പണമില്ലാത്തതിനാല്‍ ജോലിചെയ്ത് പഠിച്ചു, ഐഎഎസിന് മൂന്നുതവണ തോറ്റു; ആലപ്പുഴ കലക്ടർ കൃഷ്ണ തേജ പറയുന്നു


Krishna Teja | Photo:Facebook.com/districtcollectoralappuzha

ആലപ്പുഴ: ജില്ലാ കളക്ടറായി ചുമതലയേറ്റ് കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഏവരുടേയും കൈയടി നേടിയിരിക്കുകയാണ് ആലപ്പുഴ കലക്ടര്‍ വി.ആര്‍. കൃഷ്ണ തേജ. ചുമതല ഏറ്റെടുത്ത് ആദ്യംതന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവിനൊപ്പമുള്ള അദ്ദേഹത്തിന്റെ കുറിപ്പ് ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ കൃഷ്ണ തേജ മുന്‍പ് നടത്തിയ ഒരു പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

സാമ്പത്തിക പ്രയാസത്തിനിടെ പഠനത്തിനൊപ്പം ജോലിയും ചെയ്യേണ്ടിവന്ന തന്‍റെ പഠനകാലത്തെക്കുറിച്ചും ഐഎഎസ് പാസ്സാകാന്‍ വേണ്ടിവന്ന ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം പറയുന്നു. ആലപ്പുഴ പൂങ്കാവിലെ മേരി ഇമ്മാക്കുലേറ്റ് സ്‌കൂളില്‍ നടത്തിയ മോട്ടിവേഷണല്‍ ക്ലാസിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറയുന്നത്.

കൃഷ്ണ തേജയുടെ വാക്കുകള്‍

"വിദ്യാഭ്യാസത്തിന്റെ വില എന്താണെന്ന് എനിക്ക് നന്നായി അറിയാം. ഏഴാം ക്ലാസ് വരെ ഒരു ശരാശരി വിദ്യാര്‍ഥിയായിരുന്നു ഞാന്‍. എട്ടാം ക്ലാസിലേക്ക് കടന്നപ്പോള്‍ വീട്ടില്‍ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായി. അതോടെ പഠനം നിര്‍ത്തി ഏതെങ്കിലും കടയില്‍ ജോലിക്ക് പോകണമെന്നും അത് കുടുംബത്തിന് സഹായകമാകുമെന്നും ബന്ധുക്കള്‍ പറഞ്ഞു. പക്ഷേ, അച്ഛനും അമ്മയ്ക്കും എന്റെ വിദ്യാഭ്യാസം നിര്‍ത്താന്‍ താല്‍പര്യം ഇല്ലായിരുന്നു. പഠനം തുടരാനുള്ള പണവുമുണ്ടായിരുന്നില്ല.

വിദ്യാഭ്യാസം തുടരണമെന്നും അതിന് വേണ്ടി എത്ര പണം വേണമെങ്കിലും സഹായിക്കാമെന്നും ഒരു അയല്‍ക്കാരന്‍ പറഞ്ഞു. പക്ഷേ, ഒരാളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ എന്റെ അമ്മയ്ക്ക് താല്പര്യമില്ലായിരുന്നു. തുടര്‍ന്ന് അമ്മ പറഞ്ഞതനുസരിച്ച് സ്‌കൂള്‍ വിട്ടുവന്നശേഷം വൈകുന്നേരം ആറ് മണിമുതല്‍ രാത്രി ഒമ്പത് മണിവരെ ഒരു മരുന്നുകടയില്‍ ജോലിക്ക് പോകാന്‍ തുടങ്ങി. എല്ലാ മാസവും അവിടെനിന്ന് കിട്ടുന്ന ശമ്പളത്തിലാണ് എട്ടും ഒന്‍പതും പത്തും ക്ലാസുകള്‍ പഠിച്ചത്.

