ആലപ്പുഴയില്‍ ഞായറാഴ്ച ഉച്ചവരെ ഹര്‍ത്താല്‍

തിങ്കളാഴ്ച കെ.എസ്.യു സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും

ആലപ്പുഴ: നഗരത്തില്‍ കെ.എസ്.യു - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കല്ലേറിലും പോലീസ് ലാത്തിച്ചാര്‍ജിലും പോലീസ് ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ വാഹനം അക്രമികള്‍ അടിച്ചു തകര്‍ത്തു. കെ.എസ്.യു പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിന്റെ ചില്ലും തകര്‍ക്കപ്പെട്ടു.

ALP

അക്രമത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴയില്‍ ഞായറാഴ്ച ഉച്ചവരെ സി.പി.എമ്മും കോണ്‍ഗ്രസും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കെ.എസ്.യുവിന്റെ സംസ്ഥാന സംഗമത്തിന്റെ ഭാഗമായ പ്രകടനത്തിനിടെ സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും കൊടിതോരണങ്ങള്‍ നശിപ്പിച്ചുവെന്ന് ആരോപിച്ച് പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

കെ.എസ്.യുവിന്റെ കൊടിതോരണങ്ങള്‍ സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കത്തിച്ചു. ഇതോടെ ഇരുവിഭാഗങ്ങളും ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിഞ്ഞതോടെയാണ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. നഗരത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

MP

കെ.എസ്.യുവിന്റെ സമ്മേളന വേദിക്ക് പുറത്ത് പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. കെ.എസ്.യുവിന്റെ പരിപാടി നടന്ന വെള്ളക്കിണറിന് സമീപത്തുനിന്ന് തുടങ്ങിയ സംഘര്‍ഷമാണ് നഗരത്തിലേക്ക് വ്യാപിച്ചത്.

കൊടിക്കുന്നില്‍ സുരേഷ് എം.പി, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, കെ.എസ് ശബരിനാഥന്‍ എന്നിവര്‍ ഇടപെട്ടാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും അടക്കമുള്ളവര്‍ സ്ഥലത്തുള്ളപ്പോഴാണ് ഒരുസംഘം അക്രമികള്‍ കല്ലും വടിയുമായി കെ.എസ്.യു സമ്മേളന വേദിയിലേക്ക് എത്തിയതെന്ന് ഡി.സി.സി പ്രസിഡന്റ് എം ലിജു ആരോപിച്ചു. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു. റാലിക്കെത്തിയ കെ.എസ്.യു പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ മുഴുവന്‍ തല്ലിത്തകര്‍ത്തു. കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. സി.പി.എം നടത്തിയ അക്രമം ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും എം ലിജു ആരോപിച്ചു.

അക്രമത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി കെ.എസ്.യു പഠിപ്പ് മുടക്ക് നടത്തും.