച്ച. ഇന്ത്യൻ ശിക്ഷാനിയമത്തിനു പകരം ഡി.സി.സി. ഓഫീസിൽനിന്നുള്ള നിയമങ്ങളാണോ നടപ്പാക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി പറയണം.
കേടായവ നന്നാക്കിനൽകാമെന്ന വ്യവസ്ഥയിൽ കേസ് ഒത്തുതീർപ്പാക്കിയതു ശരിയല്ലെന്നും ഇതിനെതിരേ യുവമോർച്ച ഡി.ജി.പി.ക്കു പരാതി നൽകുമെന്നും ജില്ലാ പ്രസിഡന്റ് അഖിൽ ഹരിപ്പാട് പറഞ്ഞു.
Content Highlights: alappuzha youth congress collectorate march barricade ar camp pdpp
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..