കേന്ദ്രമന്ത്രി വി.മുരളീധരൻ മാധ്യമങ്ങളോട് സംസാരിക്കുന്നു| Screengrab: Mathrubhumi News
ആലപ്പുഴ: ബിജെപി പ്രവർത്തകർക്ക് കേരളത്തില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന നിലയിലേക്കാണ് കേരളത്തിലെ സ്ഥിതിഗതികളെ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുപോകുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ബിജെപിക്കാരനായാല്‍ കൊലചെയ്യപ്പെടും എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങികൊണ്ടിരിക്കുകയാണെന്നും ഒരുമാസത്തിനിടെ കേരളത്തില്‍ അഞ്ച് കൊലപാതകങ്ങള്‍ നടന്നത് ആഭ്യന്തരവകുപ്പിന്റെയും ഇന്റലിജന്‍സിന്റെയും സമ്പൂര്‍ണ പരാജയമാണ് കാണിക്കുന്നതെന്നും അദ്ദേഹം ആലപ്പുഴയില്‍ പ്രതികരിച്ചു.
ആഴ്ചകള്‍ക്ക് മുമ്പ് പാലക്കാട് ഒരു കൊലപാതകം നടന്നു. അതിനുപിന്നിലും ഇസ്ലാമിക ഭീകരവാദികളായിരുന്നു. കഴിഞ്ഞദിവസം രാത്രി ഒരു അക്രമസംഭവം നടന്നു. എന്നാല്‍ അതിനുശേഷം സംസ്ഥാന സര്‍ക്കാര്‍ എന്ത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചെന്ന് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നവര്‍ വ്യക്തമാക്കണം. അക്രമങ്ങള്‍ക്കെതിരേ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്‌തെന്നാണ് പറയുന്നത്. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്നവരാണ് ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ പറയുന്നത്. ഇന്റലിജന്‍സ് സംവിധാനവും പട്രോളിങ്ങും ശക്തമാക്കുന്നതിന് പകരം അക്രമികള്‍ക്ക് വളംവെച്ച് കൊടുക്കുന്ന സമീപനമെടുത്തതിന്റെ ഫലമാണ് ആലപ്പുഴയിലെ കൊലപാതകമെന്നും അദ്ദേഹം ആരോപിച്ചു.
എന്ത് ചെയ്താലും അക്രമികള്‍ക്ക് സംരക്ഷണം ലഭിക്കുമെന്ന സന്ദേശം മുന്‍കാല അനുഭവങ്ങളിലൂടെ ലഭിച്ചു. ഒരുമാസത്തിനിടെ അഞ്ച് കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെയും ഇന്റലിജന്‍സിന്റെയും സമ്പൂര്‍ണ പരാജയമാണ് ഇത് കാണിക്കുന്നത്. മുഖ്യമന്ത്രി അക്രമികള്‍ക്ക് വളംവെച്ചുകൊടുക്കുന്ന സമീപനം അവസാനിപ്പിച്ച് അക്രമികളെ കര്‍ശനമായി നേരിടാനുള്ള നിലപാട് സ്വീകരിക്കണം. അതിലൂടെ മാത്രമേ കേരളത്തില്‍ ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയുകയുള്ളൂവെന്നും വി.മുരളീധരന്‍ പറഞ്ഞു.
Content Highlights: alappuzha twin murder union minister v muraleedharan response
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..