സഫ്ന സിയാദ്, സഹപാഠിയുടെ മരണം നേരിൽക്കണ്ട ഞെട്ടലിൽ ആവണി
കലവൂർ: റോഡ് മുറിച്ചുകടന്ന വിദ്യാർഥിനി കൂട്ടുകാരിയുടെ കൺമുന്നിൽ കെ.എസ്.ആർ.ടി.സി. ബസ് ഇടിച്ചു മരിച്ചു. മണ്ണഞ്ചേരി പനയ്ക്കൽ പള്ളിക്കു സമീപം കോയിപ്പറമ്പു വീട്ടിൽ സഫ്നാ സിയാദ് (15) ആണു മരിച്ചത്. കലവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.
ആലപ്പുഴ-മുഹമ്മ റോഡിൽ കോമളപുരത്ത് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെ ആയിരുന്നു അപകടം. ട്യൂഷൻ സെന്ററിലേക്കു പോകാനായി സ്വകാര്യ ബസ് ഇറങ്ങി എതിർവശത്തേക്കു നടക്കുമ്പോഴായിരുന്നു അപകടം. ഇതേസമയം സ്വകാര്യ ബസിനെ മറികടന്നെത്തിയതായിരുന്നു കെ.എസ്.ആർ.ടി.സി. വേണാട് ബസ്. മുന്നിലെ വലതു ടയറിനടിയിൽപ്പെട്ട സഫ്നയെ 10 മീറ്ററോളം വലിച്ചിഴച്ചു കൊണ്ടുപോയ ശേഷമാണു ബസ് നിന്നത്. ബസ് അതിവേഗത്തിലായിരുന്നെന്നും പെൺകുട്ടി റോഡുകടന്ന് നടപ്പാതയിലേക്കു കയറിയശേഷമാണ് ഇടിച്ചതെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
സഫ്നയുടെ സഹപാഠി ആവണിയുടെ കൺമുന്നിലായിരുന്നു അപകടം. സഫ്ന റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ കെ.എസ്.ആർ.ടി.സി. ബസ് പാഞ്ഞുവരുന്നത് ആവണി കാണുന്നുണ്ടായിരുന്നു. കെ.എസ്.ആർ.ടി.സി. ബസിനുനേരേ തിരിഞ്ഞ് നിർത്താനായി ആവണി അലറിക്കരഞ്ഞെങ്കിലും ഫലമുണ്ടായില്ല. അപകടത്തെ തുടർന്ന് ഒാടി രക്ഷപ്പെട്ട കെ.എസ്.ആർ.ടി.സി. ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവർ നൗഷാദിനെ ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റുചെയ്തു.വൈക്കത്തുനിന്ന് ആലപ്പുഴയ്ക്കു പോകുകയായിരുന്നു ബസ്. സഫ്നയുടെ പിതാവ്: സിയാദ്. മാതാവ്: സഫീല. സഹോദരൻ: സഫീദ്. ഖബറടക്കം ഞായറാഴ്ച ഉച്ചയ്ക്ക് മണ്ണഞ്ചേരി പടിഞ്ഞാറേ ജുമാ മസ്ജിദ് കബർസ്ഥാനിൽ.
നിർത്തണേ... നിർത്തണേ.... ആവണിയുടെ അപേക്ഷ ഡ്രൈവർ വകവെച്ചില്ല
കലവൂർ: നിർത്തണേ... നിർത്തണേയെന്ന് ആവണി വിളിച്ചുകൂവിയപ്പോൾ ബ്രേക്കിൽ കാലൊന്ന് അമർന്നിരുന്നെങ്കിൽ സഫ്നയുടെ ജീവൻ ചക്രങ്ങൾക്കിടയിൽ പൊലിഞ്ഞുപോവില്ലായിരുന്നു. ഇടിച്ചിട്ട അതേ കെ.എസ്.ആർ.ടി.സി. ബസിന്റെ അടിയിലേക്ക് തെറിച്ചുവീണ സഹപാഠിയെക്കണ്ട് വാവിട്ടു കരഞ്ഞുകൊണ്ട് സമീപത്തെ കടത്തിണ്ണയിലേക്ക് ഓടിക്കയറിയ ആവണി ആ നടുക്കത്തിൽനിന്ന് മുക്തയായിട്ടില്ല. കോമളപുരത്ത് തലയിലൂടെ ബസിന്റെ മുൻചക്രങ്ങൾ കയറിയിറങ്ങി പിടഞ്ഞ മണ്ണഞ്ചേരി പനയ്ക്കൽ പള്ളിക്കു സമീപം കോയിപ്പള്ളി വീട്ടിൽ സഫ്നാ സിയാദിന്റെ മരണംകണ്ടവർ നിലവിളിച്ച് ഓടുകയായിരുന്നു.