വിദ്യാഭ്യാസം എത്ര പ്രധാനമാണെന്ന് അപ്പോള്‍ ഞാന്‍ മനസിലാക്കി. അന്നു മുതല്‍ നന്നായി പഠിക്കാന്‍ ആരംഭിച്ചു. പത്താം ക്ലാസിലും ഇന്റര്‍മീഡിയറ്റിനും ടോപ്പറായി. എഞ്ചിനീയറിങ് സ്വര്‍ണ മെഡല്‍ ജേതാവായി. എഞ്ചിനീയറിങ് പഠനശേഷം എനിക്ക് ഐ.ബി.എമ്മില്‍ ജോലി ലഭിച്ചു. ഡല്‍ഹിയില്‍ ജോലിചെയ്യുന്ന സമയത്ത് ഒപ്പം താമസിക്കുന്നയാള്‍ക്കാണ് ഐ.എ.എസ്. എടുക്കണമെന്ന് താല്പര്യമുണ്ടായിരുന്നത്. എനിക്ക് ഐ.എ.എസ്. എന്താണെന്നൊന്നും അറിയില്ലായിരുന്നു. താമസിക്കുന്ന സ്ഥലത്തുനിന്ന് ഐ.എ.എസ്. പരിശീലന സ്ഥാപനത്തിലേക്ക് 30 കിലോമീറ്റര്‍ ദൂരമുണ്ട്. അദ്ദേഹത്തിന് എല്ലാ ദിവസവും പോയിവരാന്‍ ഒരു കൂട്ട് വേണം. തുടര്‍ന്ന് ഐ.എ.എസ്. പരിശീലനത്തിന് എന്നെ നിര്‍ബന്ധിച്ച് ചേര്‍ത്തു.

പഠിക്കാന്‍ ആരംഭിച്ചപ്പോള്‍ എനിക്ക് മനസിലായി ഐ.എ.എസ്. എന്നത് കേവലം ജോലിയല്ല, ഒരു സേവനമാണെന്ന്. ആദ്യത്തെ അവസരത്തില്‍ ഞാന്‍ തോറ്റു. അതോടെ ജോലി ചെയ്തുകൊണ്ട് പഠിക്കാന്‍ സാധിക്കില്ലെന്ന് മനസിലായി. ആദ്യത്തെ തോല്‍വിയോടെ ജോലി ഉപേക്ഷിച്ച് പഠിക്കാന്‍ ആരംഭിച്ചു. 15 മണിക്കൂറോളം കഷ്ടപ്പെട്ട് പഠിച്ചു. പക്ഷേ, രണ്ടാമതും മൂന്നാമതും പരീക്ഷയില്‍ പരാജയപ്പെട്ടു. പത്താംക്ലാസിലും ഇന്റര്‍മീഡിയറ്റിലും എഞ്ചിനീയറിങ്ങിലും ഞാനായിരുന്നു സംസ്ഥാനത്ത് ഒന്നാമത്. പക്ഷേ, മൂന്ന് പ്രാവശ്യവും ഐ.എ.എസില്‍ പരാജയപ്പെട്ടു.

മൂന്ന് പരാജയങ്ങള്‍ക്ക് ശേഷം എന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. എന്റെ ആത്മവിശ്വാസം പൂജ്യമായി. എന്തുകൊണ്ട് ഐ.എ.എസ്. കിട്ടുന്നില്ല എന്ന് ആലോചിച്ചു. ഏകദേശം 30 ദിവസത്തോളം ആചോചിച്ചിട്ടും എന്തുകൊണ്ടാണ് തോറ്റു പോയതെന്നതിന് ഉത്തരം ലഭിച്ചില്ല. എന്തുകൊണ്ട് എനിക്ക് ഐ.എ.എസ്. കിട്ടുന്നില്ലെന്ന് സുഹൃത്തുക്കളോടും ചോദിച്ചു. നിങ്ങള്‍ക്ക് കഴിവുണ്ട്, ബുദ്ധിയുണ്ട് എന്നിട്ടും എന്തുകൊണ്ട് കിട്ടുന്നില്ലെന്ന് ഞങ്ങള്‍ക്കും അറിയില്ലെന്നാണ് സുഹൃത്തുക്കള്‍ മറുപടി പറഞ്ഞത്.

