ആലപ്പുഴ: ഡോക്ടറെ മർദിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ആലപ്പുഴയിലെ സർക്കാർ ഡോക്ടർമാർ നാളെ കൂട്ട അവധിയെടുക്കും. ഒ.പി, വാക്സിനേഷൻ, സ്വാബ് ടെസ്റ്റ് അടക്കമുള്ളവയിൽ നിന്ന് ഡോക്ടർമാർ വിട്ടുനിൽക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ പ്രധാനപ്പെട്ട താലൂക്ക് ആശുപത്രികളെ വരെ ഇത് ബാധിക്കും.

ജൂലൈ 24ന് കുട്ടനാട്ടില്‍ വാക്സിന്‍ വിതരണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് ഡോക്ടർ ശരത് ചന്ദ്രപ്രസാദിന് മര്‍ദനമേൽക്കുന്നത്. സംഭവത്തിൽ സിപിഎം നേതാക്കള്‍ക്കെതിരേ നെടുമുടി പോലീസ് കേസെടുത്തിരുന്നു. കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം.സി പ്രസാദ് സിപിഎം ലോക്കല്‍ സെക്രട്ടറി രഘുവരന്‍, വിശാഖ് വിജയ് എന്നിവർക്കെതിരേയാണ് കേസെടുത്തത്. എന്നാൽ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാർ നാളെ കൂട്ട അവധിയിൽ പ്രവേശിക്കുന്നത്.

പ്രതികളായ സിപിഎം നേതാക്കൾക്ക് മുൻകൂർ ജാമ്യം ലഭിക്കാൻ നെടുമുടി പോലീസ് അറസ്റ്റ് വെകിപ്പിക്കുന്നു എന്നാണ് കെ.ജി.എം.ഒയുടെ ആരോപണം. 

Content highlights: Alappuzha doctors announce strike