പ്രതിപക്ഷ പ്രതിഷേധം | Photo: Screengrab/ Mathrubhumi News
ആലപ്പുഴ: കരുനാഗപ്പള്ളിയില്‍ നിന്ന് നിരോധിത പുകയിലക്കടത്ത് പിടികൂടിയ സംഭവത്തില്‍ ഉള്‍പ്പെട്ട സസ്പെന്‍ഷനിലായ സി.പി.എം. ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മിറ്റി അംഗവും നഗരസഭാ കൗണ്‍സിലറുമായ എ. ഷാനവാസിന്റെ രാജിയാവശ്യപ്പെട്ട് ആലപ്പുഴ നഗരസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ഷാനവാസിനെ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാണ് യു.ഡി.എഫ്.- ബി.ജെ.പി. കൗണ്‍സിലര്‍മാരുടെ ആവശ്യം. നഗരസഭാ യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു.
ഷാനവാസിനെ ഉടന്‍ പുറത്താക്കാന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ തയ്യാറാവണമെന്നും അതല്ലെങ്കില്‍ കടുത്ത പ്രതിഷേധത്തെ നേരിടേണ്ടിവരുമെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മുന്നറിയിപ്പു നല്കി. പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെ ബുധനാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗം തടസ്സപ്പെട്ടു. കൗണ്‍സില്‍ യോഗം തുടങ്ങിയപ്പോള്‍ തന്നെ പ്രതിഷേധവുമായി ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി. പിന്നാലെ കോണ്‍ഗ്രസ്- മുസ്ലിം ലീഗ് കൗണ്‍സിലര്‍മാരും നടുത്തളത്തിലിറങ്ങി.
പിന്നീട് പ്രതിപക്ഷം ചെയര്‍പേഴ്സണിന്റെ ഡയസിലേക്കും പ്രതിഷേധവുമായെത്തി. ഡയസില്‍ നിന്ന് മാറാന്‍ പലതവണ ഭരണപക്ഷം ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം പിന്മാറാന് തയ്യാറായില്ല. പിന്നീട് പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. തുടര്‍ന്ന് യോഗം പിരിച്ചുവിട്ടു. അജന്‍ഡകളില്‍ തീര്‍പ്പുണ്ടായ ശേഷമാണ് യോഗം പിരിച്ചുവിട്ടതെന്ന് ചെയര്‍പേഴ്സണ്‍ സൗമ്യാ രാജ് പറഞ്ഞു.
നിലവില്‍ ഷാനവാസിനെതിരെ കുറ്റം ആരോപിക്കപ്പെടുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും പോലീസ് എഫ്.ഐ.ആര്. രേഖപ്പെടുത്തിയിട്ടില്ലെന്നും നഗരസഭാ ചെയര്‍പേഴ്സണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തെളിവുകള്‍ ലഭിച്ചാല്‍ നടപടിയുണ്ടാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കൂടിയായ ഷാനവാസ് ബുധനാഴ്ചത്തെ കൗണ്‍സില്‍ യോഗത്തിന് എത്തിയിരുന്നില്ല.
Content Highlights: Alappuzha municipality a shanavas cpim councillor resignation opposition protest council meeting
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..