കൂട്ടുകാരിയുടെ കൈ ഒടിഞ്ഞ് ആശുപത്രിയിലാണെന്നു മാത്രമെ തലവടി കുരിയാലിച്ചിറയിൽ ഗിരീഷ് മകൾ ആവണിയോട് പറഞ്ഞിട്ടുള്ളൂ. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെ വീട്ടിൽനിന്ന് കോമളപുരത്തെ ട്യൂഷൻ സെന്ററിലേക്ക് വന്നതായിരുന്നു ആവണി. അതേസമയം ട്യൂഷൻ സെന്ററിലേക്കു വരാനായി കോമളപുരത്ത് സ്വകാര്യബസ് ഇറങ്ങി സഫ്ന റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ കെ.എസ്.ആർ.ടി.സി. ബസ് പാഞ്ഞുവരുന്നത് ആവണി കാണുന്നുണ്ടായിരുന്നു. കെ.എസ്.ആർ.ടി.സി. ബസിനുനേരേതിരിഞ്ഞു നിർത്താനായി ആവണി അലറിക്കരഞ്ഞെങ്കിലും ഫലം കണ്ടില്ല. കൺമുന്നിൽ നടന്ന അപകടത്തിൽ നടുങ്ങിയിരുന്ന ആവണിയെ വീട്ടിൽനിന്ന് അച്ഛനെവിളിച്ചുവരുത്തി നാട്ടുകാർ കൂടെഅയച്ചു.
സഫ്നയുടെ വിയോഗം അറിഞ്ഞ് വഴിയോരത്തുനിന്ന് പൊട്ടിക്കരഞ്ഞ ട്യൂഷൻ സെന്ററിലെ സഹപാഠികളെ ആശ്വസിപ്പിക്കാനാകാതെ നാട്ടുകാരും വിറങ്ങലിച്ചുനിന്നു. രണ്ടുമണിക്ക് ട്യൂഷന് എത്തുന്ന കുട്ടികളെ റോഡ് മുറിച്ചുകടക്കാൻ സഹായിച്ചശേഷം രണ്ടേകാലോടെ ക്ലാസ് മുറിയിലെത്തിയപ്പോഴാണ് ദുരന്തവാർത്ത പ്രിൻസിപ്പൽ ഷാജി അറിയുന്നത്.
ആലപ്പുഴയ്ക്കും തണ്ണീർമുക്കത്തിനുമിടയിൽ സ്വകാര്യ ബസുകൾക്ക് ഓടാൻ പെർമിറ്റുള്ള ആലപ്പുഴ-മണ്ണഞ്ചേരി റൂട്ടിൽ കെ.എസ്.ആർ.ടി.സി. ബസുകളും സ്വകാര്യ ബസുകളും മത്സര ഓട്ടം പതിവാണെന്നു നാട്ടുകാർ പറയുന്നു. റോഡിനു പുറത്ത് നടപ്പാതയിൽവെച്ചാണ് സഫ്നയെ ബസ് ഇടിച്ചു തെറിപ്പിച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ബ്രേക്കിട്ട് ബസിന്റെ ടയറുകൾ ഉരഞ്ഞതിന്റെ പാടുകൾ നടപ്പാതയിലുള്ളതും ഇതിനെ ശരിവെക്കുന്നു. രക്തം തളംകെട്ടിക്കിടന്ന വഴിയരിക് അഗ്നിരക്ഷാസേന കഴുകി വൃത്തിയാക്കി.
Content Highlights: alappuzha kalavoor ksrtc bus hit student death in front of friend
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..