പ്രതീകാത്മക ചിത്രം | Photo: Mathrubhumi
ആലപ്പുഴ: കോഴിക്കോട് ഊരാളുങ്കൽ മാതൃകയിൽ തൊഴിലാളി സഹകരണ സൊസൈറ്റി ആലപ്പുഴയിലും വരുന്നു. സി.പി.എം. നേതാക്കളുടെ നേതൃത്വത്തിൽ പ്രവർത്തനം വേഗത്തിലാക്കുകയും 25 രൂപ വിലയുള്ള ഓഹരികളുടെ വിൽപ്പന തുടങ്ങുകയും ചെയ്തു. 500 തൊഴിലാളികൾക്കു മുടങ്ങാതെ തൊഴിൽ നൽകുന്ന സ്ഥാപനമായി മാറ്റുകയാണു ലക്ഷ്യം.
സൊസൈറ്റിയായി നേരത്തേ രജിസ്റ്റർചെയ്ത് പ്രവർത്തനം തുടങ്ങിയതാണെങ്കിലും കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. തുടർന്നാണു പാർട്ടി ജില്ലാനേതൃത്വം ഇടപെട്ട് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. ജില്ലാക്കമ്മിറ്റിയംഗം കെ.ആർ. ഭഗീരഥൻ ചെയർമാനായുള്ള കമ്മിറ്റിയാണിത്. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ എം. സത്യപാലൻ, ജി. രാജമ്മ എന്നിവരും കമ്മിറ്റിയിലുണ്ട്.
സൊസൈറ്റി സെക്രട്ടറിയും ഭാരവാഹികളും ഊരാളുങ്കൽ സൊസൈറ്റി അധികൃതരുമായി ആശയവിനിമയം നടത്തുകയും പ്രവർത്തനസഹായം അഭ്യർഥിക്കുകയും ചെയ്തു. അവരുടെ നിർദേശപ്രകാരം മാർഗരേഖകളിൽ മാറ്റം വരുത്തിയിട്ടുണ്ട്.
എൻജിനിയർമാർ, തൊഴിലാളികൾ, കരാറുകാർ എന്നിവരുടെയെല്ലാം സഹകരണത്തോടെയാണ് ലേബർ സൊസൈറ്റി പ്രവർത്തിച്ചുതുടങ്ങിയത്. ആലപ്പുഴ സൊസൈറ്റിക്ക് സി- ക്ലാസ് ലൈസൻസാണുള്ളത്. ഇത് എ- ക്ലാസായി ഉയർത്തണം. ഇതിനായി അസംസ്കൃത വസ്തുക്കൾ ശേഖരിക്കുന്നതിനുൾപ്പെടെയുള്ള സ്ഥലസൗകര്യം ഒരുക്കുന്നതിനുള്ള പ്രവർത്തനമാണു നടക്കുന്നത്.
ഇതിനകം ഏതാനും കെട്ടിടങ്ങൾ സൊസൈറ്റി നിർമിച്ചു. സി.പി.എം. ജില്ലാക്കമ്മിറ്റി ഓഫീസിലെ പുതിയകെട്ടിടം, എൻ.ജി.ഒ. യൂണിയൻ കെട്ടിടം, കുട്ടനാട് ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് എന്നിവ സൊസൈറ്റിയാണു പണിതത്. ഒട്ടേറെ സ്വകാര്യ നിർമാണങ്ങളും ഏറ്റെടുത്തിട്ടുണ്ട്.
ജില്ലകളിൽ തൊഴിലാളി സഹകരണ സ്ഥാപനങ്ങൾ തുടങ്ങണമെന്നു പാർട്ടി നിർദേശമുണ്ടായിരുന്നെങ്കിലും കാര്യമായി മുന്നോട്ടുപോയതു തൃശ്ശൂർ ജില്ല മാത്രമാണ്. ഇവിടെ കൂടുതൽ കരാറുകളേറ്റെടുത്ത് നിർമാണമേഖലയിൽ കരുത്തുതെളിയിക്കാൻ കഴിഞ്ഞു. ഇതിനു പിന്നാലെയാണ് ആലപ്പുഴയും രംഗത്തിറങ്ങുന്നത്. തൊഴിലാളികളുടെ സഹകരണസ്ഥാപനമാകുമ്പോൾ പത്തുശതമാനംതുക കൂടുതലായാലും കരാറുകൾ കിട്ടും. ഇത് ഉപയോഗപ്പെടുത്താനാവുംവിധമുള്ള ഒരുക്കങ്ങളാണ് സി.പി.എം. നടത്തുന്നത്.
Content Highlights: alappuzha labor contract society ulccs model
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..