പരിശീലനം ഉപേക്ഷിച്ച് ഐടി കമ്പനിയില്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്നതിനേക്കുറിച്ചും ഞാന്‍ ആലോചിച്ചു. ഐടി കമ്പനിയില്‍ ഇന്റര്‍വ്യൂവിന് പോയ എനിക്ക് ജോലി ലഭിച്ചു. ആതോടെ ഐ.എ.എസ്. പരിശീലനം ഉപേക്ഷിച്ച് ഐടി കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ച കാര്യം എല്ലാ സുഹൃത്തുക്കളേയും വിളിച്ച് അറിയിച്ചു. ഇക്കാര്യം കൂട്ടുകാരില്‍ നിന്ന് എന്റെ ചില ശത്രുക്കള്‍ അറിഞ്ഞു. പിറ്റേദിവസം മൂന്ന് ശത്രുക്കള്‍ എന്റെ മുറിയിലെത്തി എന്നെ കണ്ടു. എന്നോട് അഞ്ച് മിനിറ്റ് സംസാരിക്കണമെന്ന് അവര്‍ പറഞ്ഞു. കൃഷ്ണ നീ ശരിയായ തീരുമാനമാണ് എടുത്തത്, നിനക്ക് ഐ.എ.എസ്. ലഭിക്കില്ല. ഐടി കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നത് ശരിയായ തീരുമാനമാണെന്ന് അവര്‍ പറഞ്ഞു.

എന്തുകൊണ്ട് എനിക്ക് ഐ.എ.എസ്. കിട്ടുന്നില്ല എന്ന് അവരോട് തിരിച്ച് ചോദിച്ചു. അവര്‍ ഉടന്‍ തന്നെ മൂന്ന് കാരണങ്ങള്‍ പറഞ്ഞു. ഐ.എ.എസ്. ലഭിക്കാന്‍ എഴുത്ത് പരീക്ഷയില്‍ 2000 മാര്‍ക്ക് എങ്കിലും കിട്ടണം പക്ഷേ, നിന്റെ കയ്യക്ഷരം വളരെ മോശം ആണ്. പോയിന്റു മാത്രം എഴുതിയാല്‍ നല്ല മാര്‍ക്ക് കിട്ടില്ല. പാരഗ്രാഫ് ആയി കഥ പോലെ ഉത്തരം എഴുതണം. അത് എങ്ങനെ എഴുതണം എന്ന് നിനക്ക് അറിയില്ല. നീ സ്‌ട്രെയിറ്റ് ഫോര്‍വേഡായാണ് ഉത്തരം എഴുതിയത്. പകരം, വളരെ ഡിപ്ലോമാറ്റിക്കായും കണ്‍വിന്‍സിങ്ങായും ഉത്തരം എഴുതണം.

അവര്‍ ഈ മൂന്ന് കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തിരിച്ചുപോയി. അപ്പോള്‍ എനിക്ക് ഒരു കാര്യം മനസിലായി. നിങ്ങള്‍ക്ക് നിങ്ങളുടെ നല്ല വശങ്ങളെക്കുറിച്ച് അറിയണമെങ്കില്‍ സുഹൃത്തുക്കളോട് ചോദിക്കണം. ചീത്ത വശങ്ങളേക്കുറിച്ച് അറിയണമെങ്കില്‍ ശത്രുക്കളോട് ചോദിക്കുക. തുടര്‍ന്ന് കൈയക്ഷരം നന്നാക്കാന്‍ ഞാന്‍ പരിശ്രമം ആരംഭിച്ചു. നന്നായി എഴുതാനും ഉത്തരങ്ങള്‍ മനോഹരമാക്കാനും പഠിച്ചു. ഒടുവില്‍ എന്റെ മൂന്ന് പോരായ്മകള്‍ പരിഹരിച്ച് പരീക്ഷ എഴുതി. പ്രിലിമിനറി പാസായി, മെയിന്‍ പാസായി, ഇന്റര്‍വ്യൂ പാസായി. 66-ാം റാങ്ക് കരസ്ഥമാക്കി ഐഎഎസ് നേടി. ''

Content Highlights: Alappuzha District Collector VR Krishna Teja speaks about his life and education

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented